X

ഡിജി ലോക്കറില്‍ വാഹന രേഖകളും ഡ്രൈവിംഗ് ലൈസന്‍സും അപ്‌ഡേറ്റ് ചെയ്യേണ്ടത് ഇങ്ങനെയാണ്

വാഹന യാത്രകളില്‍ യഥാര്‍ഥ രേഖകള്‍ കൈയ്യില്‍ കരുതിയില്ലെങ്കിലും പ്രശ്‌നമില്ല. രേഖകള്‍ ഡിജിറ്റലായി സൂക്ഷിച്ചാല്‍ മാത്രം മതി.

ഡിജി ലോക്കര്‍ ആപ്പില്‍ ഡ്രൈവിംഗ് ലൈസന്‍സ് അപ്‌ഡേറ്റ് ചെയ്യുന്നതിന് കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ വന്ന നിര്‍ദ്ദേശങ്ങള്‍..

ഡിജി ലോക്കര്‍ ആപ്പില്‍ ഡ്രൈവിംഗ് ലൈസന്‍സ് അപ്‌ഡേറ്റ് ചെയ്യുന്നതിന് കഴിയുന്നില്ലെന്ന് ധാരാളം പേര്‍ ചൂണ്ടികാണിക്കുകയുണ്ടായി എന്നാല്‍ , ഡ്രൈവിംഗ് ലൈസന്‍സ് വിവരം ആപ്പിലേക്ക് നല്‍കുന്നതിന് പ്രത്യേക ഫോര്‍മാറ്റ് ഉപയോഗിച്ചാല്‍ ഇത് എളുപ്പത്തില്‍ സാധ്യമാകുന്നതാണ്.

നമ്മുടെ ലൈസന്‍സ് നമ്പര്‍ AA/BBBB/YYYY എന്ന ഫോര്‍മാറ്റില്‍ ആണ് ഉണ്ടാകുക. ഇതേ ഫോര്‍മാറ്റില്‍ ഡിജിലോക്കറില്‍ എന്റര്‍ ചെയ്താല്‍ ലൈസന്‍സ് ഡിജിറ്റല്‍ കോപ്പി ലഭ്യമാകില്ല. ലൈസന്‍സ് നമ്പര്‍ താഴെ കൊടുത്തിരിക്കുന്ന ഫോര്‍മാറ്റിലേക് മാറ്റുക KLAAYYYY000BBBB ഈ നമ്പര്‍ ലൈസന്‍സ് നമ്പര്‍ ആയി കൊടുക്കുക.

ശ്രദ്ധിക്കുക, നടുവിലെ നമ്പറിനെ(BBBB) ‘7’ അക്കം ആക്കി മാറ്റണം (നമ്പറിന് മുന്നില്‍ പൂജ്യം ‘0’ ചേര്‍ത്ത് വേണം). നടുവിലെ നമ്പര്‍ BBBB ആണെങ്കില്‍ 000BBBB എന്ന രീതിയിലാക്കണം. ഉദാഹരണത്തിന് നിങ്ങളുടെ ലൈസന്‍സ് നമ്പര്‍ 15/12345/2018 ആണെങ്കില്‍, അതിനെ KL1520180012345 എന്ന രീതിയില്‍ വേണം ഡിജിലോക്കറില്‍ ടൈപ്പ് ചെയ്യാന്‍.

കൂടാതെ പഴയ ലൈസെന്‍സുകളില്‍ ജില്ലയെ സൂചിപ്പിക്കുന്ന അക്കങ്ങള്‍ക്കു പകരം അക്ഷരങ്ങളായിരിക്കും ഉള്ളത്. ഉദാ: TR/1001/2006 എന്ന തൃശൂര്‍ ജില്ലയിലെ പഴയ ലൈസെന്‍സ് KL082006001001 എന്ന രീതിയില്‍ നല്‍കണം. ഇത്തരത്തില്‍ ലൈസന്‍സ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും.

ഇനി മുതല്‍ വാഹന യാത്രകളില്‍ യഥാര്‍ഥ രേഖകള്‍ കൈയ്യില്‍ കരുതിയില്ലെങ്കിലും പ്രശ്‌നമില്ല. രേഖകള്‍ ഡിജിറ്റലായി സൂക്ഷിച്ചാല്‍ മാത്രം മതി. ഡിജിലോക്കര്‍, എം പരിവാഹന്‍ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റല്‍ രേഖകള്‍ നിയമപരമായ സാധുതയോടെ പോലീസ് അംഗീകരിക്കും. പേപ്പര്‍ലെസ് ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്നതിന്റെ ഭാഗമായി ഡിജിലോക്കര്‍ അംഗീകൃതരേഖയായി കണക്കാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

മോട്ടോര്‍ വാഹന നിയമം 1988, കേന്ദ്ര മോട്ടോര്‍ വാഹന റൂള്‍ 1989 എന്നിവ പ്രകാരം ബന്ധപ്പെട്ട നിയമപാലകര്‍ ആവശ്യപ്പെടുമ്പോള്‍ വാഹന ഉടമ, ഡ്രൈവര്‍ ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ പരിശോധനക്കായി നല്‍കേണ്ടതുണ്ട്. എന്നാല്‍ ഐടി ആക്റ്റ് പ്രകാരം ഇനി മുതല്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുളള ഡിജിലോക്കറില്‍ നിയമപരമായി സൂക്ഷിച്ചിരിക്കുന്ന രേഖകളുടെ ഡിജിറ്റല്‍ പതിപ്പു പരിശോധനയ്ക്കായി കാണിച്ചാല്‍ മതി.

രേഖകളുടെ ഒറിജിനലോ പകര്‍പ്പ് കടലാസ് രേഖയായോ കൈവശം വയക്കേണ്ട ആവശ്യമില്ല. രേഖകള്‍ കടലാസ് രൂപത്തില്‍ കൊണ്ടുനടന്നു നഷ്ടപ്പെടാതെ ആവശ്യം വരുമ്പോള്‍ കാട്ടിക്കൊടുക്കുന്നതിനോ ഷെയര്‍ ചെയ്തു നല്‍കുന്നതിനോ ഡിജിറ്റല്‍ ലോക്കറുകള്‍ പ്രയോജനപ്പെടുത്താം. മൊബൈല്‍ ഫോണ്‍, ടാബ് ലെറ്റുകള്‍ തുടങ്ങിയവയില്‍ ഡിജിലോക്കറിന്റെ ആപ്ലിക്കേഷന്‍ സജ്ജമാക്കിയിട്ടുള്ളവര്‍ക്കു രേഖകള്‍ ആവശ്യമുള്ളപ്പോള്‍ പ്രദര്‍ശിപ്പിക്കാം.

പബ് ജി പ്രേമികളേ.. വെടിക്കെട്ട് ആയുധങ്ങളുമായി സീസൺ 4 വരുന്നു!

സൂര്യനേക്കാള്‍ ആറിരട്ടി ചൂടുള്ള കൃത്രിമ സൂര്യനുമായി ചൈന!