X

മിന്നലാക്രമണം നടത്താന്‍ തന്നെയും പ്രധാനമന്ത്രിയെയും പ്രചോദിപ്പിച്ചത് ആര്‍എസ്എസ് ശിക്ഷണം: മനോഹര്‍ പരീക്കര്‍

അഴിമുഖം പ്രതിനിധി

മിന്നലാക്രമണം നടത്താന്‍ തന്നെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രചോദിപ്പിച്ചത് രാഷ്ട്രീയ സ്വയം സേവക സംഘിന്റെ(ആര്‍എസ്എസ്) ശിക്ഷണമാണെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. മഹാത്മാഗാന്ധിയുടെ നാട്ടില്‍ നിന്നുള്ള പ്രധാനമന്ത്രിക്കോ ഗോവയില്‍ നിന്നുള്ള പ്രതിരോധ മന്ത്രിക്കോ ഇത്രയും ശക്തമായ ഒരു തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും അതിലേക്ക് തങ്ങളെ നയിച്ചത് ആര്‍എസ്എസിന്റെ ശിക്ഷണമാണെന്നുമാണ് പരീക്കര്‍ പറഞ്ഞത്. ഇന്നലെ നിര്‍മ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പരീക്കര്‍.

‘നിങ്ങളുടെ സൈന്യത്തെ അറിയൂ'(know your army) എന്ന പരിപാടിയുടെ ഭാഗമായി സൈന്യത്തെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് പരീക്കര്‍ മിന്നാലാക്രമണത്തെ ആര്‍എസ്എസുമായി ബന്ധപ്പെടുത്തി പറഞ്ഞത്. ഉറി ഭീകരാക്രമണത്തിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളിലും, മുഖ്യധാരാ മാധ്യമങ്ങളിലും കടുത്ത വിമര്‍ശനങ്ങളായിരുന്നു തനിക്കും പ്രധാനമന്ത്രിക്കും നേരിടേണ്ടി വന്നത്. ഇന്ത്യന്‍ സൈന്യം പാക് അധിനിവേശ കശ്മീരില്‍ മിന്നലാക്രമണം നടത്തുന്നത് വരെ അവര്‍ ഇത് തുടര്‍ന്നു. പരീക്കര്‍ പറഞ്ഞു.

രാജ്യ സുരക്ഷയ്ക്കുമേല്‍ കടന്നാക്രമണമുണ്ടായാല്‍ നമ്മള്‍ ഉടന്‍ തന്നെ പ്രതികരിക്കുമെന്നും അതില്‍ രാജ്യം മുഴുവന്‍ പിന്തുണയുമായി സൈന്യത്തിന് പിന്നിലുണ്ടാകുമെന്നും മിന്നലാക്രമണത്തിലൂടെ ഇന്ത്യ തെളിയിച്ചു. ഇന്ത്യന്‍ സൈന്യത്തിന് നേരെയുള്ള പാക് ആക്രമണം വര്‍ഷങ്ങളായി തുടരുന്നതാണ്. എന്നാല്‍ അവര്‍ക്ക് തക്കതായ മറുപടി നല്‍കുന്നത് ഇതാദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോള്‍ ചിലര്‍ ആവശ്യപ്പെടുന്നത് മിന്നലാക്രമണത്തിന് തെളിവ് വേണമെന്നാണ്. യഥാര്‍ഥ തെളിവ് നല്‍കിയാലും ഇവര്‍ വിശ്വസിക്കുവാന്‍ പോകുന്നില്ല. എന്തു തന്നെ ആയാലും ഒരു കാര്യം ഉറപ്പാണ് ആര്‍ക്കും ഇന്ത്യന്‍ സൈന്യത്തിന്റെ ധൈര്യത്തെ സംശയിക്കാന്‍ സാധിക്കില്ല-പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.

This post was last modified on December 27, 2016 2:23 pm