X
    Categories: കായികം

ഐപിഎല്‍ താരലേലം: അടിസ്ഥാന വില കൂടിയ ഇന്ത്യന്‍ താരം ജയദേവ് ഉനദ്ഘട്ട്

ഒന്നര കോടി രൂപയാണ് ഉനദ്ഘട്ടിന്റെ അടിസ്ഥാന വില.

ഇന്ത്യന്‍ പ്രീമീയര്‍ ലീഗ് (ഐപിഎല്‍) താരലേലം ഈ മാസം 18ന് നടക്കാനിരിക്കെ 226 ഇന്ത്യന്‍ കളിക്കാര്‍ ഉള്‍പ്പെടെ 346 കളിക്കാരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന അടിസ്ഥാനവില ഇടംകൈയന്‍ പേസര്‍ ജയദേവ് ഉനദ്ഘട്ടിനാണ്. ഒന്നര കോടി രൂപയാണ് ഉനദ്ഘട്ടിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണില്‍ 11.5 കോടി രൂപ നല്‍കിയാണ് ഉനദ്ഘട്ടിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ കളിക്കാരില്‍ ആര്‍ക്കും രണ്ട് കോടിക്ക് മേല്‍ അടിസ്ഥാന വിലയില്ല. ഇന്ത്യന്‍ കളിക്കാരില്‍ യുവരാജ് സിംഗ്, മുഹമ്മദ് ഷാമി, അക്‌സര്‍ പട്ടേല്‍, വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്ക് ഒരു കോടി രൂപയാണ് അടിസ്ഥാന വിലയിട്ടിരിക്കുന്നത്.

വിദേശതാരങ്ങളില്‍ ഒമ്പത് കളിക്കാര്‍ക്ക് രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ട്. ലസിത് മലിംഗ, എയ്ഞ്ചലോ മാത്യൂസ്, കോളിന്‍ ഇന്‍ഗ്രാം, ബ്രെണ്ടന്‍ മക്കല്ലം, കോറി ആന്‍ഡേഴ്‌സന്‍, ക്രിസ് വോക്‌സ്, സാം കറന്‍, ഷോണ്‍ മാര്‍ഷ്, ഡാര്‍സി ഷോര്‍ട്ട് എന്നിവരാണ് രണ്ടു കോടി രൂപ അടിസ്ഥാനവിലയുള്ള വിദേശ കളിക്കാര്‍.

താരലേലത്തില്‍ എട്ട് കേരള താരങ്ങളാണുള്ളത്. കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി,വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീന്‍,സന്ദീപ് വാരിയര്‍, എം ഡി നിധീഷ്, അക്ഷയ് ചന്ദ്രന്‍, കേരളത്തിന്റെ മറുനാടന്‍ താരങ്ങളായ ജലജ് സക്‌സേന, അരുണ്‍ കാര്‍ത്തിക് എന്നിവരാണ് ലേലപ്പട്ടികയിലുള്ളത്. നേരത്തേ, രാജസ്ഥാന്‍ റോയല്‍സ് സഞ്ജു സാംസണേയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബേസില്‍ തമ്പിയെയും നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കെ എം ആസിഫിനെയും നിലനിര്‍ത്തിയിരുന്നു.