X

ജുവനൈല്‍ ബില്‍ രാജ്യസഭയില്‍ ചര്‍ച്ച തുടങ്ങി

അഴിമുഖം പ്രതിനിധി

2012 ഡിസംബര്‍ 16-ന് ദല്‍ഹിയില്‍ രാജ്യത്തെ നടുക്കിയ കൂട്ടബലാല്‍സംഗവും കൊലപാതകവും ഇന്ത്യയിലെ കുറ്റകൃത്യ നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. എന്നാല്‍ കടുത്ത കുറ്റങ്ങള്‍ ചെയ്യുന്ന കൗമാരക്കാരെ കൈകാര്യം ചെയ്യുന്ന നിയമം മാത്രം മാറ്റങ്ങള്‍ ഒന്നുമില്ലാതെ തുടര്‍ന്നിരുന്നു. എന്നാല്‍ 2000-ല്‍ നിലവില്‍ വന്ന നിയമത്തിന് പകരമുള്ള ബില്‍ ഇന്ന് രാജ്യസഭ ചര്‍ച്ച ചെയ്യുകയാണ്.

2012-ലെ കൂട്ടബലാല്‍സംഗം ഉയര്‍ത്തി വിട്ട രോഷത്തെ തുടര്‍ന്ന് ജുവനൈല്‍ നീതി ഭേദഗതി ബില്‍ കഴിഞ്ഞ വര്‍ഷമാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഈ കേസിലെ ഒരു പ്രതി കൗമാരക്കാരനായിരുന്നതാണ് ഈ നിയമത്തിനുമേല്‍ ശ്രദ്ധപതിയാന്‍ ഇടയാക്കിയത്. കഴിഞ്ഞ മേയ് മാസത്തില്‍ ലോക് സഭ ഈ ബില്‍ പാസാക്കിയിരുന്നു.

ബലാല്‍സംഗം, കൊലപാതകം പോലുള്ള കടുത്ത കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന 16-നും 18-നും ഇടയില്‍ പ്രായമുള്ളവരെ മുതിര്‍ന്നവര്‍ക്ക് തുല്യമായി വിചാരണ ചെയ്യാന്‍ ഈ ബില്‍ അനുവദിക്കുന്നു. ഏഴ് വര്‍ഷമോ അതിലധികമോ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റകൃത്യങ്ങളാണ് ക്രൂരമായവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. എല്ലാ ജില്ലകളിലും ബാലനീതി ബോര്‍ഡുകളും ബാല ക്ഷേമ സമിതികളും സ്ഥാപിക്കുന്നതിന് ഈ ബില്ലില്‍ വകുപ്പുണ്ട്. രണ്ടിലും വനിതകളായി ഒരു അംഗമെങ്കിലും ഉണ്ടാകും.

ഒരു ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും രണ്ട് സാമൂഹ്യ പ്രവര്‍ത്തകര്‍ അംഗങ്ങളുമാണ് ബാലനീതി ബോര്‍ഡിലുണ്ടാകുക. 16-നും 18-നും വയസിനും ഇടയിലെ ഒരാളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണ ചെയ്യണമോയെന്ന് തീരുമാനിക്കുക ബാലനീതി ബോര്‍ഡുകളാണ്.

18 വയസിന് താഴെയുള്ള എല്ലാ കുട്ടികളേയും തുല്യരായി കാണണമെന്ന് നിര്‍ദ്ദേശിക്കുന്ന കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള യുഎന്‍ കണ്‍വെന്‍ഷനില്‍ ഇന്ത്യ ഒപ്പു വച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പരിഗണിക്കുന്ന ബില്‍ ഈ കണ്‍വെന്‍ഷന്റെ ലംഘനമാണ് എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൂടാതെ ക്രൂരമായ കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെടുന്ന കൗമാരക്കാരെ മുതിര്‍ന്നവരായി കണ്ട് വിചാരണ ചെയ്യുന്നത് ഇന്ത്യന്‍ ഭരണഘടനയില്‍ തുല്യതയ്ക്കുവേണ്ടിയുള്ള അവകാശം ഉറപ്പു വരുത്തുന്ന ആര്‍ട്ടിക്കിള്‍ 14-ന്റേയും ലംഘനമാണെന്ന അഭിപ്രായവും ഉണ്ട്.

ദല്‍ഹി പീഡനക്കേസിലെ പ്രതിയായ കൗമാരക്കാരനെ മൂന്നു വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി വിട്ടയച്ചതാണ് ഇപ്പോള്‍ രാജ്യസഭയില്‍ ബില്‍ വീണ്ടും ചര്‍ച്ചയ്ക്ക് എത്തിച്ചത്. ഈ നിയമത്തിന് മുന്‍കാല പ്രാബല്യം ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ സഭയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. സഭയില്‍ നടക്കുന്ന ചര്‍ച്ചകള്‍ വീക്ഷിക്കാന്‍ ദല്‍ഹി സംഭവത്തിലെ ഇരയായ ജ്യോതി സിംഗിന്റെ മാതാപിതാക്കള്‍ രാജ്യസഭയിലെ സന്ദര്‍ശക ഗാലറിയില്‍ എത്തിയിട്ടുണ്ട്.

This post was last modified on December 27, 2016 3:32 pm