X

രാത്രിയിൽ തീർത്ഥാടകരെ തടയരുത്, ബാരിക്കേഡുകൾ നീക്കണം; ശബരിമലയിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് ഹൈക്കോടതി

മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.

ശബരിമലയിൽ തിരക്കു നിയന്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നിലനിർത്തി നിയന്ത്രണങ്ങളിലിൽ ഇളവ് വരുത്താൻ കോടതി നിർ‌ദേശം. യുവതീപ്രവേശനം സംബന്ധിച്ചുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സന്നിധാനത്ത് ഉൾപ്പെടെ ഉയർന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് കോടതി നിർദേശം. ഇതിന്റെ ഭാഗമായി വാവരു നടയിലും ലോവര്‍ തിരുമുറ്റത്തും മഹാകാണിക്കയിലും സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകള്‍ നീക്കണമെന്നും, രാത്രി പതിനൊന്നരയ്ക്കു ശേഷം ശരംകുത്തിയില്‍ തീര്‍ഥാടകരെ തടയുന്നത് അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഹൈക്കോടതി നിയോഗിച്ച് മൂന്നംഗ നിരീക്ഷണ സമിതി  സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നിർദേശം. നിയന്ത്രണങ്ങള്‍ നിരീക്ഷക സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിക്കണമെന്നും കോടതി പറയുന്നു.  ബാരിക്കേടുകൾ നീക്കുക, ശരംകുത്തിയില്‍ രാത്രി തീര്‍ഥാടകരെ തടയുന്നതിനുള്ള വിശദീകരണം തൃപ്തികരമല്ല. എന്നീ വിഷയങ്ങളിൽ‌ സാഹചര്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്ന് കോടതി ഡിജിപിക്കു നിര്‍ദേശം നല്‍കി.  നിരീക്ഷക സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പു സര്‍ക്കാരിനു കൈമാറും. എന്നാൽ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ല.

അതിനിടെ,  ശബരിമലയിലെ 144 ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ്. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെ റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാകും ഇക്കാര്യത്തിൽ കളക്ടർ അന്തിമ തീരുമാനമെടുക്കുക.

This post was last modified on December 12, 2018 2:28 pm