പാക് നായകന്‍ സര്‍ഫറാസ് അഹമ്മദിനെ നാല് മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത ഐസിസി നടപടിക്കെതിരെ വിമര്‍ശനവുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് രംഗത്ത് വന്നു. ദക്ഷിണാഫ്രിക്കന്‍ താരം ആന്‍ഡിലെ ഫെഖ്‌ലുക്വായോയ്‌ക്കെതിരെ നടത്തിയ വംശീയ അധിക്ഷേപത്തിന്റെ പേരിലായിരുന്നു സര്‍ഫറാസിന് വിലക്കേര്‍പ്പെടുത്തിയത്. തീര്‍ത്തും അനാവശ്യ ശിക്ഷയാണിതെന്നും ഐസിസിയുടേതെന്നും ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എഹ്‌സാന്‍ മാനി അറിയിച്ചു.
ക്രിക്കറ്റ് സൗത്താഫ്രിക്കയുമായി പാക് ക്രിക്കറ്റ് ബോര്‍ഡിന് മികച്ച ബന്ധമാണുള്ളതെന്നും ഇതിലും മികച്ച രീതിയില്‍ വിവാദങ്ങള്‍ അവസാനിപ്പിക്കാമായിരുന്നെന്നും പാക് ക്രിക്കറ്റ് ചീഫ് എഹ്‌സാന്‍ മാനി അഭിപ്രായപ്പെടുന്നു. സര്‍ഫറാസ് അഹമ്മദിന്റെ ഭാഗത്ത് വലിയ തെറ്റാണ് സംഭവിച്ചതെന്നും ഇനി ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ പാക്താരങ്ങള്‍ക്ക് തങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. നേരത്തെ രണ്ടാം ഏകദിന മത്സരത്തില്‍ രണ്ടാമത് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ മുപ്പത്തിയേഴാം ഓവറിലായിരുന്നു വിവാദ സംഭവം അരങ്ങേറിയത്. ഷഹീന്‍ അഫ്രീദിയെറിഞ്ഞ ഓവറിലെ മൂന്നാം പന്ത് ഫെഹ്ലുക്വായോയുടെ ഇന്‍സൈഡ് എഡ്ജില്‍കുരുങ്ങി പിന്നിലേക്ക് പോയി. താരം ആ പന്തില്‍ ഒരു റണ്‍ ഓടിയെടുത്തു. ഇതിന് പിന്നാലെയായിരുന്നു സര്‍ഫറാസ് അഹമ്മദിന്റെ വംശീയാധിക്ഷേപം. താരം ഉറുദുവില്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ സ്റ്റമ്ബ് മൈക്ക് കൃത്യമായി ഒപ്പിയെടുക്കുകയും ചെയ്തു.
സര്‍ഫറാസ് അഹമ്മദ്, നിറത്തിന്റെ പേരില്‍ ദക്ഷിണാഫ്രിക്കന്‍ താരത്തെ വിമര്‍ശിക്കുമ്‌ബോള്‍ മുന്‍ പാക് താരം റമീസ് റാജയായിരുന്നു കമന്ററി ബോക്‌സിലുണ്ടായിരുന്നത്. സഹ കമന്റേറ്ററായിരുന്ന മൈക്ക് ഹെയ്‌സ്മാന്‍, സര്‍ഫറാസ് ഉറുദുവില്‍ പറഞ്ഞ കാര്യങ്ങള്‍ പരിഭാഷപ്പെടുത്താന്‍ റമീസ് റാജയോട് ആവശ്യപ്പെട്ടെങ്കിലും അത് പരിഭാഷപ്പെടുത്തുക ബുദ്ധിമുട്ടാണെന്ന് അദ്ദേഹം ഹെയ്‌സ്മാനോട് പറഞ്ഞതും വിവാദമായിരുന്നു.
This post was last modified on February 2, 2019 7:55 am
Leave a Comment