X

പാതാളം ബണ്ട്: വെള്ളത്തില്‍ മുങ്ങിക്കിടന്ന് പരിസ്ഥിതി പ്രവര്‍ത്തകരുടെ സമരം

ഉപ്പുവെള്ളം കയറിയെന്നത് പച്ചക്കള്ളം; ഫാക്ടറികള്‍ക്ക് വേണ്ടി കൊച്ചി കായലിലേക്കും പെരിയാറിലേക്കും മാലിന്യം ഒഴുക്കാന്‍ ശ്രമം

പാതാളം ബണ്ടില്‍ ഉപ്പുകയറിയെന്നത് യാഥാര്‍ത്ഥ്യമല്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധനാഫലം. കഴിഞ്ഞ ദിവസത്തെ പരിശോധനാ ഫലം അനുസരിച്ച് ക്ലോറൈഡ് 120 മുതല്‍ 130 മി.ഗ്രാമാണ്. 600 മില്ലിഗ്രാം വരെ ഇവിടെ അനുവദനീയമാണെന്നിരിക്കെയാണ് ജില്ലാ ഭരണകൂടം ഉപ്പ് കലര്‍ന്നെന്ന വാദമുയര്‍ത്തി ബണ്ടിന്റെ ഷട്ടര്‍ തുറക്കാനുള്ള നീക്കം നടത്തുന്നത്.

ഇതിനിടെ ബണ്ടിന്റെ ഷട്ടറുകള്‍ തുറക്കാനുള്ള ജില്ലാഭരണകൂടത്തിന്റെ തീരുമാനത്തിനെതിരായ പ്രതിഷേധം ശക്തമായി. ബണ്ടിന് മുകളില്‍ ഉപ്പ് കയറിയെന്ന വാര്‍ത്ത പ്രചരിപ്പിച്ച് ഇവിടെ പ്രവര്‍ത്തിക്കുന്ന ചില ഫാക്ടറികള്‍ക്ക് വേണ്ടി കൊച്ചി കായലിലേക്കും പെരിയാറിലേക്കും മാലിന്യം ഒഴുക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് ആരോപിച്ചാണ് സമരം. ഷട്ടര്‍ തുറന്നാല്‍ തങ്ങളും ഒഴുകി പോകുമെന്ന് വ്യക്തമാക്കി ഷട്ടറിന് മുന്നില്‍ വെള്ളത്തില്‍ കിടന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള സമരം.

ഇന്നലെ മുതലാണ് വെള്ളത്തില്‍ കിടന്നുള്ള സമരം ആരംഭിച്ചത്. കനത്ത പോലീസ് സന്നാഹത്തോടെ ജില്ലാ ഭരണകൂടം ഷട്ടര്‍ തുറക്കാന്‍ എത്തിയതോടെയാണ് സമരം ആരംഭിച്ചത്. പുഴയില്‍ സ്ഥിരം ബണ്ട് പാലം പണിതത് ഉപ്പുവെള്ളം കയറുന്നത് തടയാനാണ്. എന്നിട്ടും ബണ്ടിന് മുകളില്‍ എങ്ങനെ ഉപ്പുവെള്ളം കയറിയെന്ന് അറിയാതെ ഷട്ടര്‍ തുറക്കാന്‍ അനുവദിക്കില്ലെന്നാണ് സമരക്കാര്‍ പറയുന്നത്.

എന്നാല്‍ ബണ്ടിന് മുകളില്‍ ഉപ്പു കയറിയിരിക്കുന്നതിനാല്‍ ബിപിസിഎല്ലിന് പ്ലാന്റിലേക്ക് പെരിയാറിലെ ഇടമുള കൈവഴിയില്‍ നിന്നും വെള്ളമെടുക്കാന്‍ കഴിയുന്നില്ലെന്നും അതുകൊണ്ട് കെട്ടിനില്‍ക്കുവന്ന വെള്ളം ബണ്ടിന്റെ ഷട്ടര്‍ തുറന്ന് ഒഴുക്കണമെന്നുമാണ് ജില്ലാ ഭരണകൂടം പറയുന്നത്.

അതേസമയം ഷട്ടറിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന റിഫൈനറി, ഫാക്ട് ഉള്‍പ്പെടെയുള്ള കമ്പനികളിലെ രാസമാലിന്യം അടിഞ്ഞു കൂടി ആഴ്ചകളായി പെരിയാറിലെ ജലം കറുത്ത നിറത്തിലാണ്. രാസമാലിന്യമൊഴുക്കുന്ന കമ്പനികളെ രക്ഷിക്കാന്‍ വേണ്ടിയാണ് ബണ്ട് തുറന്നു വിടുന്നതെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

കമ്പനിയാണോ ജനങ്ങളാണോ പ്രധാനം? പാതാളം ബണ്ടിന്റെ ഷട്ടര്‍ തുറക്കുന്നതിനെതിരേ പ്രതിഷേധം ശക്തം

ബണ്ടിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലായി മുപ്പത്തടം കുടിവെള്ള പദ്ധതിയടക്കം നിരവധി കുടിവെള്ള പദ്ധതികള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഷട്ടര്‍ തുറന്നാല്‍ രാസമാലിന്യങ്ങള്‍ കലര്‍ന്ന വെള്ളം ഇവിടേക്ക് ഒഴികുകയും കുടിവെള്ള പദ്ധതികളില്‍ ഉപ്പ് കലരുകയും ചെയ്യും. എറണാകുളം ജില്ലയിലെ അമ്പത് ലക്ഷത്തോളം വരുന്ന ജനങ്ങളുടെ കുടിവെള്ള സ്രോതസ് ആണ് ഇതോടെ ഇല്ലാതാകുന്നത്. ഈ വസ്തുതകളെല്ലാം മറച്ചുവച്ചാണ് ഏതാനും കമ്പനികള്‍ക്ക് വേണ്ടി ഇത്തരമൊരു നടപടിക്ക് ജില്ലാ ഭരണകൂടം തയ്യാറാകുന്നത്.

This post was last modified on January 22, 2017 4:50 pm