X

ഉപയോക്താക്കളുടെ സ്വകാര്യ മെസ്സേജുകൾ വായിക്കാൻ നെറ്റ്‌ഫ്ലിക്സിനും സ്പോർട്ടിഫൈക്കും അനുമതി; ഫേസ്ബുക്ക് വീണ്ടും വിവാദത്തിൽ

ആമസോണിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ പേരുകളും കോണ്ടാക്ടുകളും അവരുടെ സുഹൃത്തുക്കൾ മുഖാന്തിരം ശേഖരിക്കാനുള്ള അനുമതിയാണ് ഫേസ്ബുക്ക് നൽകിയത്.

ലോകത്തിലെ നിരവധി വൻ കമ്പനികൾക്ക് ഫേസ്ബുക്ക് തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിക്കാൻ അനുമതി നൽ‌കിയെന്ന് റിപ്പോർട്ട്. ഇത് നേരത്തെ ഫേസ്ബുക്ക് തന്നെ വെളിപ്പെടുത്തിയതിനെ അപേക്ഷിച്ച് ഏറെ വലിയ തോതിലുള്ള വിവര കൈമാറ്റമാണെന്നാണ് അറിയുന്നത്. ഫേസ്ബുക്കിന്റെ തന്നെ ആഭ്യന്തര രേഖകളും ചില അഭിമുഖങ്ങളും ആധാരമാക്കിയാണ് ഫേസ്ബുക്ക് തങ്ങളുടെ സ്വകാര്യതാ നയം ചില വൻ കമ്പനികൾക്കു വേണ്ടി വിട്ടുവീഴ്ച ചെയ്തെന്ന് ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പറയുന്നത്.

2017ൽ കമ്പനിയുടെ പങ്കാളിത്ത വിവരങ്ങളും, ഡാറ്റ പങ്കിടൽ സംബന്ധിച്ച വിശദാംശങ്ങളും ഫേസ്ബുക്ക് ആഭ്യന്തരതലത്തിൽ ശേഖരിച്ചതാണ് ദി ന്യൂയോർക്ക് ടൈംസിന് കിട്ടിയത്. ഡിജിറ്റൽ കാലഘട്ടത്തിൽ വ്യക്തിഗത വിവരങ്ങൾ ഏത്രത്തോളം വിലപ്പെട്ട വിൽപനാവസ്തുവാണെന്നത് അടിവരയിടുന്നതാണ് ഫേസ്ബുക്കിന്റെ ഈ ഇടപാടുകൾ. സിലിക്കൺ വാലിയിലും പുറത്തുമുള്ള വമ്പൻ കമ്പനികൾക്കാണ് ഫേസ്ബുക്ക് തങ്ങളുടെ ഡാറ്റ വിൽപന നടത്തിയത്.

ഇരുകക്ഷികൾക്കും നേട്ടമുണ്ടാക്കാൻ പോന്ന തരത്തിലുള്ള കരാറുകളിലാണ് കമ്പനി ഏർപ്പെട്ടത്. ഫേസ്ബുക്കിന് കൂടുതൽ ഉപയോക്താക്കളെ കിട്ടും. ഇതുവഴി പരസ്യ വരുമാനം വൻതോതിൽ കുറയ്ക്കാനാകും. പങ്കാളികളായ കമ്പനികൾക്ക് തങ്ങൾ പരസ്യങ്ങൾ കൂടുതൽ ആകർഷകമാക്കാനും കൃത്യമായ ഇടങ്ങളിലെത്തിക്കാനും സാധിക്കും. 2.2 ബില്യൺ ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്. ഇവരുടെ സ്വകാര്യ വിവരങ്ങളിന്മേൽ വലിയ അധികാരമാണ് ഫേസ്ബുക്ക് സ്ഥാപിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മൈക്രോസോഫ്റ്റിന്റെ ബിങ് സെർച്ച് എൻജിന് എല്ലാ ഫേസ്ബുക്ക് ഉപയോക്താക്കളുടെ സൗഹൃദവലയങ്ങളെയും യാതൊരു അനുമതിയും കൂടാതെ കാണാനുള്ള അനുമതി നൽകിയത് ഇപ്പോൾ പുറത്തുവന്ന വിവരങ്ങളിൽ പ്രധാനമായ ഒന്നാണ്. നെറ്റ്‌ഫ്ലിക്സ്, സ്പോർട്ടിഫൈ എന്നിവർക്ക് ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങൾ കാണാനുള്ള അനുമതിയും നൽകി.

ആമസോണിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ പേരുകളും കോണ്ടാക്ടുകളും അവരുടെ സുഹൃത്തുക്കൾ മുഖാന്തിരം ശേഖരിക്കാനുള്ള അനുമതിയാണ് ഫേസ്ബുക്ക് നൽകിയത്. യാഹൂവിനും ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങളിലേക്ക് ഒളിഞ്ഞു നോക്കാനുള്ള അനുമതി ഫേസ്ബുക്ക് നൽകി.

സ്വകാര്യത സംബന്ധിച്ച വലിയ പ്രശ്നങ്ങളാണ് ഫേസ്ബുക്ക് അടുത്ത കാലത്തായി നേരിട്ടു കൊണ്ടിരിക്കുന്നത്. കേംബ്രിഡ്ജ് അനലറ്റിക്ക എന്ന സ്ഥാപനത്തിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഡാറ്റ തോന്നുംപടി ഉപയോഗിക്കാനുള്ള അനുമതി നൽകിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 2016ലെ യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഈ കമ്പനിയുടെ ഇടപെടലുകൾ വോട്ടുകൾ സ്വാധീനിക്കാനിടയിയത് പുറത്തുവന്നിരുന്നു. സ്വകാര്യതാ പ്രശ്നം ഇത്ര രൂക്ഷമായതിനു ശേഷവും സമാനമായ ബിസിനസ്സുകളിൽ ഏർപ്പെടുന്നതിൽ നിന്ന് ഫേസ്ബുക്ക് പിൻവാങ്ങിയിരുന്നില്ലെന്നാണ് പുതിയ റിപ്പോർട്ട് കാണിക്കുന്നത്.