X

സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണ നിങ്ങള്‍ ഒരാളെ മിസ് ചെയ്യുന്നുണ്ട്

പ്രണവ് വി പി

വേദിയിലും സദസ്സിലുമൊന്നുമല്ല, പക്ഷേ വളരെ വേണ്ടപ്പെട്ടൊാരാളെ ഇത്തവണ സ്‌കൂള്‍ യുവജനോത്സവത്തില്‍ എല്ലാവരും മിസ് ചെയ്യുന്നുണ്ട്. ആള്‍ മനപൂര്‍വം ഒഴിവായതൊന്നുമല്ല, സംഘാടകര്‍ ക്ഷണിക്കാത്തതുകൊണ്ട് പങ്കെടുക്കാത്തതാണ്. ആരാണെന്നല്ലേ?  മാറ്റാരുമല്ല,

സാക്ഷാല്‍ മുരിങ്ങക്ക!

ആര്‍ഭാടത്തിന് ഒട്ടും കുറവു വരാത്ത ഘോഷയാത്ര സംഘടിപ്പിക്കാന്‍ തയ്യാറായ സര്‍ക്കാര്‍ പഴയിടത്തിന്റെ പാചകപ്പുരയില്‍ നിന്നും മുരിങ്ങക്കായെ ഒഴിവാക്കിയതിന് കാരണം,

വിലക്കൂടുതലാണത്രേ!!!

വിലക്കയറ്റം കേരളത്തെ ബാധിച്ചിട്ടില്ലായെന്നു നാഴികയ്ക്ക് നാല്‍പ്പതുവട്ടം വിശദീകരിക്കുന്ന സര്‍ക്കാര്‍ തന്നെയാണ് പാവം മുരിങ്ങക്കായോട്‌  കരുണ കാണിക്കാതിരുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ കലാ മാമാങ്കമാണ്, നടത്തുന്നത് സര്‍ക്കാണ് എന്നിട്ടും ഒരു മുരിങ്ങക്കയ്ക്കുപോലും ഫീല്‍ഡ് വിടേണ്ടിവന്നെങ്കില്‍ കേരളത്തിലെ സാധാരണക്കാരന്‍ അടുക്കളയില്‍ നിന്ന് ആരെയൊക്കെ ഒഴിവാക്കുന്നുണ്ടെന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മനസിലാക്കുമോ ആവോ!

ഇത്തവണയും കലോത്സവത്തിന് പാചകക്കാരുമാത്രമെ കേരളത്തില്‍ നിന്നുള്ളൂ, പച്ചക്കറികളൊക്കെ പതിവുപോലെ അന്യസംസ്ഥാനക്കാരാണ്. പക്ഷേ ഇത്തവണ എല്ലാവര്‍ക്കും വില മുമ്പത്തെക്കാള്‍ കൂടുതലാണ്. പ്രത്യേകിച്ച് മുരങ്ങിക്കായുടെ കാര്യത്തില്‍. വില കുത്തനെ കൂടിയെന്നാണ് സംഘാടകര്‍ പറയുന്നത്. അതുകൊണ്ടാണ് പാചകവേദിയിലേക്ക് ഇത്തവണ മുരിങ്ങക്കയെ കൊണ്ടുവരേണ്ടതിലെന്നു തീരുമാനിക്കാന്‍ കാരണം. സംഘാടകരുടെ തീരുമാനം മനസില്ലാ മനസോടെ പഴയിടം മോഹനന്‍ നമ്പൂതിരിയും സമ്മതിച്ചു. എവിടെ നിന്നെങ്കിലും കുറഞ്ഞവിലയ്ക്ക് മുരിങ്ങക്ക കിട്ടുമോയെന്ന് അന്വേഷിക്കാമെന്ന് സംഘാടകര്‍ ഏറ്റിട്ടുണ്ടെങ്കിലും അനുകൂലമായി ഒന്നും നടക്കുമെന്നു തോന്നുന്നില്ല. ഇത്തവണ കലോത്സവ സദ്യ ഉണ്ണാന്‍ വരുന്നവര്‍ക്ക് മുരിങ്ങക്കോലില്ലാത്ത സാമ്പാറും അവിയലും കൂട്ടേണ്ടി വരുമെന്നു ചുരുക്കം.

വിലക്കയറ്റത്തിന്റെ കാര്യം ചൂണ്ടിക്കാട്ടി അവശ്യസാധാനങ്ങള്‍ ഓരോന്നായി വെട്ടികുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അടുത്തവര്‍ഷം സദ്യ തന്നെ വേണ്ടെന്നു വയ്ക്കുമോ?

( മാധ്യമ വിദ്യാര്‍ത്ഥിയാണ് പ്രണവ്)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on December 27, 2016 3:35 pm