X

കളിക്കാരെ തിരഞ്ഞെടുക്കുന്നതില്‍ വംശീയവിവേചനം കാട്ടിയെന്ന് സമ്മതിച്ച് പിഎസ്ജി ഫുട്‌ബോള്‍ ക്ലബ്

ഫ്രഞ്ച് ആണോ, വടക്കേ ആഫ്രിക്കാരനാണോ വെസ്റ്റ് ഇന്ത്യനാണോ എന്നെല്ലാം അന്വേഷിച്ചിരുന്നു. കറുത്ത വര്‍ഗക്കാരെ പരമാവധി മാറ്റിനിര്‍ത്തുന്നതിന് വേണ്ടിയായിരുന്നു ഇത് എന്നാണ് പരാതി.

കളിക്കാരുടെ തിരഞ്ഞെടുപ്പില്‍ വംശീയവിവേചനം കാണിച്ചതായി തുറന്നുസമ്മതിച്ച് യൂറോപ്യന്‍ ഫുട്‌ബോള്‍ ക്ലബ് ആയ പിഎസ്ജി (പാരീസ് സെയ്ന്റ് ജര്‍മെയ്ന്‍). യുവതാരങ്ങളോട് വംശീയത സംബന്ധിച്ച് ചോദിച്ചിരുന്നു. ഫ്രഞ്ച് ആണോ, വടക്കേ ആഫ്രിക്കാരനാണോ വെസ്റ്റ് ഇന്ത്യനാണോ എന്നെല്ലാം അന്വേഷിച്ചിരുന്നു. കറുത്ത വര്‍ഗക്കാരെ പരമാവധി മാറ്റിനിര്‍ത്തുന്നതിന് വേണ്ടിയായിരുന്നു ഇത് എന്നാണ് പരാതി. ഇത്തരത്തില്‍ മത, വംശ, വര്‍ണ സംബന്ധമായ വ്യക്തിവിവരങ്ങള്‍ ശേഖരിക്കുന്നത് ഫ്രാന്‍സില്‍ നിയമവിരുദ്ധമാണ്. ഫ്രഞ്ച് മാധ്യമം മീഡിയ പാര്‍ട്ട് ആണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2013 മുതല്‍ പിഎസ്ജി ഇത് തുടരുന്നുണ്ടെന്ന് മീഡിയപാര്‍ട്ട് പറയുന്നു. എന്നാല്‍ മാനേജ്‌മെന്റിന് ഇക്കാര്യം അറിയില്ലായിരുന്നെന്നും രഹസ്യമായാണ് ഇത് ചെയ്തതെന്നുമാണ് പിഎസ്ജി പ്രസ്താവനയില്‍ പറഞ്ഞത്. എല്ലാ തരത്തിലുമുള്ള വംശീയവിവേചനങ്ങള്‍ക്കും തങ്ങള്‍ എതിരാണെന്നും 2013നും 2018നുമിടയ്ക്ക് പ്ലേയര്‍ സ്‌കൗട്ടിംഗിന് ഉത്തരവാദിത്തപ്പെട്ട ട്രെയ്‌നിംഗ് സെന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിയമവിരുദ്ധമായാണ് ഇക്കാര്യം ചെയ്തതെന്ന് മാനേജ്‌മെന്റ് പറയുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് തലവന്റെ തീരുമാനപ്രകാരമാണ് ഇത് നടന്നത്.

2014 മാര്‍ച്ചില്‍ തന്നെ റേഷ്യല്‍ പിഎസ്ജി നടത്തുന്ന റേഷ്യല്‍ പ്രൊഫൈലിംഗിനെ പറ്റി മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നോര്‍മാന്‍ഡിയില്‍ റൂവന്‍ ക്ലബിന് വേണ്ടി കളിച്ചിരുന്ന 13കാരന്‍ യാന്‍ ബോഹോ, പിഎസ്ജി സ്‌കൗട്ടുകളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റില്‍ ജനിച്ച യാന്‍ ബോഹോയെ വെസ്റ്റ് ഇന്ത്യനായാണ് സ്‌കൗട്ട് സെര്‍ജി ഫോര്‍ണിയര്‍ ലിസ്റ്റ് ചെയ്തത്. ആഫ്രിക്കയില്‍ ജനിച്ചവരെ റിക്രൂട്ട് ചെയ്യാന്‍ പിഎസ്ജിക്ക് താല്‍പര്യമില്ലാതിരുന്നതുകൊണ്ടാണ് ഇത്തരത്തില്‍ ചെയ്തതെന്നാണ് ഫോര്‍ണിയര്‍, മീഡിയപാര്‍ട്ടിനോട് പറഞ്ഞത്.

2014ല്‍ പാരീസിന് പുറത്ത് പിഎസ്ജിയുടെ റിക്രൂട്ടിംഗ് ചുമതലയുണ്ടായിരുന്ന മാര്‍ക്ക് വെസ്റ്റര്‍ലോപ്പും പാരീസിലെ റിക്രൂട്ടിംഗ് ചുമതലയുണ്ടായിരുന്ന പിയറെ റെയ്‌നോഡും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പാരീസില്‍ ധാരാളം വെസ്റ്റ് ഇന്‍ഡീസുകാരും ആഫ്രിക്കക്കാരുമുണ്ടെന്നും ഇവര്‍ക്കും അവസരം നല്‍കണമെന്നും ടീമില്‍ ബഹുസ്വരത വേണമെന്നും വെസ്റ്റര്‍ലോപ്പ് വാദിച്ചപ്പോള്‍ വംശം നോക്കിയല്ല, മികവ് നോക്കി മാത്രം റിക്രൂട്ട് ചെയ്യുക എന്നതാണ് വേണ്ടതെന്ന് പിയറെ റെയ്‌നോഡ് പറഞ്ഞു. യുവ താരങ്ങളുടെ റിക്രൂട്ട്‌മെന്റില്‍ കറുത്തവര്‍ഗക്കാരുടേയും പ്രത്യേകിച്ച് ഉത്തരാഫ്രിക്കക്കാരുടേയും എണ്ണം വെട്ടിക്കുറക്കാന്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ നടത്തുന്ന നീക്കങ്ങള്‍ സംബന്ധിച്ച് മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു.