X
    Categories: കായികം

കോഹ്‌ലിയുടെ സെഞ്ച്വറി ആശ്വാസം; റാഞ്ചിയില്‍ ഇന്ത്യക്ക് തോല്‍വി

കരിയറിലെ നാല്‍പത്തിയൊന്നാം സെഞ്ച്വറി കുറിച്ച വിരാട് കോഹ്‌ലിയുടെ പ്രകടനമാണ് ഇന്ത്യക്ക് ആശ്വസിക്കാനുണ്ടായിരുന്നത്.

ആസ്‌ട്രേലിയ ഉയര്‍ത്തിയ 314 റണ്‍സ് വിജയലക്ഷ്യം മറികടക്കാനാവാതെ റാഞ്ചി ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. 48.2 ഓവറില്‍ 281 റണ്‍സിന് ഇന്ത്യ പുറത്താവുകയായിരുന്നു. മത്സരത്തില്‍ ക്യാപ്റ്റന്‍ കോഹ്‌ലി മികച്ച ഇന്നിംഗ്‌സ് പുറത്തെടുത്തെങ്കിലും ഇന്ത്യക്ക് ജയിക്കാനായില്ല. തുടക്കം മുതലേ ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ എല്ലാം പിഴക്കുകയായിരുന്നു. ആദ്യം ഇന്ത്യക്ക് നഷ്ടമായത് ഒരു റണ്ണെടുത്ത ശിഖര്‍ ദവാനെയായിരുന്നു. പിന്നീട് 14 റണ്ണെടുത്ത് രോഹിത് ശര്‍മ്മയും പവലിയണിലേക്ക് മടങ്ങി. രണ്ട് റണ്ണെടുത്ത് റായിഡുവും മടങ്ങിയതോടെ ഇന്ത്യ വലിയ സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. പിന്നീട് വന്ന ധോണിയും കേദാര്‍ ജാദവും വിജയ് ശങ്കറുമെല്ലാം പ്രതീക്ഷകള്‍ നല്‍കിയെങ്കിലും ഓസീസ് ബൗളിംഗ് നിര എല്ലാവരെയും മടക്കി.

കരിയറിലെ നാല്‍പത്തിയൊന്നാം സെഞ്ച്വറി കുറിച്ച വിരാട് കോഹ്‌ലിയുടെ പ്രകടനമാണ് ഇന്ത്യക്ക് ആശ്വസിക്കാനുണ്ടായിരുന്നത്. 95 പന്തുകളില്‍ നിന്ന് 123 റണ്ണെടുത്താണ് കോഹ്‌ലി പുറത്തായത്. ഓടുവില്‍ വാലറ്റത്തിന്റെ ശ്രമങ്ങളും ഫലം കാണാതെയായപ്പോള്‍ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ തോല്‍വി സമ്മതിക്കുകയായിരുന്നു. ആസ്‌ട്രേലിയക്കായി ആദം സാംപ മൂന്നും പാറ്റ് കുമ്മിന്‍സ് രണ്ടും റിച്ചാര്‍ഡ്‌സണും നാഥന്‍ ലിയോണും ഓരോ വിക്കറ്റ് വീതവും നേടി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.

ടോസ് നേടി ബൌളിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വലിയ രീതിയിലുള്ള പ്രഹരമാണ് ഓസീസ് ഓപ്പണര്‍മാരായ ഉസ്മാന്‍ ഖ്വാജയും ആരോണ്‍ ഫിഞ്ചും നല്‍കിയത്. മികച്ച ബാറ്റിങ് സാഹചര്യങ്ങള്‍ പരമാവധി മുതലെടുത്ത് ബാറ്റ് വീശിയ ഇരുവരും ആദ്യ വിക്കറ്റില്‍ 193 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മൊഹമ്മദ് ഷമി ഒരു വിക്കറ്റും നേടി.

Related Post
Leave a Comment