X

വിദ്യാര്‍ഥികളുടെ പ്രതിഷേധം ലാത്തികൊണ്ട് അടക്കാനാവില്ല ; കനയ്യ

അഴിമുഖം പ്രതിനിധി

വിദ്യാര്‍ഥികളുടെ പ്രതിഷേധം ലാത്തികൊണ്ട് അടിച്ചമര്‍ത്താന്‍ ആവില്ലയെന്നു കനയ്യ കുമാര്‍. പ്രതിഷേധം രോഹിത് വെമുലയ്ക്ക് നീതി ലഭിക്കുന്നത് വരെ തുടരും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് കാമ്പസ് ഗേറ്റിനു വെളിയില്‍ വച്ചു നടന്ന പ്രതിഷേധത്തിലാണ് കനയ്യ നിലപാടു വ്യക്തമാക്കിയത്. ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ ത്യാഗങ്ങള്‍ക്ക് പ്രസക്തിയുണ്ടാവണമെങ്കില്‍ രോഹിത് വെമുലയ്ക്ക് നീതി ലഭിക്കണം, ഭഗത് സിംഗിന്റെ മാതാവിന്റെ സ്ഥാനമാണ് ഇപ്പോള്‍ രോഹിത് വെമുലയുടെ അമ്മയുടേതെന്നും കനയ്യ പറഞ്ഞു. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിച്ചു നിര്‍ത്തുന്നതിനും ജനാധിപത്യ വിരുദ്ധ ശക്തികള്‍ക്കെതിരായും ഉള്ള പോരാട്ടമാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഷേധിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെടുകയാണ്. ജെ.എന്‍.യുവില്‍ നിന്നും ഹൈദരാബാദിലെത്തിയത് രോഹിതിന് വേണ്ടി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ കാണാനാണ്. ഈ രാജ്യത്ത് സാമൂഹിക നീതി ഉറപ്പു വരുത്തുകയെന്ന രോഹിതിന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നത് വരെ, ‘രോഹിത് ആക്ട്’ നടപ്പാക്കുന്നത് വരെ പോരാട്ടം തുടരും എന്നും അദ്ദേഹം തുടര്‍ന്നു.

പുറത്തു നിന്നുള്ളവര്‍ക്ക് സര്‍വ്വകലാശാലയില്‍ പ്രവേശനം നിഷേധിച്ചു കൊണ്ട് വി സിയും മറ്റ് അധികൃതരും ഉത്തരവിറക്കിയിരുന്നു കൂടാതെ പോലീസ് സംരക്ഷണവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍  പത്തു വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസിനകത്തേക്ക് പ്രവേശനം നല്‍കുമെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും കനയ്യ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ ഗേറ്റിനടുത്തെത്തിയപ്പോള്‍ പുറത്തു നിന്നുള്ളവരെ കയറ്റാനാവില്ലെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്.

രോഹിത് വെമുലയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജോയന്റ് ആക്ഷന്‍ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. അധികൃതര്‍ പ്രവേശനം നിഷേധിച്ചതോടെ സര്‍വകലാശാല ഗേറ്റിന് പുറത്തുവച്ച് കനയ്യ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു. വെമുലയുടെ മാതാവ് രാധികവെമുലയും സിപിഐ നേതാക്കളും കനയ്യയോടൊപ്പം സ്ഥലത്തെത്തിയിരുന്നു. 

ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കാനും ജനാധിപത്യത്തിന് എതിരെ നില്‍ക്കുന്നവര്‍ക്കും എതിരായ പോരാട്ടമാണിത്. രോഹിതിന്റെ കേസില്‍ നീതി നടപ്പിലാക്കും വരെ നമ്മള്‍ പോരാടും. ഈ രാജ്യത്ത് സാമൂഹിക നീതി നടപ്പിലാകുന്നുവെന്ന് നമ്മള്‍ ഉറപ്പുവരുത്തണമെന്നും കനയ്യ ഹൈദരാബാദ് സര്‍വകലാശാലയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ സര്‍വകലാശാലയുടെ ഗേറ്റില്‍ അഭിസംബോധന ചെയ്തു പറഞ്ഞു.

കാമ്പസിനകത്തേക്ക് പത്തു പേര്‍ക്ക് കയറാന്‍ പൊലീസ് കനയ്യക്ക് അനുമതി നല്‍കിയിരുന്നുവെങ്കിലും അദ്ദേഹം ഗേറ്റിലെത്തിയപ്പോള്‍ സര്‍വകലാശാല അധികൃതര്‍ അനുമതി നിഷേധിച്ച കാര്യം അറിയിച്ചു. തന്നെ സംസാരിക്കുന്നതില്‍ നിന്നും തടയാന്‍ സര്‍കലാശാല അധികൃതരും പൊലീസും കൈകോര്‍ത്തിരിക്കുകയാണെന്ന് കനയ്യ ആരോപിച്ചു.

എബിവിപി പ്രവര്‍ത്തകര്‍ ഗോ ബാക്ക് വിളികളോടെയാണ് കനയ്യയെ എതിരേറ്റത്.

This post was last modified on March 24, 2016 10:57 am