X

ഫോണ്‍ അമ്മ പിടിച്ചുവാങ്ങി, സ്മാര്‍ട്ട് ഫ്രിഡ്ജ് ഉപയോഗിച്ച് ട്വീറ്റ് ചെയ്തു; 15 കാരിയെ സ്വതന്ത്രയാക്കാന്‍ ആവശ്യപ്പെട്ട് ട്വിറ്റര്‍ ലോകം

എൽ.ജി ഇതുവരെ ഈ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ലെങ്കിലും റഫ്രിജറേറ്ററില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാനുള്ള സംവിധാനവും ഉണ്ടെന്നാണ് അവരുടെ വെബ്സൈറ്റ് സാക്ഷ്യപ്പെടുത്തുന്നത്

ഇച്ഛാശക്തിയുണ്ടെങ്കില്‍ എന്തിനും ഒരു വഴിയുണ്ടാകും എന്നാണല്ലോ പറയുക. വിവര സാങ്കേതിക വിദ്യ ഒരുപാട് വികാസം പ്രാപിച്ച ഇക്കാലത്ത് വഴികള്‍ തിരഞ്ഞ് അധികം ബുദ്ധിമുട്ടേണ്ടിയും വരില്ല. സമൂഹ മാധ്യമങ്ങള്‍ നന്നായി ഉപയോഗിക്കുന്ന ഒരാള്‍ക്ക് പെട്ടന്ന് അതിന് കഴിയാതെ വന്നാല്‍ എന്തു ചെയ്യും. ഉദാഹരണത്തിന് നമ്മുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടുവെന്നോ, കമ്പ്യൂട്ടര്‍ കേടുവന്നുവെന്നോ കരുതുക. പിന്നെയെങ്ങിനെ നമ്മള്‍ ട്വീറ്റ് ചെയ്യും? ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇടും? ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോയിടും?

വല്ലഭന് പുല്ലും ആയുധം എന്നു പറഞ്ഞപോലെ വേറൊരു വഴിയുമില്ലെങ്കില്‍ വീട്ടിലെ ഫ്രിഡ്ജ് ഉപയോഗിച്ചും ട്വീറ്റ് ചെയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കൌമാരക്കാരി.

‘ഡൊറോത്തി’ എന്നറിയപ്പെടുന്ന 15 കാരിയുടെ മോബൈല്‍ ഫോണ്‍ അവളുടെ അമ്മ പിടിച്ചുവാങ്ങി ഒളിപ്പിച്ചുവെച്ചു. പക്ഷെ ആയിരക്കണക്കിന് ട്വിറ്റര്‍ ഫോളോവേഴ്സ് അവളുടെ ട്വീറ്റിനായ് കാത്തിരിക്കുകയല്ലേ. അവരോട് സംസാരിക്കാതിരിക്കാന്‍ അവള്‍ക്കും കഴിയില്ല. പിന്നെ മറ്റു പോംവഴികളെ കുറിച്ചുള്ള ചിന്തയായിരുന്നു അവളുടെ മനസ് നിറയെ. Wii U ഗെയിമിംഗ് കൺസോള്‍ മുതല്‍ വീട്ടിലെ എല്‍.ജി സ്മാര്‍ട്ട് ഫ്രിഡ്ജടക്കം അവള്‍ പരീക്ഷിച്ചു.

ഏറെ നേരത്തെ ശ്രമത്തിനു ശേഷം അവള്‍ ആദ്യത്തെ ട്വീറ്റ് ചെയ്തു. ‘ഫോണ്‍ അമ്മ എടുത്തു വെച്ചിരിക്കുകയാണെന്നായിരുന്നു’ അതിലെ സന്ദേശം. നിന്റെൻഡോ (Nintendo) ഉപയോഗിച്ചാണ് അവള്‍ ട്വീറ്റ് ചെയ്തതെന്ന് ഉടന്‍തന്നെ കണ്ടെത്തിയ അമ്മ ഉടന്‍ തന്നെ അതും എടുത്തുവെച്ചു. അധികം വൈകാതെ ഡൊറോത്തിയുടെ മറ്റൊരു സന്ദേശവും വന്നു. ‘അമ്മ എന്റെ ഫോണും നിന്റെൻഡോ ഡിഎസും എടുത്തുവെച്ചു. ഇനിയിപ്പോള്‍ Wii U ഉപയോഗിക്കാതെ മറ്റൊരു വഴിയുമില്ല. നിങ്ങളുടെ എല്ലാവിധ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി’ എന്നായിരുന്നു ആ ട്വീറ്റ്.

വിട്ടുകൊടുക്കാന്‍ അമ്മ തയ്യാറായില്ല, Wii U-വും അവളില്‍നിന്നും എടുത്തുവെച്ചു. തൊട്ടുപിറകെ വീണ്ടും അവളുടെ ട്വീറ്റ്: ‘ഞാനിപ്പോള്‍ എന്‍റെ ഫ്രിഡ്ജിനോട്‌ സംസാരിച്ചിരിക്കുകയാണ്’!

എൽ.ജി ഇതുവരെ ഈ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ലെങ്കിലും റഫ്രിജറേറ്ററില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാനുള്ള സംവിധാനവും ഉണ്ടെന്നാണ് അവരുടെ വെബ്സൈറ്റ് സാക്ഷ്യപ്പെടുത്തുന്നത്.

എന്തായാലും ഡൊറോത്തിയുടെ ട്വീറ്റുകള്‍ ഉടന്‍തന്നെ വൈറലായി. 12,000-ത്തിലധികം ആളുകള്‍ റീട്വീറ്റു ചെയ്തു. #FreeDorothy” എന്ന് ട്വീറ്റ് ചെയ്തുകൊണ്ട് ട്വിറ്റർ തന്നെ ഡൊറോത്തിയെ ഇന്റർനെറ്റിലേക്ക് തിരികെ കൊണ്ടുവരാനുള്ള ആഹ്വാനത്തിൽ പങ്കുചേർന്നു.

This post was last modified on August 17, 2019 9:34 am