X
    Categories: കായികം

വിശ്വനാഥന്‍ ആനന്ദിനെ സമനിലയില്‍ കുരുക്കി മലയാളിയായ 14കാരന്‍

കഴിഞ്ഞ ഓഗസ്റ്റില്‍ നിഹാല്‍ ലോക ചെസ് ഫെഡറേഷന്റെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ 53 ാം ഗ്രാന്‍ഡ് മാസ്റ്ററാണ് നിഹാല്‍.

കൊല്‍ക്കത്തയില്‍ നടന്ന ടാറ്റ സ്റ്റീല്‍ രാജ്യന്തര റാപിഡ് ചെസ് മത്സരത്തില്‍ ലോക ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദിനെ സമനിലയില്‍ കുരുക്കി പതിനാലുകാരനും മലയാളിയുമായ നിഹാല്‍ സരിന്‍. അഞ്ചു തവണ ലോകചാമ്പ്യനായിട്ടുള്ള ആനന്ദിനെ സമനിലയില്‍ കുരുക്കി മത്സരത്തിന്റെ എട്ടാം റൗണ്ടിലാണ് അത്ഭുത പ്രകടനം നടത്തി നിഹാല്‍ കൈയ്യടി നേടിയത്. ഒമ്പതു മത്സരങ്ങളില്‍ ആറെണ്ണത്തില്‍ സമനില നേടിയ 14 കാരന്‍ ഒമ്പതാമതെത്തി. മൂന്നു മത്സരങ്ങളിലാണ് നിഹാല്‍ പരാജയപ്പെട്ടത്.

തൃശൂര്‍ സ്വദേശിയായ നിഹാല്‍ നേടിയ സമനിലകളെല്ലാം മികച്ച താരങ്ങള്‍ക്കെതിരെയായിരുന്നു. വിശ്വനാഥന്‍ ആനന്ദിനെ കൂടാതെ കഴിഞ്ഞ വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ സെര്‍ജി കറിയാക്കിന്‍, നിലവിലെ ലോക മൂന്നാം നമ്പര്‍ താരം മാമദ്യെറോവ്, ലോക 25 ാം റാങ്ക് കാരന്‍ ഹരികൃഷ്ണ, 44 ആം റാങ്ക്കാരന്‍ വിദിത്ത് ഗുജറാത്തി എന്നിവരെയാണ് നിഹാല്‍ സമനിലയില്‍ തളച്ചത്. താന്‍ നേരിട്ട ആദ്യത്തെ സൂപ്പര്‍ ടൂര്‍ണ്‍മെന്റായിരുന്നു ഇതെന്നും ഒമ്പതു മത്സരങ്ങളില്‍ നിന്ന് ആറ്‌ സമനില നേടാനായത് മികച്ച നേട്ടമാണെന്നും മത്സരശേഷം നിഹാല്‍ പ്രതികരിച്ചു.

കഴിഞ്ഞ ഓഗസ്റ്റില്‍ നിഹാല്‍ ലോക ചെസ് ഫെഡറേഷന്റെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ 53 ാം ഗ്രാന്‍ഡ് മാസ്റ്ററാണ് നിഹാല്‍. മൂന്നാമത്തെ മലയാളിയും ലോകത്ത് ഈ പദവിയിലെത്തുന്ന 12 മത്തെ പ്രായം കുറഞ്ഞ ചെസ് താരവും നിഹാലാണ്.