X

ചന്ദ്രയാന് പിന്നിടേണ്ടത് 3,84,000 കിലോമീറ്റര്‍, മുന്നില്‍ 48 ദിവസം; ചന്ദ്രനില്‍ എവിടെ ഇറങ്ങും?

ചന്ദ്രോപരിതലത്തില്‍ 13 ഭൌമ ദിനങ്ങളാണ് പ്രഗ്യാന്‍ റോവര്‍ പരീക്ഷണങ്ങള്‍ നടത്തുക

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലുള്ള ഐഎസ്ആര്‍ഒ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ചന്ദ്രയാന്‍ 2 കുതിക്കുമ്പോള്‍ ദൌത്യത്തിന് പിന്നിടേണ്ടത് 3,84,000 കിലോമീറ്റര്‍. മുന്നില്‍ 48 ദിവസവും.

നാല്‍പ്പത്തിയെട്ടാം ദിവസം ചന്ദ്രോപരിതലത്തില്‍ എവിടെയാണ് മൂണ്‍ ലാന്‍ഡര്‍ വിക്രം സോഫ്റ്റ് ലാന്‍ഡ് ചെയ്യുക? പാറകളും ഗര്‍ത്തങ്ങളും നിറഞ്ഞ ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായ ഇടം കണ്ടത്തേണ്ടതുണ്ട്. വിക്രമില്‍ സ്ഥാപിച്ചിട്ടുള്ള സെന്‍സറുകളുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും തീരുമാനം എടുക്കുക.

23 ദിവസങ്ങള്‍ ഭൂമിയുടെ ഭ്രമണ പഥത്തില്‍ ഭ്രമണം ചെയ്തതിന് ശേഷമാണ് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് ചന്ദ്രയാന്‍ കുതിക്കുക. ഇത് 7 ദിവസമെടുക്കും. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ 13 ദിവസം ചിലവഴിക്കും.

വിക്ഷേപണത്തിന്റെ 43-ആം ദിവസം സെപ്തംബര്‍ 2നു ലാന്‍ഡര്‍ ചന്ദ്രന്റെ ഓര്‍ബിറ്ററില്‍ നിന്നും വേര്‍പെട്ട് ചന്ദ്രന്റെ ലോവര്‍ ഓര്‍ബിറ്റില്‍ എത്തിച്ചേരും. തുടര്‍ന്നുള്ള 5 ദിവസങ്ങളിലായിരിക്കും നിര്‍ണ്ണായക തീരുമാനം എടുക്കുക. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഭൂമിയില്‍ നിന്നും കാണാന്‍ സാധിക്കാത്ത പ്രതലമാണ് പരീക്ഷണങ്ങള്‍ക്കായി ഐ എസ് ആര്‍ ഒ തിരഞ്ഞെടുത്തിരിക്കുന്നത്.

48 ദിവസം കൊണ്ട് ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. നേരത്തെ ഇത് 54 ദിവസമായിരുന്നു. ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്ന സെപ്തംബര്‍ 6 എന്നത് സെപ്തംബര്‍ 7 ആകാനും സാധ്യതയുണ്ട് എന്ന് ഐ എസ് ആര്‍ ഒ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ചന്ദ്രോപരിതലത്തില്‍ 13 ഭൌമ ദിനങ്ങളാണ് പ്രഗ്യാന്‍ റോവര്‍ പരീക്ഷണങ്ങള്‍ നടത്തുക.

അവസാന ഘട്ട പരിശോധനകളും ഇന്ധനം നിറയ്ക്കുന്ന ജോലിയും ശ്രീഹരിക്കോട്ടയില്‍ തുടരുകയാണ്. ക്രയോജനിക് ഘട്ടത്തിലേക്ക് വേണ്ട ദ്രവീകൃത ഹൈഡ്രജന്‍ നിറയ്ക്കല്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Read More: മലബാറികളായി തന്നെ ജീവിക്കുന്നു, നാട് അവര്‍ക്ക് ദ്വീപാണ്; അന്തമാനിലെ മാപ്പിളമാര്‍ക്ക് കേരളം സന്തോഷമുള്ളൊരു ബന്ധുവീട്

This post was last modified on July 22, 2019 3:05 pm