X

1930 ജനുവരി 26: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ‘പൂര്‍ണ സ്വരാജ്’ പ്രഖ്യാപനം നടത്തി

1929 ഡിസംബര്‍ 19-ന്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി. 1929 ഡിസംബര്‍ 31ന് ജവഹര്‍ലാല്‍ നെഹ്രു ഇന്ത്യന്‍ പതാക ഉയര്‍ത്തി. 1930 ജനുവരി 26 ഇന്ത്യന്‍ സ്വാതന്ത്രദിനമായി ആചരിക്കാന്‍ കോണ്‍ഗ്രസ് ജനങ്ങളോട് ആഹ്വാനം ചെയ്തു

1929 ഡിസംബര്‍ 19-ന്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൂര്‍ണ സ്വരാജ് അഥവാ ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പൂര്‍ണ സ്വയംഭരണ സ്വാതന്ത്ര്യം അഥവ പൂര്‍ണ സ്വരാജിനായി പോരാടുമെന്ന് ഇന്ത്യന്‍ ദേശീയവാദികളും കോണ്‍ഗ്രസും പ്രതിജ്ഞ ചെയ്തു. ഇന്നത്തെ പാകിസ്ഥാനില്‍ ലാഹോറില്‍, 1929 ഡിസംബര്‍ 31ന് ജവഹര്‍ലാല്‍ നെഹ്രു ഇന്ത്യന്‍ പതാക ഉയര്‍ത്തി. 1930 ജനുവരി 26 ഇന്ത്യന്‍ സ്വാതന്ത്രദിനമായി ആചരിക്കാന്‍ കോണ്‍ഗ്രസ് ജനങ്ങളോട് ആഹ്വാനം ചെയ്തു.

1921-ല്‍, ഒരു അഖിലേന്ത്യ കോണ്‍ഗ്രസ് ഫോറത്തില്‍ വച്ച് കോണ്‍ഗ്രസ് നേതാവും കവിയുമായ ഹസ്രത് മൊഹാനിയാണ് ബ്രീട്ടീഷുകാരില്‍ നിന്നും പൂര്‍ണ സ്വാതന്ത്ര്യം എന്ന ആവശ്യം മുന്നോട്ടു വച്ച ആദ്യ പ്രവര്‍ത്തകന്‍. 1919-ലെ അമൃതസര്‍ കൂട്ടക്കൊലയെ തുടര്‍ന്ന് ബ്രിട്ടീഷ് ഭരണത്തിനെതിരെ വ്യാപകമായ പൊതുജന പ്രതിഷേധം ഉയര്‍ന്നിരുന്നു. 1928-ല്‍ സര്‍ ജോണ്‍ സൈമണിന്റെ നേതൃത്വത്തില്‍ ഒരു ഏഴംഗ കമ്മീഷനെ നിയമിച്ചുകൊണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ വീണ്ടും ഇന്ത്യന്‍ ജനതയെ പ്രകോപിപ്പിച്ചു. ഇന്ത്യയില്‍ ഭരണഘടന, രാഷ്ട്രീയ പരിഷ്‌കരണങ്ങള്‍ നടപ്പില്‍വരുത്താനുള്ള ചര്‍ച്ചകള്‍ക്കായാണ് ഈ അഖിലയൂറോപ്യന്‍ കമ്മീഷനെ നിയോഗിച്ചത്. രോഷാകുലമായ പൊതുജന പ്രതിഷേധനങ്ങളാണ് അദ്ധ്യക്ഷന്‍ സര്‍ ജോണ്‍ സൈമണേയും മറ്റ് കമ്മീഷന്‍ അംഗങ്ങളെയും കാത്തിരുന്നത്. അവര്‍ പോയ സ്ഥലങ്ങളിലെല്ലാം പ്രതിഷേധം തുടരുകയും ചെയ്തു. ബ്രിട്ടീഷ് പോലീസിന്റെ ക്രൂരമായ ആക്രമണത്തെ തുടര്‍ന്ന് പ്രമുഖ ഇന്ത്യന്‍ നേതാവ് ലാല ലജപത് റായി കൊല്ലപ്പെട്ടതോടെ ഇന്ത്യന്‍ ജനതയുടെ രോഷം ഇരട്ടിച്ചു.

ഇന്ത്യയുടെ ഭരണഘടന പരിഷ്‌കാരങ്ങളെ കുറിച്ച് പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി കോണ്‍ഗ്രസ് ഒരു അഖിലേന്ത്യ കമ്മീഷനെ നിയോഗിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് മോട്ടിലാല്‍ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള കമ്മീഷനില്‍ ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങള്‍ കക്ഷിചേര്‍ന്നു. സാമ്രാജ്യത്തിന് കീഴില്‍ ഇന്ത്യയ്ക്ക് രാജ്യപദവിയോടു കൂടിയ സ്വയംഭരണം നല്‍കണമെന്ന് നെഹ്രു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എന്നാല്‍, ബ്രീട്ടിഷുമായി എല്ലാ ബന്ധവും സമ്പൂര്‍ണമായി വിച്ഛേദിക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്ന് യുവ ദേശീയ നേതാക്കളായ സുഭാഷ് ചന്ദ്ര ബോസും ജവഹര്‍ലാല്‍ നെഹ്രുവും (മോട്ടിലാലിന്റെ പുത്രന്‍) ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, പ്രതിനിധികള്‍, മറ്റ് രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങള്‍, പൊതുജനങ്ങള്‍ ഇങ്ങനെ വലിയ ഒരു ജനക്കൂട്ടം 1929ല്‍ ലാഹോറില്‍ നടന്ന 45-ാമത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തി. ജവഹര്‍ലാല്‍ നെഹ്രു കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. മുതിര്‍ന്ന നേതാക്കളായ ചക്രവര്‍ത്തി രാജഗോപാലാചാരിയെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയും പോലുള്ളവര്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് മടങ്ങിയെത്തി. സ്വാതന്ത്ര്യ പ്രഖ്യാപനം അവര്‍ അംഗീകരിച്ചു. അതില്‍ ഇങ്ങനെ പ്രഖ്യാപിക്കുന്നു:

‘ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യം നിഷേധിക്കുക മാത്രമല്ല ഇന്ത്യയിലെ ബ്രിട്ടീഷ്, സര്‍ക്കാര്‍ ചെയ്തത്, മറിച്ച് ജനകോടികളെ ചൂഷണം ചെയ്യുകയും സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും ആത്മീയമായും ഇന്ത്യയെ നശിപ്പിക്കുകയും ചെയ്തു. അതുകൊണ്ട്, ബ്രിട്ടീഷ് ബന്ധം ഇന്ത്യ അവസാനിപ്പിക്കുകയും പൂര്‍ണ സ്വരാജ് അഥവാ പൂര്‍ണ സ്വതന്ത്ര്യം ഇന്ത്യ നേടിയെടുക്കുകയും ചെയ്യണം.’

പുതുവര്‍ഷ പുലരിയുടെ തലേന്ന് അര്‍ദ്ധരാത്രിയില്‍, ലാഹോറിലെ രവി നദിയുടെ കരയില്‍ വച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ജവഹര്‍ലാല്‍ നെഹ്രു ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. നികുതി നിഷേധം ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്ന ഒരു സ്വാതന്ത്ര്യ പ്രതിജ്ഞ വായിക്കപ്പെട്ടു. പ്രമേയത്തിന് പിന്തുണച്ചുകൊണ്ടും ഇന്ത്യന്‍ ജനതയുടെ വികാരങ്ങള്‍ കണക്കിലെടുത്തുകൊണ്ടും കേന്ദ്ര, പ്രവിശ്യ നിയമസഭകളിലുണ്ടായിരുന്ന 172 ഇന്ത്യന്‍ അംഗങ്ങള്‍ രാജിവെച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം ഔദ്ധ്യോഗികമായി വിളംബരം ചെയ്യപ്പെട്ടത് 1930 ജനുവരി 26നായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കപ്പെട്ടപ്പോള്‍, പൂര്‍ണ സ്വരാജ് പ്രഖ്യാപനത്തിനുള്ള ആദരമായി 1950 ജനുവരി 26 നിശ്ചയിക്കപ്പെട്ടു. പിന്നീടത് റിപ്പബ്ലിക് ദിനമായി അറിയപ്പെടാന്‍ തുടങ്ങി.

This post was last modified on January 26, 2017 1:02 pm