X

ടെറസ്ഡ് ഹൗസ് ടെററിസ്റ്റ് ഹൗസായി; മുസ്ലിം ബാലനെ തേടി പൊലീസ് വീട്ടിലെത്തി

അഴിമുഖം പ്രതിനിധി

എഴുതുമ്പോള്‍ സംഭവിക്കുന്ന അക്ഷരപ്പിശകു പോലും ഒരാളെ തീവ്രവാദിയാക്കുന്ന തരത്തിലേക്ക് യൂറോപ്പിന്റെ ഇസ്ലാമോഫോബിയ വളരുകയാണ്. ലണ്ടനില്‍ പത്തുവയസുകാരനായ മുസ്ലിം വിദ്യാര്‍ത്ഥി തന്റെ വീടിനെക്കുറിച്ച് എഴുതിയപ്പോള്‍ സംഭവിച്ച നിസ്സാരമായൊരു തെറ്റിന് അവനെത്തോടി പൊലീസ് എത്തിയിരിക്കുന്നു.

കഴിഞ്ഞ മാസം ഒമ്പതിനാണ് ലണ്ടനിലെ ലങ്കാഷെയര്‍ പ്രവിശ്യയിലെ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നത്. താമസിക്കുന്ന വിടിനെക്കുറിച്ച് എഴുതാന്‍ ടീച്ചര്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടപ്പോള്‍ ഈ കുട്ടി താന്‍ താമസിക്കുന്ന ടെറസ്ഡ് ഹൗസ് (terraced house) എന്നെഴുതിയപ്പോള്‍ സ്‌പെല്ലിംഗ് തെറ്റി ടെററിസ്റ്റ് ഹൗസ്(terrorist house) എന്നായിപ്പോയി. കേവലം അക്ഷരപ്പിശക് എന്ന നിലയില്‍ ഇതിനെ കാണാതെ ടീച്ചര്‍ ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചു. അവിടെ നിന്നു വളരെ പെട്ടെന്നു തന്നെ പൊലീസിനും അറിയിപ്പു കിട്ടി. പിറ്റേ ദിവസം പൊലീസ് ഈ കുട്ടിയുടെ വീട്ടിലെത്തി അന്വേഷണം നടത്തി. അപ്പോഴാണ് എത്ര ചെറിയൊരു കാര്യമാണ് ഇവിടെവരെ എത്തിയതെന്നു പൊലീസിനു മനസിലാകുന്നത്. അവര്‍ കുട്ടിയോടും അവന്റെ വീട്ടുകാരോടും ക്ഷമ ചോദിക്കുകയും ഇതിന്മേല്‍ തുടര്‍ നടപടികളൊന്നും ഉണ്ടാവില്ലെന്ന ഉറപ്പും കൊടുത്തു.

എന്നാല്‍ നിസാരമായി തള്ളിക്കളയേണ്ട ഒരു സംഗതി ഇത്ര വലിയ ഗൗരവമാക്കിയ സ്‌കൂളിനും പൊലീസിനും എതിരെ നടപടി ആവിശ്യപ്പെടുകയാണ് കുട്ടിയുടെ മാതാപിതാക്കള്‍. തങ്ങള്‍ക്കു സംഭവിച്ച മാനക്കേടിന് മാപ്പ് പറയണമെന്നാണ് അവരുടെ ആവശ്യം.

ഈ സംഭവത്തിനുശേഷം തങ്ങളുടെ മകന്‍ എഴുതാന്‍ തന്നെ ഭയപ്പെടുകയാണെന്നും അക്ഷരങ്ങള്‍ തെറ്റിപ്പോകുമോയെന്ന ആശങ്ക അവനെ ബാധിച്ചിരിക്കുകയാണെന്നും കുട്ടിയുടെ കുടുംബം പറയുന്നു.

അതേസമയം ഗവണ്‍മെന്റ് തന്നെ നല്‍കിയിരിക്കുന്ന നിര്‍ദേശപ്രകാരമാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം പാസാക്കിയ കൗണ്ടര്‍ ടെററിസം ആന്‍ഡ് സെക്യൂരിറ്റി ആക്ട് പ്രകാരം, സ്‌കൂളുകളിലും കോളേജുകളിലും തീവ്രവാദപ്രവര്‍ത്തനത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ പെട്ടുപോകാതെ നിരീക്ഷിക്കേണ്ട ചുമതല അധ്യാപകരും സ്‌കൂള്‍ അധികൃതരും നിര്‍വഹിക്കേണ്ടതുണ്ട്. എത്രനിസ്സാരമെന്നു തോന്നുന്നതാണെങ്കിലും തീവ്രവാദവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഏതൊരു കാര്യവും പൊലീസിനെ അറിയിക്കണം. അതാണു തങ്ങള്‍ ചെയ്തതെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

This post was last modified on December 27, 2016 3:35 pm