X

സ്റ്റാര്‍ട്ട് അപ്പുകളും അസഹിഷ്ണുതയും ഒത്തുപോകില്ല: രാഹുല്‍ ഗാന്ധി

അഴിമുഖം പ്രതിനിധി

സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന അതേസമയം തന്നെ കേന്ദ്ര സര്‍ക്കാര്‍ അസഹിഷ്ണുവായിരിക്കുന്നതും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പ്രസ്ഥാനം ഉദ്ഘാടനം ചെയ്യാനിരിക്കവേയാണ് രാഹുല്‍ സര്‍ക്കാരിന് എതിരെ ആക്രമണശരവുമായി എത്തിയത്.

ആര്‍ എസ് എസിന്റെ സങ്കുചിത ചിന്താഗതി രാജ്യത്തെ ക്രിയാത്മകതയേയും സ്റ്റാര്‍ട്ട് അപ്പുകളേയും ബാധിക്കുമെന്നും രാഹുല്‍ പറഞ്ഞു. മുംബയിലെ നര്‍സീ മോന്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ വിദ്യാര്‍ത്ഥികളുമായി സംവദിച്ചപ്പോഴാണ് രാഹുല്‍ ബിജെപിയേയും ആര്‍ എസ് എസിനേയും ആക്രമിച്ചത്.

തങ്ങളുടെ കാഴ്ചപാടിന് അനുസരിച്ച് ലോകം എങ്ങനെ ആകണമെന്ന വ്യക്തമായ ആശയം ഇരു സംഘടനകള്‍ക്കുമുണ്ട്. തുറന്ന ആശയങ്ങളുടെ വഴക്കവും ചലനവും തുറന്ന മനസ്ഥിതിയുമാണ് ഈ രാജ്യത്തിന് ആവശ്യം. എനിക്ക് സ്റ്റാര്‍ട്ട് അപ്പുകള്‍ ആവശ്യമാണ് പക്ഷേ ഞാന്‍ അസഹിഷ്ണുവായിരിക്കും എന്നു പറയുന്നതില്‍ വലിയ വൈരുദ്ധ്യമുണ്ടെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ അസഹിഷ്ണുവായിരുന്നാല്‍ സമ്പദ് വ്യവസ്ഥയിലും സ്റ്റാര്‍ട്ട് അപ്പ് മേഖലയിലും നിങ്ങള്‍ പരാജയപ്പെടും. ആശയങ്ങളുടെ സ്വതന്ത്രമായ ചലനമാണ് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ആവശ്യം. നിങ്ങളൊരു സ്ത്രീയാണെന്നും നിങ്ങളുടെ ഇടം അടുക്കളയിലാണെന്നും ഞാന്‍ പറഞ്ഞാല്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തെ ഞാന്‍ ഹനിക്കുകയാണ്, രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടി എങ്ങനെയാണ് രാജ്യത്ത് സഹിഷ്ണുതയുടെ സംസ്‌കാരം പ്രോത്സാഹിപ്പിച്ചതെന്നും കൊണ്ടുവന്നതെന്നും രാഹുല്‍ ഉദാഹരണ സഹിതം വിശദീകരിച്ചു. ആളുകള്‍ ആശയങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യുകയും അത് അന്തിമമായി സ്വാതന്ത്ര്യ സമര പ്രസ്ഥാനമായി മാറുകയും ചെയ്തുവെന്ന് രാഹുല്‍ ഓര്‍മ്മിപ്പിച്ചു.

കാര്‍ഷിക സമ്പദ് വ്യവസ്ഥയായ ഇന്ത്യയില്‍ ഇന്ന് സര്‍ക്കാര്‍ കര്‍ഷകര്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞു കൊണ്ട് രാഹുല്‍ ബിജെപി സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചു.

ബിജെപി ജനങ്ങളെ വര്‍ഗീകരിക്കുകയാണ്. ഇവിടെ ഹിന്ദുവും മുസ്ലിമും സ്ത്രീകളും ബിജെപിക്കുണ്ട്. എന്നാല്‍ ഞാന്‍ വര്‍ഗീകരിക്കാറില്ല. അവരും ഞങ്ങളും തമ്മിലെ വ്യത്യാസം അതാണ് രാഹുല്‍ പറഞ്ഞു.

This post was last modified on December 27, 2016 3:36 pm