X

ലങ്കയും കീഴടങ്ങി; ട്വന്റി-20 പരമ്പര ടീം ഇന്ത്യക്ക്

അഴിമുഖം പ്രതിനിധി

ശ്രീലങ്കയ്‌ക്കെതിരെയുള്ള ട്വന്റി-20 പരമ്പര ഇന്ത്യയ്ക്ക്. വിശാഖപട്ടണത്ത് ഇന്നു നടന്ന മൂന്നാമത്തെയും അവസാനത്തേതുമായ മത്സരത്തില്‍ ലങ്കയെ ഒമ്പത് വിക്കറിനു തകര്‍ത്താണ് ടീം ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. പൂനെയില്‍ നടന്ന ആദ്യമത്സരത്തില്‍ ലങ്ക വിജയിച്ചപ്പോള്‍ റാഞ്ചിയില്‍ വിജയം നേടി ഇന്ത്യ ഒപ്പമെത്തിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ലങ്ക അശ്വിന്റെ മാസ്മരിക സ്‌പെല്ലിനു മുന്നില്‍ വെറും 82 റണ്‍സിനു പുറത്തായി. നാല് ഓവറില്‍ വെറും എട്ട് റണ്‍സ് വഴങ്ങി അശ്വിന്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തി. റെയ്‌ന രണ്ടും നെഹ്‌റ, ബമ്‌റ, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 19 റണ്‍സ് എടുത്ത എം ഡി ശനകയാണ് ലങ്കന്‍ നിരയിലെ ടോപ്‌സ്‌കോറര്‍. ആദ്യ ഓവറില്‍ തന്നെ ലങ്കയ്ക്ക് ഓപ്പണ്‍മാരായ ഡിക്വെല്ലയേയും ദില്‍ഷനെയും നഷ്ടപ്പെട്ടിരുന്നു. പിന്നീടൊരിക്കലും ലങ്കയ്ക്ക് മത്സരത്തിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞില്ല.

നിസാരമായ സ്‌കോര്‍ പിന്തുടരാന്‍ ഇറങ്ങിയ ഇന്ത്യ അക്ഷമ കാട്ടാതെയാണ് തുടങ്ങിയത്. തകര്‍പ്പനൊരു സിക്‌സടിച്ചു കത്തിക്കയറാന്‍ തുടങ്ങിയ രോഹിത് പക്ഷെ വീണു. 13 പന്തില്‍ 13 റണ്‍സെടുത്ത രോഹിതിനെ ചമീര വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. തുടര്‍ന്നു വന്ന രഹാനെ ധവാനൊപ്പം നിന്നു ശാന്തമായി ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചു. ധവാന്‍ പക്ഷേ കളി അവസാനിപ്പിച്ചത് ഒരു സിക്‌സും ഫോറും അടിച്ചുകൊണ്ടായിരുന്നു. 13.5 ഓവറില്‍ ഇന്ത്യ കളി വിജയിച്ചു.

ആര്‍ അശ്വിനാണ് കളിയിലെ കേമന്‍. പരമ്പരയുടെ താരവും അശ്വിന്‍ തന്നെ. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ വച്ച് ട്വന്റി-20 പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്ത എത്തിയ ടീം ഇന്ത്യ സ്വന്തം നാട്ടിലും പരമ്പര നേട്ടം ആവര്‍ത്തിച്ചിരിക്കുകയാണ്.

This post was last modified on December 27, 2016 3:38 pm