X

3ഡി- ഓണ്‍ ദി റോക്ക്സ്

അഴിമുഖം പ്രതിനിധി

ഇപ്പോള്‍ മദ്യപിക്കാന്‍ കൂടുതല്‍ മെച്ചപ്പെട്ടതും മനോഹരവുമായ സാഹചര്യം ഒരുങ്ങുന്നു. പ്രകൃതിരമണീയമായ ഒരു പശ്ചാത്തലത്തില്‍ ഇരുന്ന് മദ്യപിക്കുന്നതിനെ കുറിച്ചല്ല ഞങ്ങള്‍ പറയുന്നത്. മറിച്ച് ജപ്പാന്‍കാരനായ ഒരു വിസ്‌കി നിര്‍മ്മാതാവ് ഐസ് കട്ടകളുടെ കാര്യത്തില്‍ സൃഷ്ടിച്ചിരിക്കുന്ന പുതിയ ട്രെന്‍ഡിനെ കുറിച്ചാണ്.

ടോക്യോ ആസ്ഥാനമായുള്ള ടിബിഡബ്ല്യയുഎ/ഹാകുഹോഡോ എന്ന പരസ്യകമ്പനി നിങ്ങള്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ചും ഏറ്റവും മനോഹരമായ ഐസ് കട്ടകള്‍ നിര്‍മ്മിച്ചിരിക്കുന്നു. ഐസ് കട്ടകള്‍ എന്നല്ല ഐസ് പ്രതിമകള്‍ എന്നാണ് അവയെ വിളിക്കേണ്ടത്. ഒരു ജപ്പാന്‍ നിര്‍മിതി വിസ്‌കിയുടെ പരസ്യപ്രചാരണത്തിന്റെ ഭാഗമാണ് ഇത്. ഏതാനും നാളുകള്‍ക്ക് മുമ്പ് തായ്‌ലന്റില്‍ നടന്ന ഈ വര്‍ഷത്തെ ഏഷ്യ പസ്ഫിക് പരസ്യോത്സവത്തില്‍ (ആഡ്‌ഫെസ്റ്റ് എന്ന് പൊതുവില്‍ അറിയപ്പെടുന്നു) പുതിയ നിര്‍മ്മിതി ആറ് അവാര്‍ഡുകളാണ് അടിച്ചുമാറ്റിയത്.

പരസ്യ കമ്പനിയുടെ വെബ്‌സൈറ്റ് പ്രകാരം ഈ ചെറിയ ഐസ് പ്രതിമകളുടെ നിര്‍മ്മാണത്തില്‍ ത്രിമാന അച്ചടിയെക്കാള്‍ ത്രിമാന മില്ലിംഗ് (ഉരച്ചുകളയല്‍) സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടിന്റെയും അടിസ്ഥാന ആശയം ഏകദേശം ഒന്നുതന്നെയാണ്. ഒരു പ്ലാസ്റ്റിക് പാളിയില്‍ നിന്നും ഒരു വസ്തു നിര്‍മ്മിക്കുന്നതിന് പകരം, ഇവിടെ ആവശ്യമുള്ള രൂപം സൃഷ്ടിക്കുന്നതിനായി ത്രിമാന മില്ലിംഗ് വഴി ഐസില്‍ കൊത്തുപണി നടത്തുകയാണ് ചെയ്യുന്നത്. ഒരു ത്രിമാന അച്ചടി സംവിധാനത്തിലെന്ന പോലെ ത്രിമാന മില്ലം ഒരു കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഒരു ആപ് തന്നെയാണ് ഉപയോഗിക്കുന്നത്.

ആകെ നമ്മെ വിഷമിപ്പിക്കുന്ന പ്രശ്‌നം ഈ ഐസ് പ്രതിമകള്‍ അലിഞ്ഞുപോകും എന്നതാണ്.

This post was last modified on December 27, 2016 2:53 pm