X
    Categories: കായികം

‘ഐസിസി തീരുമാനം നിരവധി പേരെ തൊഴില്‍ രഹിതരാക്കും’; വൈകാരികമായി പ്രതികരിച്ച് സിംബാബ്‌വെ താരങ്ങള്‍

ഐസിസി നിയമമനുസരിച്ച് അതാത് രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കേണ്ടത്

സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡിന്റെ അംഗത്വം ഐസിസി റദ്ദാക്കിയത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.ഐസിസിയുടെ നിയമങ്ങള്‍ ലംഘിച്ചെന്ന കാരണത്താലാണ് ബോര്‍ഡിന്റെ അംഗത്വം  റദ്ദാക്കിയത്. വിലക്ക് വരുന്നതോടെ രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡിനുള്ള ഐസിസിയുടെ എല്ലാ സഹായങ്ങളും നിര്‍ത്തലാവും.

അതേസമയം ഐസിസി നടപടിക്കെതിരെ സിബാംബ്‌വെ താരങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്.  ഐസിസി നടപടിയില്‍ ആശങ്കയറിച്ച് സിംബാബ്‌വെ താരം സിക്കന്ദര്‍ റാസ ട്വിറ്ററില്‍ രംഗത്ത് വന്നു. സിംബാബുവെക്കായി 12 ടെസ്റ്റ് മത്സരങ്ങളും 97 ഏകദിനങ്ങളും 32 ടി20 യും കളിച്ചിട്ടുള്ള താരമാണ് റാസ. സിംബാബുവെ  ബോര്‍ഡിനെ  അയോഗ്യരാക്കിയ ഐസിസി തീരുമാനം നിരവധി പേര്‍ക്ക് തൊഴില്‍ ഇല്ലാതാക്കും.  ഐസിസിയുടെ ഒറ്റ തീരുമാനം നിരവധി കുടുംബങ്ങളെ ബാധിക്കുന്നതാണ്. മാത്രമല്ല നിരവധി താരങ്ങളുടെ ഭാവി ഇല്ലാതാക്കും. ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് യാത്ര പറയേണ്ട സമയമായെന്നും റാസ ട്വിറ്ററില്‍ കുറിച്ചു.

സിംബാബുവെക്കായി 28 ടെസ്റ്റ് മത്സരങ്ങളും 193 ഏകദിനങ്ങളും 34 ടി20 യും കളിച്ച താരമാണ് ബ്രണ്ടന്‍ ടെയ്‌ലര്‍. ഐസിസി നടപടിയില്‍ നിരാശ അറിയിച്ച് ബ്രണ്ടന്‍ ടെയ്‌ലറും രംഗത്ത് വന്നു. സിംബാബുവെ ക്രിക്കറ്റില്‍  സര്‍ക്കാരിന് പങ്കൊന്നുമില്ല. സ്വതന്ത്രമായി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഐസിസി നടപടി നൂറോളം പേരുടെ ജോലിയാണ് ഇല്ലാതാക്കുന്നത്‌. താരങ്ങള്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫ്, ഗ്രൗണ്ട് സ്റ്റാഫ്, എല്ലാവര്‍ക്കും തൊഴില്‍ നഷ്ടപ്പെടും മുന്‍ സിംബാബുവെ ക്യാപ്റ്റന്‍ പ്രതികരിച്ചു.

ഈ ആഴ്ചയിലെ സങ്കടപ്പെടുത്തുന്ന വാര്‍ത്തയെന്നാണ് സിംബാബ്‌വെ താരം സോളമന്‍ മിര്‍ ഐസിസി നടപടിയോട് പ്രതികരിച്ചത്. ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിന് നിര്‍ബന്ധിതനായിരിക്കുകയാണ്. ഈ അവസ്ഥയില്‍ മറ്റൊരു മാര്‍ഗമില്ലാതായിരിക്കുകയാണെന്നും ഇനി പുതിയ മാര്‍ഗങ്ങള്‍ തേടണമെന്നും താരം പ്രതികരിച്ചു.

ഐസിസി നിയമമനുസരിച്ച് അതാത് രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കേണ്ടത്. ക്രിക്കറ്റ് ബോര്‍ഡില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാവരുതെന്നാണ് ഐസിസിയുടെ നിയമം എന്നാല്‍ ഈ നിയമം സിംബാബുവെ ക്രിക്കറ്റ് ബോര്‍ഡ് ലംഘിച്ചതായാണ് ഐസിസിയുടെ കണ്ടെത്തല്‍.

This post was last modified on July 19, 2019 5:11 pm