X

സോഷ്യല്‍ മീഡിയയിലെ ഏറ്റവും നല്ല എംഎല്‍എ; ഔട്ട്‌ലുക്ക് അവാര്‍ഡ് തോമസ് ഐസക്കിന്

അഴിമുഖം പ്രതിനിധി

സോഷ്യല്‍ മീഡിയയിലെ ഏറ്റവും നല്ല എംഎല്‍എ ആയി കേരളത്തിന്റെ ധനമന്ത്രി കൂടിയായ തോമസ് ഐസക് എംഎല്‍എയെ തെരഞെടുത്തു. തന്റെ എഫ് ബി പേജിലൂടെ ഐസസക്ക് തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്.ഇരുപതില്‍ പരം വ്യത്യസ്ത മേഖലകളില്‍ നിന്ന് സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലിന് മാതൃക സൃഷ്ടിച്ചവരെ കണ്ടെത്തി അംഗീകരിക്കുന്നതായിരുന്നു ഔട്ട്‌ലുക്ക് സോഷ്യല്‍ മീഡിയ അവാര്‍ഡ്.

ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ എഫ് ബി പോസ്റ്റുകള്‍ മലയാളത്തിലാണ് എഴുതാറ് . അതുകൊണ്ട് മലയാളികള്‍ക്കപ്പുറം അവയ്ക്ക് വായനയുണ്ടെന്ന് ഞാന്‍ കരുതിയിട്ടില്ല . അതിനാല്‍ സോഷ്യല്‍ മീഡിയയിലെ ഏറ്റവും നല്ല എംഎല്‍എ എന്ന നിലയില്‍ ഔട്ട്‌ലൂക്ക് മാഗസിന്‍ എന്നെ തെരഞ്ഞെടുത്തത് അവിചാരിതമായിട്ടായിരുന്നു. ഇരുപതില്‍ പരം വ്യത്യസ്ത മേഖലകളില്‍ നിന്ന് സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലിന് മാതൃക സൃഷ്ടിച്ചവരെ കണ്ടെത്തി അംഗീകരിക്കുന്നതായിരുന്നു ഔട്ട്‌ലുക്ക് സോഷ്യല്‍ മീഡിയ അവാര്‍ഡ് .

ഒരു പക്ഷെ എന്റെ അംഗീകാരത്തിന് കാരണം ജൂറികളില്‍ രണ്ടുപേര്‍ മലയാളികള്‍ ആയിരുന്നതായിരിക്കും. ജൂറി ചെയര്‍മാന്‍ ശശി തരൂരും ഔട്ട്‌ലുക്ക് എഡിറ്റര്‍ രാജേഷ് പിള്ളയും.

പ്രശസ്തരുടെ ഒരു നീണ്ട നിരയുണ്ടായിരുന്നു. കേന്ദ്രമന്ത്രിമാരില്‍നിന്നും സുഷമ സ്വരാജ്, മുഖ്യമന്ത്രിമാര്‍,സംസ്ഥാന മന്ത്രിമാര്‍ എന്നിവരില്‍ നിന്നും അരവിന്ദ് കേജരിവാള്‍,ചലച്ചിത്ര മേഖലയില്‍ നിന്നും അമിതാഭ്ബച്ചന്‍, സ്‌പോര്‍ട്‌സില്‍ നിന്നും സൈന നേഹ് വാള്‍ എന്നിങ്ങനെ.ബച്ചനും മറ്റുള്ളവരും ഉള്ളത് കൊണ്ട് ആവാം ക്ഷണിക്കപെട്ട ചെറുസദസ്സേ ഉണ്ടായിരുന്നുള്ളൂ . ഇവര്‍ക്ക് മുന്നിലായിരുന്നു അവാര്‍ഡ് ദാനം . എനിക്കുള്ള അവാര്‍ഡ് അദ്വാനിജിയാണ് സമ്മാനിച്ചത് . അവാര്‍ഡ് ദാനത്തിന് മുന്നേ ഒരു ചെറു സംവാദം നടന്നു . നയിച്ചത് ശശി തരൂര്‍ , വേദിയിലും സദസ്സിലും ഉള്ളവര്‍ക്ക് അദ്ദേഹത്തിന്റെ സംഭാഷണം ഏറെ വിജ്ഞാനപ്രദവും കൗതുകകരവുമായിരുന്നു . ഏതായാലും എന്നെ കുറിച്ചുള്ള വിശേഷണം ‘ ഉപദേശ പ്രസംഗങ്ങളെക്കാള്‍ തന്റെ ദൈനംദിന ജീവിതം സംവേദിക്കാന്‍ ഉപയോഗിക്കുന്നു ,അനുഭവങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇടം കൊടുക്കുന്നു . അങ്ങനെ നവമാധ്യമങ്ങളിലെ ഒരു കഥാകാരന്‍ ആയി മാറുന്നു’ എന്നതായിരുന്നു.

ഔട്ട് ലുക്ക് മാസികയിലെ ലഘുവിശദീകരണം ഈ ലിങ്കില്‍ വായിക്കാം

http://www.outlookindia.com/…/the-uncommon-storytell…/297969

#OutlookSocialMediaAwards

This post was last modified on December 27, 2016 2:24 pm