X

ട്വിറ്ററിലൂടെ വിദ്വേഷ പ്രചരണം; ഏഷ്യാനെറ്റ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തല്ലിത്തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടതോടെ രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റ് പിന്‍വലിച്ചിരുന്നു

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചൂരക്കാട് ബിജു കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെതിരെ ട്വിറ്ററിലൂടെ വിദ്വേഷം പ്രചരിപ്പിച്ചെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും രാജ്യസഭ എംപിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. പരാതി പോലീസ് സ്വീകരിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി കെ സനോജ് ആണ് സംസ്ഥാന പോലീസ് മേധാവിക്കും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിക്കും ഇദ്ദേഹത്തിനെതിരെ പരാതി നല്‍കിയത്.

ബിജുവിന്റെ മൃതദേഹം കൊണ്ടുപോകുമ്പോള്‍ പോലീസുകാര്‍ നോക്കി നില്‍ക്കെ സിപിഎം പ്രവര്‍ത്തകര്‍ ആശുപത്രിയും ആംബുലന്‍സും തല്ലിത്തകര്‍ക്കുന്നുവെന്ന് ആരോപിക്കുന്ന വീഡിയോ രാജീവ് ചന്ദ്രശേഖര്‍ റിട്വീറ്റ് ചെയ്‌തെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സവര്‍ക്കര്‍5200 എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഈ ട്വീറ്റ് പ്രചരിച്ചത്. വിദ്വേഷകരമായ ഈ ട്വീറ്റിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്ന് പരാതിയില്‍ പറയുന്നു. ഇത്തരം ഗൂഢലക്ഷ്യങ്ങള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാനും സിപിഎം പ്രവര്‍ത്തകരുമായി ഏറ്റുമുട്ടാന്‍ പ്രേരിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ്. അതിനാല്‍ 153(എ) വകുപ്പ് അനുസരിച്ച് ചന്ദ്രശേഖറിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

എന്‍ഡിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ രാജീവ് ചന്ദ്രശേഖര്‍ അര്‍ണാബ് ഗോസ്വാമി ആരംഭിച്ച റിപ്പബ്ലിക് ചാനലിന്റെയും ഉടമകളില്‍ ഒരാളാണ്. അതേസമയം ബിജുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ ആചരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തല്ലിത്തകര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തു വിട്ടിരുന്നു. ഇത് വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇതോടെ രാജീവ് ചന്ദ്രശേഖര്‍ തന്റെ ട്വീറ്റ് പിന്‍വലിച്ചു.

ഇന്നലെ വിദ്വേഷം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെയും 153(എ) അനുസരിച്ച് കേസെടുത്തിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നുവെന്ന് ആരോപിക്കുന്ന വീഡിയോ ആണ് ഇദ്ദേഹം ട്വിറ്ററിലൂടെ പുറത്തു വിട്ടത്. വീഡിയോ ഇനിയും പിന്‍വലിച്ചിട്ടില്ലെങ്കിലും അതിന്റെ ആധികാരികതയെക്കുറിച്ചുയര്‍ന്ന ചോദ്യങ്ങള്‍ക്ക് കുമ്മനം ഇനിയും മറുപടി പറഞ്ഞിട്ടില്ല. ഈ ആഹ്ലാദ പ്രകടനം എപ്പോള്‍ എവിടെ വച്ച് നടന്നതാണെന്ന് കുമ്മനം വിശദീകരിക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

ഇത്തരം വ്യാജ വീഡിയോകള്‍ അബദ്ധത്തില്‍ സംഭവിക്കുന്നതല്ലെന്നും ആര്‍എസ്എസ് എന്ന സംഘടനയുടെ ചരിത്രം പരിശോധിക്കുന്നവര്‍ക്ക് ഇവരുടെ ലക്ഷ്യം വ്യക്തമാകുമെന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ പ്രവീണ്‍ എസ്ആര്‍പി പറയുന്നു. ഒരു കലാപത്തിലേക്ക് നയിക്കുന്ന വിദ്വേഷം അണികളുടെയിടയില്‍ തിരികൊളുത്താന്‍ ഇത്തരത്തിലുള്ള വ്യാജ വീഡിയോകള്‍ കാരണമാകുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

This post was last modified on May 17, 2017 4:42 pm