X

തിരൂര്‍ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജുവലറിക്ക് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു

അഴിമുഖം പ്രതിനിധി

തിരൂര്‍ ബോബി ചെമ്മണ്ണൂര്‍ ജുവലറിക്ക് മുന്നില്‍ ഇന്നലെ ഉച്ചയ്ക്ക് ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു. നിറമരുതൂര്‍ കാളാട് പാട്ടശേരി വീട്ടില്‍ ഇസ്മയിലാണ് (50) മരണത്തിന് കീഴടങ്ങിയത്. താഴെപ്പാലത്തെ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷനല്‍ ജ്വല്‌ളേഴ്‌സില്‍ ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. പൊള്ളലേറ്റയുടന്‍ ഇസ്മയിലിനെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

മകളുടെ വിവാഹത്തിനായി ബോബി ചെമ്മണ്ണൂര്‍ ജൂവലറിയില്‍ നിന്നും ഇസ്മയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിയിരുന്നു. മുഴുവന്‍ പണം നല്‍കിയില്ലെങ്കിലും ചെറിയ സാവകാശത്തില്‍ പണം നല്‍കിയാല്‍ മതിയെന്ന ജൂവലറിക്കാരുടെ വാഗ്ദാനത്തെത്തുടര്‍ന്നാണ് ഇസ്മയില്‍ സ്വര്‍ണം വാങ്ങിയത്. എന്നാല്‍, സാവകാശത്തിന്റെ പേരില്‍ സ്വര്‍ണ്ണത്തിന് വന്‍തുകയാണ് ഇവര്‍ ഈടാക്കിയത്. ഇത് അടയ്ക്കാന്‍ നിര്‍വാഹമില്ലാത്ത ഇസ്മയിലിനെ കഴിഞ്ഞ ദിവസം ജൂവലറിയില്‍ നിന്നും ആളുകള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി അറിയുന്നു. തുടര്‍ന്നാണ് അദ്ദേഹം തിരൂരിലെ ജൂവലറിയില്‍ എത്തിയത്. സ്വര്‍ണം നല്‍കുന്നതിന് പകരമായി ഇസ്മായിലിന്റെ പക്കല്‍ നിന്നും ബ്ലാങ്ക് ചെക്കും മുദ്രപ്പത്രവും ജൂവലറിക്കാര്‍ വാങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കടം നല്‍കിയ സ്വര്‍ണ്ണത്തിന് പണിക്കൂലിയെന്ന പേരില്‍ അമിതമായ തുകയും ഈടാക്കിയിരുന്നതായും ആരോപണമുണ്ട്.

എന്നാല്‍ കുടിശിക ലഭിക്കാന്‍ നിരവധി തവണ ഇസ്മയിലിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്‌ളെന്നും ആളെ വിട്ടോ ഫോണിലൂടെയോ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പകോപനമില്ലാതെയായിരുന്നു ആത്മഹത്യാശ്രമമെന്നും ഷോറൂം മാനേജര്‍ കെ.എം ആനന്ദ് പറയുന്നു. ആത്മഹത്യാശ്രമം നടത്തി നാശനഷ്ടം വരുത്തിയിതിന് ഇസ്മായിലിനെതിരെ തിരൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

 

 

This post was last modified on December 27, 2016 3:09 pm