X
    Categories: കായികം

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ താരം സായ് പ്രണീത് സെമിയില്‍ പുറത്തായി

നേരത്തെ ഇന്ത്യയുടെ തന്നെ പിവി സിന്ധു ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു.

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം സായ് പ്രണീതിന്റെ കുതിപ്പിന് അവസാനം. സെമി ഫൈനലില്‍ ജാപ്പനീസ് താരം കെന്റോ മൊമൊട്ടയയോടാണ് സായ് പ്രണീത് പരാജയം വഴങ്ങിയത്. സ്‌കോര്‍ 18-21, 12-21. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തിയ സായ് ടോപ് സീഡ് താരത്തിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തെത്തത്.

ആദ്യ സെറ്റില്‍ മൊമൊട്ടയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയ പ്രണീത്  രണ്ടാം സെറ്റില്‍ ഏകപക്ഷീയമായി തോറ്റു. കടുത്ത സമ്മര്‍ദ്ദത്തില്‍ കളിച്ച ഇന്ത്യന്‍ താരം ഒട്ടേറെ അനാവശ്യ പിഴവുകള്‍ വരുത്തി. പ്രണീതിന്റെ പുറത്താകലോടെ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ ജയങ്ങളോടെ ആയിരുന്നു പ്രണീത് സെമിയിലെത്തിയത്.

നേരത്തെ ഇന്ത്യയുടെ തന്നെ പിവി സിന്ധു ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു. ജാപ്പനീസ് താരം അകാനെ യമാഗൂച്ചിയോടാണ് സിന്ധു കീഴടങ്ങിയത്. സ്‌കോര്‍ 18-21, 15-21. കഴിഞ്ഞയാഴ്ച ഇന്തോനേഷ്യന്‍ ഓപ്പണ്‍ ഫൈനലിലും സിന്ധു ഇതേ താരത്തോട് തോല്‍വി വഴങ്ങിയിരുന്നു. ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ സാത്വിക് സായ്രാജ് റെങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യവും ക്വാര്‍ട്ടറില്‍ പുറത്തായി. ജപ്പാന്‍ ജോഡികളായ കുമാറ, സൊനോദ സഖ്യത്തോടാണ് ഇന്ത്യ പരാജയപ്പെട്ടത്. സ്‌കോര്‍ 21-19, 21-18. രണ്ട് സെറ്റിലും ലോക രണ്ടാം നമ്പര്‍ താരങ്ങള്‍ക്കെതിരെ ഉജ്വല പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്.