X

രാമക്ഷേത്ര സെമിനാര്‍: എതിര്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ അസഹിഷ്ണുക്കളെന്ന്‌ സുബ്രഹ്മണ്യന്‍ സ്വാമി

അഴിമുഖം പ്രതിനിധി

അയോധ്യയിലെ രാമക്ഷേത്രത്തെ കുറിച്ച് ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നടത്തുന്ന സെമിനാര്‍ ആരംഭിച്ചു. ശക്തമായ പ്രതിഷേധങ്ങള്‍ക്കും കനത്ത സുരക്ഷയ്ക്കും ഇടയിലാണ് സെമിനാര്‍ നടക്കുന്നത്. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളായ ആള്‍ ഇന്ത്യാ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ), ക്രാന്തികാരി യുവ സംഗതന്‍ (കെവൈഎസ്) എന്നിവയും നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യയും സെമിനാര്‍ ഹാളിന് പുറത്ത് പ്രതിഷേധവുമായി എത്തി.

ഇവരെ ബിജെപി അനുകൂല വിദ്യാര്‍ത്ഥി സംഘടന ജയ് സിയാ റാം, ഭാരത് മാതാ കി ജയ് തുടങ്ങിയ മുദ്രാവാക്യങ്ങളുമായി നേരിട്ടു. വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന അശോക് സിംഗാല്‍ സ്ഥാപിച്ച സംഘടനയായ അരുന്ധതി വസിഷ്ഠ് അനുസനന്ദന്‍ പീഠ് ആണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

സെമിനാറിനെ എതിര്‍ക്കുന്ന വിദ്യാര്‍ത്ഥികളെ അസഹിഷ്ണുക്കള്‍ എന്ന് ഉദ്ഘാടകനായ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി അധിക്ഷേപിച്ചു. രാമക്ഷേത്ര നിര്‍മ്മാണത്തെ രാഷ്ട്രീയ യുദ്ധമാക്കി മാറ്റരുതെന്ന് കഴിഞ്ഞ ദിവസം സ്വാമി അഭിപ്രായപ്പെട്ടിരുന്നു.

ദല്‍ഹി സര്‍വകാലാശാലയില്‍ ഇത്തരമൊരു പരിപാടി നടത്തിയത് കലാലയങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമമാണെന്ന് എതിര്‍ക്കുന്ന വിദ്യാര്‍ത്ഥികളും അധ്യാപകരും ആരോപിച്ചു. സെമിനാര്‍ നാളെ അവസാനിക്കും.

This post was last modified on December 27, 2016 3:31 pm