X

കശ്മീര്‍: പെല്ലറ്റ് ഗണിന് പകരം മറ്റ് മാര്‍ഗങ്ങള്‍ തേടണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

താഴ്‌വരയിലെ പ്രതിഷേധങ്ങളില്‍ കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്നതിലും കോടതി ആശങ്ക പ്രകടിപ്പിച്ചു

ജമ്മു-കശ്മീരിലെ താഴ്‌വരകളിലെ പ്രതിഷേധങ്ങളെ നേരിടാന്‍ പെല്ലറ്റ് ഗണിനുപകരം മറ്റ് മാര്‍ഗങ്ങള്‍ തേടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. പെല്ലറ്റ് ഗണുകളുടെ ഉപയോഗത്താല്‍ കശ്മീരില്‍ ജീവഹാനി വരെ സംഭവിക്കുന്നു എന്ന് കണ്ടാണ്‌ കോടതിയുടെ നിര്‍ദേശം വന്നിരിക്കുന്നത്.

താഴ്‌വരയിലെ പ്രതിഷേധങ്ങളില്‍ കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്നതിലും ആശങ്ക പ്രകടിപ്പിച്ച കോടതി കുട്ടികളെ സമരത്തിനയച്ച മാതാപിതാക്കളുടെ പേരില്‍ എന്ത് നടപടിയാണെടുത്തിട്ടുള്ളതെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു. ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയോട് ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

പെല്ലറ്റ് ഗണുകളുടെ ഉപയോഗം തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ജമ്മു-കശ്മീര്‍ ബാര്‍ അസോസിയേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്. കശ്മീരിലെ പ്രതിഷേധങ്ങള്‍ക്ക് നേരെ മാനദണ്ഡമില്ലാതെ പെല്ലറ്റുകള്‍ ഉപയോഗിക്കരുതെന്ന് 2016 ഡിസംബറില്‍ കോടതി പറഞ്ഞിരുന്നു.

This post was last modified on March 28, 2017 8:28 am