X

ജഡേജയുടേത് തകര്‍പ്പന്‍ ഇന്നിംഗ്‌സ്; വിമര്‍ശകര്‍ക്ക് ബാറ്റിലും ഫീല്‍ഡിലും മറുപടി

സെമിയില്‍ ഇന്ത്യ തോല്‍വി ഉറപ്പിച്ച ഘട്ടത്തിലാണ് പോരാട്ടവീര്യവുമായി ജഡേജ ക്രീസിലേക്കു വരുന്നത്.

ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരായ തോല്‍വിയിലും മികച്ച ഇന്നിങ്സ് കാഴ്ചവെച്ച ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ആരാധകരുടെ കൈയ്യടി നേടുകയാണ്. സെമിയില്‍ നാണക്കേടില്‍ നിന്ന് ടീമിനെ ധോണിക്കൊപ്പം ചേര്‍ന്ന് കരകയറ്റിയത് ജഡേജയുടെ ഇന്നിംഗ്‌സായിരുന്നു. മത്സരത്തില്‍ 18 റണ്‍സിന്റെ പരാജയമാണ് ഇന്ത്യ വഴങ്ങിയത്.

സെമിയില്‍ ഇന്ത്യ തോല്‍വി ഉറപ്പിച്ച ഘട്ടത്തിലാണ് പോരാട്ടവീര്യവുമായി ജഡേജ ക്രീസിലേക്കു വരുന്നത്. ആറു വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. 117 പന്തും നാലു വിക്കറ്റും ശേഷിക്കെ വിജയത്തിലേക്കു വേണ്ടിയിരുന്നത് 148 റണ്‍. നേരിട്ട ആറാം പന്തില്‍ ജിമ്മി നീഷാമിനെ ലോങ് ഓണീലൂടെ ഗാലറിയിലെത്തിച്ചാണ് ജഡേജ കരുത്ത് കാണിച്ചത്. തകര്‍ത്തടിച്ചു മുന്നേറിയ ജഡേജ 39 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി.  എട്ടാം നമ്പരിലെത്തി ലോകകപ്പ് വേദിയില്‍ അര്‍ധസെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരനുമായി ജഡേജ. 59 പന്തില്‍ 77 റണ്‍സെടുത്ത് 48 ആം ഓവറില്‍ ജഡേജ മടങ്ങുമ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഏറെ കുറെ അവസാനിച്ചിരുന്നു. 59 പന്തില്‍ നിന്ന് നാലു വീതം സിക്സും ബൗണ്ടറിയും താരം നേടി.

മത്സരത്തില്‍ ഫീല്‍ഡിലും താരം കരുത്ത് കാണിച്ചു. ന്യൂസിലന്‍ഡിന്റെ രണ്ട് വിക്കറ്റുകള്‍ ഇന്ത്യ കൊയ്തത് ജഡേജയുടെ ഫീല്‍ഡിംഗ് മികവിലാണ്. ഇതിലൊന്ന് തകര്‍പ്പന്‍ റണ്ണൗട്ടും മറ്റൊന്ന് മിന്നും ക്യാച്ചുമായിരുന്നു. 48-ാം ഓവറിലെ അവസാന പന്തില്‍ റോസ് ടെയ്ലറിനെ ബൗണ്ടറിലൈനില്‍ നിന്ന് ഓടിയെത്തിയ ജഡേജ ഡയറക്ട് ത്രോയില്‍ പുറത്താക്കി. 74 റണ്‍സാണ് ടെയ്ലര്‍ നേടിയത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ടോം ലാദം ബൗണ്ടറിയിലേക്ക് പായിച്ച് പന്ത് ഉയര്‍ന്നുചാടി ജഡേജ കൈപിടിയിലാക്കി. മത്സരത്തില്‍ മറ്റ് രണ്ട് ക്യാച്ചുകളും ഒരു വിക്കറ്റും ജഡേജയുടെ വകയുണ്ടായിരുന്നു.

ഈ ലോകകപ്പില്‍ വിമര്‍ശനങ്ങള്‍ നേരിട്ടവരുടെ കൂട്ടത്തില്‍ ജഡേജയും ഉണ്ടായിരുന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കര്‍ ജഡേജ ഒരു ‘തട്ടിക്കൂട്ട്’ കളിക്കാരനാണെന്നാണ് തുറന്നടിച്ചത്. ഏകദിന ടീമില്‍ കളിക്കാനുള്ള യോഗ്യത അദ്ദേഹത്തിനില്ലെന്നായിരുന്നു മഞ്ജരേക്കറുടെ വാദം. ഇതിന് മറുപടിയുമായി ജഡേജയെത്തുകയും ചെയ്തു. നിങ്ങളേക്കാള്‍ ഇരട്ടി മത്സരം ഞാന്‍ കളിച്ചിട്ടുണ്ടെന്നും മറുപടി നല്‍കി. നേട്ടങ്ങള്‍ സ്വന്തമാക്കിയ താരങ്ങളെ അംഗീകരിക്കാന്‍ പഠിക്കൂവെന്നും ജഡേജ മറുപടിയില്‍ പറഞ്ഞിരുന്നു. എജ്ബാസ്റ്റനില്‍ ഇന്ത്യഇംഗ്ലണ്ട് മല്‍സരം നടക്കുമ്പോഴാണ് കമന്ററി ബോക്‌സില്‍ മഞ്ജരേക്കറിന്റെ വിവാദ പരാമര്‍ശം. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ താരത്തെ ചൊല്ലി വലിയ തര്‍ക്കമാണുണ്ടായത്. സെമിയില്‍ ജഡേജയുടെ പ്രകടനം വിലയിരുത്തി സഞ്ജയ് മഞ്ജരേക്കര്‍ ജഡേജ നിങ്ങള്‍ നന്നായി കളിച്ചു എന്ന് പ്രതികരണം നടത്തി.

Related Post
Leave a Comment