X

താന്‍ വിറ്റിരുന്നത് അസം ചായ ആയിരുന്നുവെന്ന് മോദി

അഴിമുഖം പ്രതിനിധി

അസം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ചായക്കടക്കാരന്‍ ഇമേജ് പൊടിതട്ടിയെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിക്കും ബി.ജെ.പിക്കും വന്‍ വിജയം നേടാനായതിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് മോദിയുടെ പ്രചരണ തന്ത്രങ്ങള്‍ തന്നെയായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു താന്‍ ചെറുപ്പത്തില്‍ ചായ വിറ്റു നടന്നിരുന്നു എന്ന പ്രചരണം. പട്ടാളക്കാരെ വഹിച്ചു വന്നിരുന്ന ട്രെയിനില്‍ താന്‍ ചായ വിറ്റിട്ടുണ്ടെന്നും മറ്റുമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പൊതുയോഗങ്ങളിലെ പ്രസംഗങ്ങള്‍ പലതും. എന്നാല്‍ ഡല്‍ഹി, ബിഹാര്‍ തെരഞ്ഞെടുപ്പുകളില്‍ സമാന തന്ത്രം പയറ്റിയെങ്കിലും വിജയിച്ചിരുന്നില്ല.

 

അതിനിടെയാണ് വീണ്ടും പഴയ പ്രചരണ തന്ത്രങ്ങളുമായി മോദി അസമിലെത്തിയിരിക്കുന്നത്. അടുത്തു നടക്കാനിരിക്കുന്ന അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തരുണ്‍ ഗോഗോയി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സര്‍വ സന്നാഹങ്ങളുമായാണ് ബി.ജെ.പി ഇത്തവണ പടയ്ക്കിറങ്ങുന്നത്. മോദി തന്നെയാണ് ഇവിടുത്തെയും മുഖ്യ പ്രചാരകന്‍. അസമിലെ തിന്‍സുകിയില്‍ നടത്തിയ പ്രസംഗത്തിലാണ് തന്റെ ‘അസം ബന്ധം’ മോദി ആയുധമാക്കിയത്.

 

“താന്‍ ചായ വിറ്റുനടന്നിരുന്നപ്പോള്‍, അത് അസം ടീ ആയിരുന്നുവെന്നും അത് ആളുകളെ ഉന്മേഷവാന്മാരാക്കിയിരുന്നു” എന്നുമായിരുന്നു മോദിയുടെ പ്രസംഗം. “അതിന് താന്‍ അസമിനോട് കടപ്പെട്ടിരിക്കുന്നു” എന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതോടെ പരിഹാസങ്ങളുമായാണ് ട്വിറ്റര്‍ ലോകം ഇതിനെ വരവേറ്റത്.

 

This post was last modified on December 27, 2016 3:53 pm