X

അധ്യാപകദിനത്തില്‍ ക്ലാസ് എടുക്കാന്‍ പിണറായി എത്തും

അഴിമുഖം പ്രതിനിധി

ഈ വര്‍ഷത്തെ അധ്യപകദിനാഘോഷം ‘ ജീവിതശൈലി’ എന്ന വിഷയത്തില്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സെപ്തംബര്‍ 5നു രാവിലെ പത്തു മണിക്കു തിരുവനന്തപുരം അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ധന, ആരോഗ്യ, തദ്ദേശസ്വയംഭരണ, വിദ്യാഭ്യാസ വകുപ്പു മന്ത്രിമാര്‍ എന്നിവരും പരിപാടിയുടെ ഭാഗമായി ക്ലാസെടുക്കും. മദ്യം, മയക്കുമരുന്ന്, പുകയില ഉത്പ്പന്നങ്ങള്‍, അലസത, ജീവിതശൈലി രോഗങ്ങള്‍, അനാരോഗ്യ ഭക്ഷണശീലങ്ങള്‍ തുടങ്ങിവയ്‌ക്കെതിരെയുള്ള ബോധവത്ക്കരണമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. എല്ലാ മന്ത്രിമാരും എം.എല്‍.എ. മാരും ഇത്തരത്തില്‍ ഏതെങ്കിലും സ്‌കൂളില്‍ ക്ലാസ്സെടുക്കണമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. പൂര്‍വ്വാധ്യാപകര്‍ ക്ലാസ്സെടുത്തുകൊണ്ടാകും സ്‌കൂള്‍തല ഉദ്ഘാടനം നടക്കുക.

ഇന്നത്തെ മന്ത്രിസഭ യോഗത്തിലെടുത്ത മറ്റു പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഇവയാണ്; 

സംസ്ഥാനത്തേയ്ക്ക് റോഡുമാര്‍ഗ്ഗമുള്ള പ്രധാന പ്രവേശന സ്ഥലങ്ങളില്‍ സംയോജിത ചെക്ക്‌പോസ്റ്റ് സംവിധാനം എന്ന നിലയില്‍ ഡാറ്റാകളക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. സംസ്ഥാനത്ത് 84 ചെക്ക്‌പോസ്റ്റുകളാണ് നിലവിലുള്ളത്. നിലവില്‍ വാണിജ്യ നികുതി, എക്‌സൈസ്സ്, ഗതാഗതം, വനം, മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നീ വകുപ്പുകളുടെ പ്രത്യേകം ചെക്ക്‌പോസ്റ്റുകളില്‍ വേവ്വേറെ പരിശോധനയാണ് നടത്തുന്നത്. ഇത് നടപടിക്കുരുക്കുകളും അസുഖകരമായ സാഹചര്യങ്ങളും ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ബന്ധപ്പെട്ട വകുപ്പുകള്‍ക്കെല്ലാം കൂടിയുള്ള ഒരു പൊതുസംവിധാനമായിരിക്കും ഇത്.

ഇലക്‌ട്രോണിക് മാര്‍ഗ്ഗത്തിലൂടെ എല്ലാ വകുപ്പുകള്‍ക്കും ആവശ്യമായ വിവരങ്ങള്‍ ചിത്രങ്ങള്‍ തുടങ്ങിയവ ശേഖരിക്കുവാനും അവ അതാത് വകുപ്പുകള്‍ക്ക് യഥാസമയം കൈമാറാനും പുതിയ സംവിധാനം വഴി സാധിക്കും. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പുമന്ത്രി കണ്‍വീനറായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. റവന്യൂ, വനം, ഗതാഗതം, സിവില്‍ സപ്ലൈസ്, എക്‌സൈസ് വകുപ്പുമന്ത്രിമാര്‍ അടങ്ങുന്നതാണ് സമിതി.

നവംബര്‍ ഒന്നിന് കേരളത്തെ Open Defecation Free സംസ്ഥാനമായി പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

This post was last modified on December 27, 2016 2:38 pm