X

കാവേരി; തമിഴ്നാട് ബന്ദില്‍ കനിമൊഴിയെയും സ്റ്റാലിനെയും അറസ്റ്റ് ചെയ്തു

അഴിമുഖം പ്രതിനിധി

കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ടു തമിഴ്നാട്ടില്‍ നടക്കുന്ന ബന്ദില്‍ ഡിഎംകെ നേതാക്കളായ എംകെ സ്റ്റാലിനെയും കനിമൊഴിയെയും എംഡിഎംകെ നേതാവ് വൈക്കോയെയും അറസ്റ്റ് ചെയ്തു.

ട്രെയിന്‍ തടയാന്‍ ശ്രമിച്ചതിനാണ് സ്റ്റാലിനെ അറസ്റ്റ് ചെയ്തത്.
കനിമൊഴിയെ അറസ്റ്റ് ചെയ്തത്  റോഡ് തടഞ്ഞതിനാണ്. കാവേരി നദീജല തര്‍ക്കത്തിന് ശാശ്വത പരിഹാരം കാണമെന്നും കര്‍ണാടകയില്‍ തമിഴ്നാട്ടുകാര്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും കനിമൊഴി ആവശ്യപ്പെട്ടു.

കര്‍ഷക സംഘടനകള്‍ നടത്തുന്ന ബന്ദില്‍ പ്രതിപക്ഷ കക്ഷികളുടെ കര്‍ഷക സംഘടനകളും, പെട്രോള്‍ ബങ്ക് ഡീലേഴ്സ് അസോസിയേഷനും, അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ലക്ഷ്വറി ബസുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ബസ് സര്‍വീസ് സംഘടനകളും പങ്കെടുക്കുന്നുണ്ട്.

രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ പ്രഖ്യാപിച്ചിരിക്കുന്ന ബന്ദിന് ഡിഎംകെ, തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി. എംഡിഎംകെ, പിഎംകെ, ടിഎംസി, സിപിഐഎം, സിപിഐ തുടങ്ങിയവര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

ബന്ദില്‍ അക്രമ സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ കര്‍ശന സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. കൂടാതെ സംഘര്‍ഷ സാധ്യതയുള്ള വിവിധ മേഖലകളിലും അതിര്‍ത്തി പ്രദേശങ്ങളിലുമായി പതിനയ്യായ്യിരത്തോളം പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ ചില പ്രദേശങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. തഞ്ചാവൂര്‍, തിരുച്ചിറപ്പള്ളി എന്നിവിടങ്ങള്‍ ബന്ദ് പൂര്‍ണമാണ്. സ്വകാര്യ സ്‌കൂളുകള്‍ക്ക് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. ഇന്നു നടത്തേണ്ട പരീക്ഷകള്‍ നാളേക്ക് മാറ്റി വച്ചിട്ടുണ്ട്.

 

This post was last modified on December 27, 2016 2:28 pm