X

സ്റ്റീഫന്‍ ഹോക്കിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അഴിമുഖം പ്രതിനിധി

ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ രോഗം ഗുരുതരമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റോമിലെ സ്വകാര്യ ആശുപത്രിയിലാണ് ഹോക്കിംഗിനെ പരിശോധനയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. നവംബറില്‍ വത്തിക്കാനില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഹോക്കിംഗ് ശാരീരിക അവശതകളെ തുടര്‍ന്ന് റോമില്‍ തുടരുകയായിരുന്നു.

ശരീരത്തെ മുഴുവന്‍ തളര്‍ത്തുന്ന മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് (എംഎന്‍ഡി) ബാധിച്ച ഹോക്കിംഗ് യന്ത്രസഹായത്തിലാണ് പുറം ലോകവുമായി ആശയ വിനിമയം നടത്തുന്നത്.കേംബ്രിഡ്ജില്‍ ഗവേഷണ ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് കൈകാലുകള്‍ തളര്‍ന്നുപോകാന്‍ രോഗം അദ്ദേഹത്തെ ബാധിച്ചത്.

1942-ല്‍ ജനുവരി 8-ന് ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡില്‍ ജനിച്ച ഹോക്കിംഗ് 17ാം വയസ്സിലാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ഭൗതിക ശാസ്ത്രത്തില്‍ ബിരുദം നേടിയത്. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് ആഴത്തില്‍ ഗവേഷണം നടത്തിയതാണ് ഹോക്കിംഗിനെ പ്രശസ്തനാക്കിയത്.

എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പ്രശസ്തമായ ശാസ്ത്രഗ്രന്ഥം രചിച്ച ഹോക്കിംഗ് ഇപ്പോള്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്രത്തിലെ ലുക്കാഷ്യന്‍ പ്രഫസര്‍ സ്ഥാനം വഹിക്കുന്നു.

This post was last modified on December 27, 2016 2:14 pm