X

ബംഗ്ലാദേശില്‍ കൊല്ലപ്പെട്ട തീവ്രവാദിയെന്ന് സംശയിക്കുന്ന യുവാവ് അമേരിക്കന്‍ പൌരന്‍

അഴിമുഖം പ്രതിനിധി

ചൊവ്വാഴ്ച ബംഗ്ലാദേശ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച ഒമ്പത് തീവ്രവാദികളില്‍ ഒരാള്‍ 24 വയസ്സുള്ളയാള്‍ അമേരിക്കന്‍ പൗരനാണെന്ന് സ്ഥിരീകരിച്ചു. പോലീസുമയി നടന്ന വെടിവെയ്പ്പിലാണ് ഒമ്പത് പേര്‍ കൊല്ലപ്പെട്ടത്.

ധാക്കയ്ക്ക് അടുത്തുള്ള ഒരു സ്‌കൂളില്‍ നടത്തിയ റെയ്ഡിനു ശേഷമാണ് കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞത്. ഇതില്‍ 6 ബംഗ്ലദേശികളും ധാക്കയിലെ നോര്‍ത്ത് സൗത്ത് സര്‍വകലാശാലയില്‍ ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ഥിയായ  ഷഹ്‌സാദ് റൗഫ് എന്ന അമേരിക്കന്‍ പൗരനുമാണ് ഉണ്ടായിരുന്നത്.

ഭീകരവാദികളുമായി നീണ്ട പോരാട്ടമായിരുന്നു നടന്നത്. അവര്‍ ദൈവം വലിയവനാണെന്ന് അലറിക്കൊണ്ടിരുന്നതായും പോലീസ് പറയുന്നു. അപ്പാര്‍ട്ട്‌മെന്റ് മുഴുവന്‍ ഐസിന്റെ പതാകയില്‍ പൊതിഞ്ഞ ആയുധ ശേഖരമായിരുന്നു.

ഈ മാസം ആദ്യം ഒരു കഫെയില്‍ 20 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ സൂത്രധാരന്‍ ഇതേ തദ്ദേശ സംഘത്തില്‍ നിന്നുള്ള ആളായിരുന്നുവെന്ന് പോലീസ് പറയുന്നു.

ബംഗ്ലാദേശിലാണ് ജനിച്ചതെങ്കിലും റൗഫ് കൗമാരക്കാലം ചിലവഴിച്ചതെല്ലാം ഇല്ലിനോയിസിലും കാലിഫോര്‍ണിയിലുമായിരുന്നുവെന്ന് റൗഫിന്റെ പിതാവ് പറഞ്ഞു. ഫെബ്രുവരി മൂന്ന് മുതല്‍ റൗഫിനെ കാണാതായെന്നും പോലീസിലും അദ്ദേഹം പരാതി നല്‍കിയതാണ്. ബംഗ്ലാദേശില്‍ നിന്നും കാണാതായ 200ല്‍ അധികം പേരുടെ വിവരങ്ങള്‍ റാപ്പിഡ് ആക്ഷന്‍ ബെറ്റാലിയന്‍ ഫോഴ്‌സ് ഈ മാസം പുറത്തി വിട്ടതില്‍ റൗഫിന്റെ പേരുമുണ്ടായിരുന്നു.

ജൂലൈ ഒന്നിനു നടന്ന ഭീകരാക്രമണത്തിനു ശേഷം രാജ്യത്തു നിന്നും കാണാതായവരെ കണ്ടുപിടിക്കാന്‍ വലിയ ശ്രമങ്ങളാണ് അധികാരികള്‍ നടത്തുന്നത്. കഫെ ആക്രമണം നടത്തിയവരില്‍ അഞ്ചു പേര്‍ ഇങ്ങനെ കാണാതായവരില്‍ ഉള്‍പ്പെടുന്നു. കാണാതാകുന്നതു വരെ ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നതിന്റെ ഒരു അടയാളവും റൗഫ് കാണിച്ചിട്ടില്ലെന്ന് പിതാവ് തൗഫിക്ക് റൗഫ് പറയുന്നു.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഷഹ്‌സാദ് റൗഫിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞെങ്കിലും അതിനെ കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് തയ്യാറായില്ല.

മുസ്ലിം ജനവിഭാഗം കൂടുതലുള്ള സൗത്ത് ഏഷ്യന്‍ രാജ്യമായ ബംഗ്ലാദേശില്‍ 2013 മുതല്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ തോത് കൂടുകയാണ്. മതനിരപേക്ഷത പുലര്‍ത്തുന്ന ബ്ലോഗര്‍മാരെ തദ്ദേശ വേരുകളുള്ള അല്‍ ഖ്വയ്ദയും വിദേശികളെയും ഹിന്ദുക്കള്‍, ക്രൈസ്തവ പുരോഹിതന്മാരെയും മറ്റും ഐസും കൊന്നൊടുക്കുന്നു.

1999ല്‍ കുടുംബമായി യുഎസിലേക്ക് കുടിയേറുകയായിരുന്നു റൗഫിന്റെ പിതാവ് തൗഫിക്ക് റൗഫ്. തൗഫിക്ക് ഒഴിച്ചു ബാക്കിയെല്ലാവരും 2009ല്‍ ബംഗ്ലാദേശില്‍ തിരിച്ചെത്തി. യുഎസില്‍ ആയുധങ്ങളുടെ കച്ചവടമായിരുന്നു തൗഫിക്കിന്. 2010ല്‍ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ ഷഹ്‌സാദ് റൌഫ് നോര്‍ത്ത് സൗത്ത് യൂണിവേഴ്‌സിറ്റിയില്‍ ബിരുദാന ബിരുദത്തിന് കഴിഞ്ഞ വര്‍ഷം ചേര്‍ന്നിരുന്നു.

എന്നാല്‍ മകന്റെ മൃതദേഹം കാണാന്‍ ബുധനാഴ്ച പോയിരുന്നുവെന്നും പക്ഷേ അത് അവന്‍ തന്നെയാണോ എന്ന് തിരിച്ചറിയാനായില്ലെന്നും തൗഫിക്ക് പറഞ്ഞു. പക്ഷേ രാജ്യത്തെ തിരിച്ചറിയല്‍ കാര്‍ഡിലുള്ള വിരലടയാളങ്ങള്‍ ഉപയോഗിച്ച് കൊല്ലപ്പെട്ടത് ഷഹ്‌സാദ് റൗഫ് തന്നെയാണെന്ന് സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു.

This post was last modified on December 27, 2016 4:32 pm