X
    Categories: കായികം

സിഡ്നിയിലെ തകര്‍പ്പന്‍ പ്രകടനം :തിരിച്ചു വരവിന്റെ രഹസ്യം പുറത്തു വിട്ട് ക്രുനാല്‍ പാണ്ഡ്യ

ടി-ട്വന്റി സ്പെഷ്യലിസ്റ്റായ ക്രുനാല്‍ പാണ്ഡ്യയുടെ ആസ്ത്രേലിയന്‍ പര്യടനത്തിന്റെ തുടക്കം വളരെ മോശമായിരുന്നു

ടി-ട്വന്റി സ്പെഷ്യലിസ്റ്റായ ക്രുനാല്‍ പാണ്ഡ്യയുടെ ആസ്ത്രേലിയന്‍ പര്യടനത്തിന്റെ തുടക്കം വളരെ മോശമായിരുന്നു. ബ്രിസ്ബണിലെ ആദ്യ മത്സരത്തില്‍ ആറ് സിക്സറുകള്‍ വഴങ്ങി 55 റണ്‍സാണ് നാലോവറില്‍ നിന്നായി താരം വിട്ടുകൊടുത്തത്. എന്നാല്‍ തൊട്ടടുത്ത രണ്ട് മത്സരങ്ങളില്‍  വന്‍ തിരിച്ചു വരവ് നടത്തി താരം. സിഡ്നിയില്‍ നടന്ന അവസാന മത്സരത്തില്‍ നാല് വിക്കറ്റുകള്‍ പിഴുതുകൊണ്ട് ആസ്ട്രേലിയയിലെ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച ടി ട്വന്റി പ്രകടനം പുറത്തെടുക്കാനും പാണ്ഡ്യക്ക് സാധിച്ചു. എന്നാല്‍ തന്നെ മിന്നും പ്രകടനത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം.

‘ബ്രിസ്ബണില്‍ അമ്പതിലേറെ റണ്‍സ് വിട്ടുകൊടുത്തിന് ശേഷം എനിക്ക് ശരിക്ക് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. വളരെ പെട്ടെന്നുതന്നെ എനിക്കതിനെ മറികടക്കേണ്ടതുണ്ടായിരുന്നു. അതിനാല്‍ തന്നെ ഏറെ തയ്യാറെടുപ്പുകളോടെയാണ് അടുത്ത രണ്ട് മത്സരങ്ങളെയും ഞാന്‍ നേരിട്ടത്. കുല്‍ദീപ് നല്‍കിയ പിന്തുണയും ഏറെ പ്രധാനമായിരുന്നു”. സിഡ്നിയില്‍ നടന്ന അവസാന ടി ട്വന്റി മത്സരത്തിന് ശേഷം പാണ്ഡ്യ പറഞ്ഞു.

”കുല്‍ദീപിന്റെ മാസ്മരിക ബൗളിംഗ് പ്രകടനം എനിക്ക് കടുത്ത ആത്മവിശ്വാസമാണ് നല്‍കിയത്. ഓരോ ഇടവേളകളിലും അവനെനിക്ക് പുതിയ തന്ത്രങ്ങള്‍ പറഞ്ഞുതരുമായിരുന്നു. ബൗളിംഗ് ദുഷ്‌കരമായ സാഹചര്യങ്ങളില്‍ പോലും നന്നായി ബൗള്‍ ചെയ്യാനും എതിരാളികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനും കുല്‍ദീപില്‍ നിന്നാണ് ഞാന്‍ പഠിച്ചത്. മെല്‍ബണിലെയും സിഡ്നിയിലെയും എന്റെ ബൗളിംഗ് പ്രകടനത്തിന്റെ മുഴുവന്‍ ക്രെഡിറ്റും കുല്‍ദീപിനുള്ളതാണ്”. പാണ്ഡ്യ പറഞ്ഞു.