X
    Categories: കായികം

‘നിങ്ങളായിരുന്നു ഈ കപ്പിന് അര്‍ഹന്‍’; കിവീസ് നായകന് കൈയ്യടിച്ച് ആരാധകര്‍

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നായകനെന്ന റെക്കോഡും ഈ ലോകകപ്പില്‍ കെയ്ന്‍ വില്യംസണ് സ്വന്തമായി

ലോകകപ്പില്‍ കലാശപോരാട്ടത്തിനൊടുവില്‍ ഓയിന്‍ മോര്‍ഗനും കൂട്ടരും കപ്പുയര്‍ത്തിയപ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ മനസ് പറഞ്ഞത് കിവീസ് നായകന്‍ കെയ്ന്‍ വില്യംസണനായിരുന്നു ഇത് അര്‍ഹതപ്പെട്ടതെന്നത് എന്നാകും. കൈയെത്തും ദൂരത്ത് എത്തിപിടിക്കാവുന്ന കപ്പ്
നഷ്ടമായതിന്റെ വേദനയോടെയാകും ടൂര്‍ണമെന്റിലെ താരത്തിനുള്ള പുരസ്‌കാരം അദ്ദേഹം ഏറ്റുവാങ്ങിയത്.

കിവീസ് ബാറ്റിംഗ് നിര താളം തെറ്റിയ മത്സരങ്ങളിലെല്ലാം തന്റെ ടീമിനെ ചുമലില്‍ ഏറ്റി ഫൈനല്‍ വരെ എത്തിച്ചത് കെയ്ന്‍ വില്യംസണെന്ന നായകന്റെ ബുദ്ധിയും പോരാട്ട വീര്യവുമാണ്. കരുത്തരായ ഇന്ത്യയെ സെമി ഫൈനലില്‍ തളച്ചതും വില്യംസണെന്ന നായകന്റെ വിജയം തന്നെ ആയിരുന്നു. ലോകകപ്പില്‍  ന്യൂസിലന്‍ഡിനായി ഒന്‍പത് ഇന്നിംഗ്‌സില്‍ നിന്ന് രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും ഉള്‍പ്പടെ നേടിയത് 578 റണ്‍സ്. ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ നാലാമനെങ്കിലും ബാറ്റിംഗ് മികവിനൊപ്പം നായകന്റെ നേതൃപാടവും കണക്കിലെടുത്താല്‍ താരം 2019 ലോകകപ്പില്‍ ആരാധകരുടെ മനം കവര്‍ന്ന നായകനാണ്. മാര്‍ട്ടിന്‍ ക്രോയ്ക്ക് ശേഷം ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായി തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ കിവീസ് താരംകൂടിയാണ് വില്യംസണ്‍. സാധാരണയായി ലോകകപ്പുകളിലും വിജയം നേടിയ ടീമിലെ താരങ്ങളെയാണ് ടൂര്‍ണമെന്റിന്റെ താരമായി തെരഞ്ഞെടുക്കാറെങ്കിലും ഇത്തവണ വില്യംസണ്‍ തന്നെയാണ് ഇതിനര്‍ഹന്‍ എന്നും സംഘാടകരും തീരുമാനിച്ചു. 456 റണ്‍സുമായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയാണ് ക്രോ താരമായത്. പിന്നീട് 1999ല്‍ ഇപ്പോള്‍ ഷാക്കിബ് നടത്തിയതിന് സമാനമായ ഒരു പ്രകടനം കാഴ്ചവെച്ച് ദക്ഷിണാഫ്രിക്കയുടെ ലാന്‍സ് ക്ലൂസ്‌നര്‍ താരങ്ങളില്‍ താരമായി. 281 റണ്‍സും 17 വിക്കറ്റുമാണ് ലോകം കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളെന്ന് വിശേഷണമുള്ള ക്ലൂസ്‌നര്‍ അന്ന് നേടിയത്. അവസാനമായി 2003ല്‍ ആണ് കിരീടം നേടാത്ത ടീമില്‍ നിന്ന് മികച്ച താരമാകുന്നത്. 2003 ലോകകപ്പിന്റെ കലാശ പോരില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും അസാമാന്യ പ്രകടനം നടത്തിയ ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് അന്ന് ചരിത്ര പുസ്‌കത്തില്‍ ഇടം നേടിയത്. 11 മത്സരങ്ങളില്‍ നിന്ന് 673 റണ്‍സാണ് സച്ചിന്‍ നേടിയത്.

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നായകനെന്ന റെക്കോഡും ഈ ലോകകപ്പില്‍ കെയ്ന്‍ വില്യംസണ് സ്വന്തമായി. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനയുടെ റെക്കോര്‍ഡാണ് വില്യംസണ്‍ മറികടന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഒരു റണ്‍ നേടിയതോടെ താരം നേട്ടം കൈവരിച്ചു. ഒരു ലോകകപ്പില്‍ 548 റണ്‍സ് നേടിയ മഹേല ജയവര്‍ധനെയുടെ റെക്കോഡാണ് പഴങ്കഥയായത്. 2007 ലോകകപ്പില്‍ പത്ത് ഇന്നിംഗ്സുകളില്‍ നിന്നായിരുന്നു ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ജയവര്‍ധനെയുടെ പ്രകടനം. ഒമ്പത് ഇന്നിംഗ്സുകളില്‍ നിന്ന് 578 റണ്‍സാണ് കെയ്ന്‍ വില്യംസണിന്റെ നേട്ടം. മത്സരത്തില്‍ 53 പന്തുകളില്‍ നിന്ന് 30 റണ്‍സെടുത്ത് കെയ്ന്‍ വില്യംസണ്‍ പുറത്തായി.

ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് ജേതാക്കളായെങ്കിലും കിവീസ് നായകന്‍ കെയ്ന്‍ വില്യംസണായിരുന്നു ഇതിന് യോഗ്യന്‍ എന്ന രീതിയിലുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സൂപ്പര്‍ ഓവറും ടൈ ആയ പോരാട്ടത്തില്‍ ബൗണ്ടറികളുടെ കണക്ക് കൂട്ടി കീവിസിനെ തോല്‍പിച്ചതെന്തിനെന്നും ആരാധകര്‍ ചോദിക്കുന്നു.