X

രാജിക്ക് തയ്യാറായി സുഷമ, നിരസിച്ച് ആര്‍എസ്എസ്, പിന്തുണയുമായി ശിവസേന

അഴിമുഖം പ്രതിനിധി

ഐപിഎല്‍ അഴിമതി കേസില്‍ പ്രതിയായ ലളിത് മോദിയെ സഹായിച്ചുവെന്ന വിവാദത്തില്‍പ്പെട്ട വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് രാജി സന്നദ്ധത അറിയിച്ചതായി സൂചന. എന്നാല്‍ രാജിവയ്ക്കരുതെന്ന് ആര്‍എസ്എസ് സുഷമയ്ക്ക് നിര്‍ദ്ദേശം നല്‍കി. ലളിത് മോദി വിവാദത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് സുഷമയുടെ രാജി ആവശ്യപ്പെട്ടിരുന്നു.

അതേസമയം സുഷമയ്ക്ക് പിന്തുണയുമായി ശിവസേന രംഗത്തെത്തി. വിദേശകാര്യ മന്ത്രാലയത്തെ അസ്ഥിരപ്പെടുത്താനും സര്‍ക്കാരിന്റെ ആത്മവീര്യം തകര്‍ക്കാനും നടത്തുന്ന ശ്രമം അപകടകരമാണെന്ന് ശിവസേനയുടെ മുഖ്യപത്രമായ സാനയുടെ മുഖപ്രസംഗം പറയുന്നു. സുഷമയുടെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആരാണെന്ന് കണ്ടെത്തണമെന്ന് പ്രധാനമന്ത്രിയോട് സാംന ആവശ്യപ്പെട്ടു. ബിജെപിയ്ക്കുള്ളിലെ ഗ്രൂപ്പ് കളികളാണ് സുഷമ-ലളിത് മോദി വിഷയം പുറത്തെത്തിച്ചത് എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ നിലനില്‍ക്കുന്ന അദ്വാനി ക്യാമ്പിലെ പ്രമുഖയാണ് സുഷമ.

സുഷമയുടെ ഭര്‍ത്താവ് സ്വരാജ് കൗശല്‍ 22 വര്‍ഷമായി ലളിത് മോദിയുടെ വക്കീലാണ്. കൂടാതെ ഇവരുടെ മകള്‍ ബന്‍സൂരിയും ഏഴുവര്‍ഷമായി ലളിത് മോദിയുടെ അഭിഭാഷകയായി ജോലി ചെയ്യുന്നു. സുഷമയുടെ കുടുംബത്തിന് മോദിയുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന രേഖകള്‍ ബിജെപിക്ക് തലവേദനായി മാറിയിരുന്നു.

This post was last modified on December 27, 2016 3:09 pm