X
    Categories: കായികം

ഏഷ്യന്‍ ബോക്‌സിംഗില്‍ സ്വര്‍ണ നേട്ടം കൊയ്ത് ഇന്ത്യയുടെ അമിത് പങ്കലും പൂജാ റാണിയും

കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ ഗെയിംസിലും പങ്കല്‍ സ്വര്‍ണം നേടിയിരുന്നു.

ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് 13 മെഡലുകള്‍. രണ്ടു സ്വര്‍ണവും നാലു വെള്ളിയും ഏഴു വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുളളത്. പുരുഷന്‍മാരുടെ 52 കിലോഗ്രാം വിഭാഗത്തില്‍ അമിത് പങ്കല്‍ ഇന്ത്യയ്ക്കായി ആദ്യ സ്വര്‍ണം നേടിയപ്പോള്‍ വനിതകളുടെ 81 കിലോഗ്രാം വിഭാഗത്തില്‍ പൂജാ റാണിയും  സ്വര്‍ണ നേട്ടത്തിലെത്തി. ഫൈനലില്‍ പരാജയപ്പെട്ട ദീപക് സിങ്, കര്‍വീന്ദര്‍ സിങ് ബിഷ്ട്, ആശിഷ് കുമാര്‍, സിമ്രാന്‍ജീത് കൗര്‍ എന്നിവരാണ് വെള്ളി നേടിയത്. നേരത്തെ, ദക്ഷിണ കൊറിയന്‍ താരം കിം ഇന്‍ക്യൂവിനെ 50നു വീഴ്ത്തിയാണ് അമിത് പങ്കല്‍ സ്വര്‍ണം നേടിയത്. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ ഗെയിംസിലും പങ്കല്‍ സ്വര്‍ണം നേടിയിരുന്നു. വനിതാ വിഭാഗതം 81 കിലോഗ്രാമില്‍ ലോക ചാംപ്യന്‍ വാങ് ലിനയെ വീഴ്ത്തി പൂജാ റാണി ഇന്ത്യയുടെ സ്വര്‍ണ നേട്ടം രണ്ടാക്കി ഉയര്‍ത്തി.

പുരുഷന്‍മാരുടെ തന്നെ 49 കിലോഗ്രാം വിഭാഗത്തില്‍ ദീപക് സിങ്ങും 56 കിലോഗ്രാം വിഭാഗത്തില്‍ കര്‍വീന്ദര്‍ സിങ് ബിഷ്ടും 75 കിലോഗ്രാം വിഭാഗത്തില്‍ ആശിഷ് കുമാറും വനിതകളുടെ 64 കിലോഗ്രാം വിഭാഗത്തില്‍ സിമ്രാന്‍ജീത് കൗറും ഫൈനലില്‍ പുറത്തായതിനെ തുടര്‍ന്ന് വെള്ളി മെഡലിനും അര്‍ഹരായി. ഫൈനലില്‍ പരാജയപ്പെട്ട കര്‍വീന്ദര്‍ സിങ് ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ 56 കിലോഗ്രാം വിഭാഗം ക്വാര്‍ട്ടറില്‍ നിലവിലെ ലോകചാംപ്യന്‍ കസഖ്സ്ഥാന്റെ കൈറാറ്റ് യെറാലിയേവിനെ വീഴ്ത്തി അഭിമാന പോരാട്ടമാണ് നടത്തിയത്. പിന്നീട് സെമിയില്‍ മംഗോളിയയുടെ എന്‍ഖ് അമറാണെയും വീഴ്ത്തി. കര്‍വീന്ദര്‍ ഇതുവരെ ദേശീയതലത്തില്‍ ഒരു മെഡല്‍ പോലും നേടിയിട്ടില്ല.