X

വ്യാജ ഫോളോവേഴ്‌സും കമന്റ്‌സുമുള്ള അക്കൗണ്ടുകളെ പിടിക്കാന്‍ ഇന്‍സ്റ്റാഗ്രാം!

നീക്കം ചെയ്ത ലൈക്ക്, ഫോളോ, കമന്റ്‌സ് എന്നിവയെ കുറിച്ച് യൂസര്‍മാരെ അറിയിക്കുമെന്നും ഇന്‍സ്റ്റാഗ്രാം പറഞ്ഞു.

വ്യാജ ഫോളോവേഴ്‌സും കമന്റ്‌സും നീക്കം ചെയ്യാനൊരുങ്ങി ഇന്‍സ്റ്റാഗ്രാം. യഥാര്‍ഥത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ജനപ്രിയമാണെന്ന് തോന്നിപ്പിക്കാന്‍ സഹായിക്കുന്ന ആപ്പ് ഉപയോഗിച്ച് സൃഷ്ടിക്കുന്ന വ്യാജ ലൈക്ക്, കമന്റ്‌സ്, ഫോളോവേഴ്‌സ് എന്നിവ നീക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഇന്‍സ്റ്റാഗ്രാം അറിയിച്ചു.

തങ്ങളുടെ സേവനം വിശ്വസിച്ച് ഉപയോഗിക്കാന്‍ സാധിക്കുന്നതാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള മാതൃ കമ്പനിയായ ഫേസ്ബുക്കിന്റെ പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇന്‍സ്റ്റാഗ്രാം ഇപ്പോള്‍ നടപടിയുമായി മുന്നേറാന്‍ തീരുമാനിച്ചിരിക്കുന്നത്.

‘സമീപകാലത്ത്, അക്കൗണ്ടുകള്‍ കൃത്രിമമായി വളര്‍ത്തുന്നതിനായി മൂന്നാം കക്ഷി അപ്ലിക്കേഷനുകള്‍ (third-party apps) ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇനി മുതല്‍ ഇത്തരം മൂന്നാം കക്ഷി ആപ്പുകള്‍ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ലൈക്ക്, കമന്റ്, ഫോളോവേഴ്‌സ് എന്നിവ നീക്കം ചെയ്യും’ എന്ന് ഈ മാസം 19ന് ബ്ലോഗ് പോസ്റ്റിലൂടെ ഇന്‍സ്റ്റാഗ്രാം അറിയിച്ചിരുന്നു.

സേവന നിബന്ധനകള്‍ ലംഘിക്കുന്ന തേഡ് പാര്‍ട്ടി ആപ്പ് ഉപയോഗിക്കുന്ന വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ സ്വയം മെച്ചപ്പെടുത്തുന്ന സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളാണ് (self-improving software programs) ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നത്. നീക്കം ചെയ്ത ലൈക്ക്, ഫോളോ, കമന്റ്‌സ് എന്നിവയെ കുറിച്ച് യൂസര്‍മാരെ അറിയിക്കുമെന്നും ഇന്‍സ്റ്റാഗ്രാം പറഞ്ഞു.