X

ശാശ്വതീകാനന്ദയുടെ മരണം: തുടരന്വേഷണം പ്രഖ്യാപിച്ചു

അഴിമുഖം പ്രതിനിധി

സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹ മരണത്തെ കുറിച്ച് തുടരന്വേഷണം ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ചു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എഡിജിപി അനന്തകൃഷ്ണന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ക്രൈംബ്രാഞ്ച് എസ് പി മധുവിനാണ് അന്വേഷണ ചുമതല. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

2002 ജൂലായ് ഒന്നിനാണ് ആലുവാ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ ശാശ്വതീകാനന്ദ മൃതദേഹം കണ്ടെത്തിയത്. ശ്രീനാരായണ ധര്‍മ്മ വേദി ജനറല്‍ സെക്രട്ടറി ബിജു രമേശിന്റെ വെളിപ്പെടുത്തലുകളാണ് മരണത്തെ കുറിച്ചുള്ള തുടരന്വേഷണത്തിലേക്ക് നയിച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ തുടക്കത്തില്‍ എസ്എന്‍ഡിപിയും ബിജെപിയും തമ്മില്‍ സഖ്യത്തിന് ഒരുങ്ങുമ്പോഴാണ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയെ സംശയ മുനയില്‍ നിര്‍ത്തി കൊണ്ട് ബിജു രമേശ്‌ ആരോപണം ഉന്നയിച്ചത്. ആരോപണങ്ങള്‍ രാഷ്ട്രീയ വിവാദ കൊടുങ്കാറ്റായി ആഞ്ഞടിച്ചത്തോടെ എസ്എന്‍ഡിപിക്കും ബിജെപിക്കും ക്ഷീണമായി. ഇരുസംഘടനകളും പ്രതിരോധത്തിലേക്ക് പോയതോടെ തെരഞ്ഞെടുപ്പിലെ ചര്‍ച്ച വിഷയങ്ങളില്‍ ഇത് മറവിയിലാണ്ടു. എന്നാല്‍ കഴിഞ്ഞ ദിവസം ബാര്‍ കോഴ വിഷയത്തില്‍ ധനമന്ത്രി കെഎം മാണിക്കെതിരായി വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത് യുഡിഎഫിന് എതിരായി തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ വഴിമാറിയിരുന്നു. ആദ്യ ഘട്ട തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കാന്‍ ഇരിക്കേ ബാര്‍ കോഴ വിഷയത്തില്‍ നിന്ന് ശ്രദ്ധ മാറ്റി വിടാന്‍ കൂടിയാണ് ഇന്ന് ആഭ്യന്തരമന്ത്രി തന്നെ നേരിട്ട് ശാശ്വതീകാനന്ദയുടെ മരണത്തെ കുറിച്ചുള്ള തുടരന്വേഷണം പ്രഖ്യാപിച്ചത്.

This post was last modified on December 27, 2016 3:24 pm