X

പാത്രിയര്‍ക്കീസ് ബാവക്ക് നേരെ ചാവേറാക്രമണം ; മൂന്നു പേര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി 

സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാതലവന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവയ്ക്ക് നേരെ ചാവേര്‍ ആക്രമണം. അദ്ദേഹത്തിന്റെ ജന്‍മനാടായ സിറിയയിലെ ഖാമിഷ്‌ലി ജില്ലയിലെ ഖാതിയില്‍ സെയ്‌ഫോ കൂട്ടക്കൊലയില്‍ മരിച്ചവരുടെ സ്മാരകങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ചാവേറും ബാവയുടെ അംഗരക്ഷകനും മറ്റൊരാളും അടക്കം മൂന്നു പേര്‍ കൊല്ലപ്പെടുകയും എട്ടു പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. ബാവ നിന്ന സ്ഥലത്ത് നിന്നും നൂറ് മീറ്റര്‍ അകലെയായിട്ടാണ് സ്‌ഫോടനം നടന്നതെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി പറഞ്ഞു. ബാവയുടെ സുരക്ഷക്കായുള്ള സുതുറോ എന്ന പ്രത്യേക സംരക്ഷണ സേന യാണ് ബാവയെ ആക്രമണത്തില്‍ നിന്നും രക്ഷിച്ചത്‌. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ച് ബാവയുടെ അടുത്തേക്ക് നടന്നു വന്ന ചാവേറിനെ സേന തടുക്കുകയായിരുന്നു.

കേരളത്തിലെ യാക്കോബായ സഭ ഉള്‍പ്പെടെയുള്ള സുറിയാനി സഭകളുടെ പരമാധ്യക്ഷനാണ് പാത്രിയാര്‍ക്കീസ് ബാവ. സിറിയയില്‍ തുര്‍ക്കിയോടു ചേര്‍ന്നുള്ള പ്രദേശമായ ഖാമിഷ്‌ലിയില്‍ മുന്‍പും സമാനമായ ആക്രമണം ഉണ്ടായിട്ടുണ്ട്.

ബാവക്ക് നേരെയുണ്ടായ ചാവേറാക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. ബാവക്ക് പരിക്കില്ല എന്നറിയുന്നത് ആശ്വാസകരമാണ്. എന്നാല്‍ അത്യന്തം ദുഃഖകരമാണ് സിറിയയിലെ അനിഷ്ട സംഭവമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു

 

This post was last modified on December 27, 2016 4:17 pm