X

ലോകകപ്പ് ഹോക്കിയിൽ ഇന്ത്യക്കിന്ന്‌ കടുത്ത പരീക്ഷണം: എതിരാളികൾ റിയോ ഒളിമ്പിക‌്സിലെ രണ്ടാംസ്ഥാനക്കാരായ ബൽജിയം

സി പൂൾ ജേതാക്കളെ നിശ‌്ചയിക്കുന്ന ഈ മത്സരത്തിലെ വിജയികൾ നേരിട്ട‌് ക്വാർട്ടർ ഫൈനലിൽ കടക്കും

ഹോക്കി ലോകകപ്പിൽ ഇന്ത്യക്കിന്ന്‌ ബലപരീക്ഷണം. റിയോ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാക്കളും ലോകറാങ്കിൽ മൂന്നാം സ്ഥാനക്കാരുമായ ബൽജിയമാണ് ഇന്ത്യയുടെ എതിരാളികൾ. സി പൂൾ ജേതാക്കളെ നിശ‌്ചയിക്കുന്ന ഈ മത്സരത്തിലെ വിജയികൾ നേരിട്ട‌് ക്വാർട്ടർ ഫൈനലിൽ കടക്കും. രണ്ടാംസ്ഥാനക്കാർക്ക‌് മുന്നോട്ടുപോകാൻ ക്രോസ‌് ഓവർ മത്സരം കളിക്കേണ്ടിവരും.

ടൂർണമെന്റിലെ ഫേവറിറ്റ് ടീമുകളിൽ ഒന്നായ ബൽജിയത്തിനെ വീഴ്ത്താൻ പഴുതടച്ച പ്രകടനത്തിനു കോപ്പു കൂട്ടി കോച്ച് ഹരേന്ദ്ര സിങും താരങ്ങളും ഇന്നിറങ്ങുമ്പോൾ മികച്ച ഒരു മത്സരത്തിന് ഭുവനേശ്വർ സാക്ഷിയാവും. പൂളിലെ ആദ്യ മൽസരത്തിൽ ദക്ഷിണാഫ്രിക്കയെ 5–0 കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ബൽജിയമാകട്ടെ, ലോക റാങ്കിങിൽ പതിനൊന്നാം സ്ഥാനക്കാരായ കാനഡയോട് നിറംകെട്ട വിജയവുമായി (2–1) രക്ഷപ്പെട്ടതിന്റെ അങ്കലാപ്പിലും. പൂളിലെ മറ്റൊരു മൽസരത്തിൽ കാനഡ ദക്ഷിണാഫ്രിക്കയെ നേരിടും.

സ്ഥിരതയില്ലായ‌്മയാണ‌് ഇന്ത്യ നേരിടുന്ന പ്രശ‌്നം. എന്നാൽ ദക്ഷിണാഫ്രിക്കയ‌്ക്കെതിരെ കാണിച്ച വീര്യം പുറത്തെടുക്കാനായാൽ ജയം അകലെയല്ല. പെനൽറ്റി കോർണർ ഗോളാക്കുന്നതിലെ പരിമിതികൾ തുടരുന്നു. എന്നാൽ, പരിശീലകൻ ഹരേന്ദ്ര സിങ‌് ഇക്കാര്യം അവഗണിച്ചു. ഗോളടിക്കുന്നതും ജയിക്കുന്നതുമാണ‌് പ്രധാനമെന്ന‌് അദ്ദേഹം പറഞ്ഞു.

ഇരുടീമും തമ്മിലുള്ള സമീപകാല മത്സരങ്ങളുടെ കണക്കിൽ ബൽജിയം ഏറെ മുന്നിലാണ‌്. 2013നുശേഷം ഏറ്റുമുട്ടിയ 19 കളിയിൽ 13ലും ബൽജിയത്തിനായിരുന്നു ജയം. ഇന്ത്യ അഞ്ചെണ്ണം സ്വന്തമാക്കി. ഒരെണ്ണം സമനില. ഏറ്റവുമൊടുവിൽ ചാമ്പ്യൻസ‌് ട്രോഫിയിൽ ഓരോ ഗോളടിച്ച‌് തുല്യത പാലിച്ചു.

This post was last modified on December 2, 2018 9:54 am