X

ഹൈദരാബാദ് സര്‍വകലാശാല; തമിഴ്‌നാട്ടില്‍ 15 വിദ്യാര്‍ത്ഥികളെ പൊലീസ് തടഞ്ഞുവച്ചു

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് സര്‍വകലാശാലയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയര്‍പ്പിച്ചു കൊണ്ട് തമിഴ്‌നാട്ടില്‍ അനിശ്ചിതകാല നിരാഹാര  സത്യഗ്രഹം അനുഷ്ഠിക്കാന്‍ തയ്യാറായ പതിനഞ്ച് വിദ്യാര്‍ത്ഥികളെ പൊലീസ് തടഞ്ഞുവച്ചു. ജോയിന്റ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നുങ്കംപാക്കത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഓഫിസ് സ്ഥിതി ചെയ്യുന്ന ശാസ്ത്രി ഭവന് മുന്‍പിലായാണ് വിദ്യാര്‍ത്ഥികള്‍ സത്യഗ്രഹം ഇരിക്കാന്‍ തയ്യാറായത്. എന്നാല്‍ പൊലീസ് സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളെ ഇതില്‍ നിന്നും തടയുകയായിരുന്നു. തങ്ങളുടെ കൂട്ടത്തില്‍ നിന്നും 15 വിദ്യാര്‍ത്ഥികളെ പൊലീസ് അകാരണമായി തടഞ്ഞുവച്ചിരിക്കുകയായണെന്നും ഈ വിദ്യാര്‍ത്ഥികളില്‍ നിന്ന് അവരുടെ വിവരങ്ങളെല്ലാം ചോദിച്ചെഴുതിയെടുത്ത പൊലീസ് അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യതയുള്ളതായും ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ പറയുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി യു ഒ എച്ചിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ അവിടെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള തങ്ങളുടെ പിന്തുണ അറിയിക്കാനാണ് നിരാഹാര സത്യഗ്രഹം ആരംഭിക്കാന്‍ തയ്യാറായതെന്നും ജോയിന്റ് ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ പറയുന്നു. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പൊലീസ് നടപടിയില്‍ തങ്ങള്‍ പിന്നാക്കം പോകില്ലെന്നും നിശ്ചയിച്ച സ്ഥലത്തു തന്നെ സത്യഗ്രവുമായി മുന്നോട്ടുപോകുമെന്നും ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് തയ്യാറാകുന്നതുവരെ സമരം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

This post was last modified on March 26, 2016 6:37 pm