X

ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരെ അമേരിക്ക പ്രതിഷേധിക്കുമ്പോള്‍ വൈറലായ ഇന്ത്യന്‍ വംശജയുടെ പ്രസംഗം

എ ആര്‍ റഹ്മാന്‍ ഉള്‍പ്പെടുയുള്ള പ്രമുഖരാണ് മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയായ വലേറി കൗറിന്റെ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരെ അമേരിക്കയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിനിടെ ഒരു ഇന്ത്യന്‍ വംശജ നടത്തിയ ചിന്തോദ്ദീപകമായ പ്രസംഗം വന്‍ പ്രചാരം നേടുന്നു. എ ആര്‍ റഹ്മാന്‍ ഉള്‍പ്പെടുയുള്ള പ്രമുഖരാണ് മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയായ വലേറി കൗറിന്റെ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ട്രംപ് വിവാദതീരുമാനം എടുക്കുന്നതിന് മുമ്പ് നടന്ന ഒരു ചടങ്ങിലായിരുന്നു കൗറിന്റെ പ്രസംഗം. ട്രംപ് ചുമതലയേല്‍ക്കുന്നതിന് മുമ്പ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31നായിരുന്നു കൗറിന്റെ പ്രസംഗം. ഇതുവരെ ഫേസ്ബുക്കില്‍ മാത്രം 2.5 ദശലക്ഷം പേരാണ് അവരുടെ പ്രസംഗം വീക്ഷിച്ചത്. 31,500 പേര്‍ അത് ഷെയര്‍ ചെയ്തുകഴിഞ്ഞു.

തന്റെ മുത്തച്ഛന്‍ അമേരിക്കയിലേക്ക് വന്ന കഥ പറഞ്ഞുകൊണ്ടാണ് കൗര്‍ തന്റെ പ്രഭാഷണം ആരംഭിക്കുന്നത്. ‘103 വര്‍ഷം മുമ്പ് ഒരു ക്രിസ്തുമസ് സായാഹ്നത്തില്‍ എന്റെ മുത്തച്ഛന്‍ ഒരു ഇരുണ്ട, തണുത്ത സെല്ലില്‍ കാത്തിരുന്നു,’ അവര്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നും പസഫിക് സമുദ്രത്തിലൂടെ ഒരു ആവിക്കപ്പലില്‍ തുഴഞ്ഞാണ് അദ്ദേഹം അമേരിക്കയില്‍ എത്തിയത്.’അമേരിക്കന്‍ തീരങ്ങളില്‍ എത്തിയ അദ്ദേഹത്തിന്റെ ഇരുണ്ട നിറവും സിഖ് മതവിശ്വാസത്തിന്റെ ഭാഗമായുള്ള നീളമുള്ള തലപ്പാവും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ഒരു സഹോദരനായല്ല മറിച്ച് വിദേശിയായി കാണുകയും മാസങ്ങളോളം തടവില്‍ പാര്‍പ്പിക്കുകയും ചെയ്തു’ എന്ന് കൗര്‍ വിശദീകരിക്കുന്നു. ഒരു വെള്ളക്കാരനായ അഭിഭാഷകന്‍ സഹായിക്കുന്നത് വരെ അദ്ദേഹത്തിന് തടവില്‍ കഴിയേണ്ടി വന്നു.

തന്റെ മുത്തച്ഛനെ സഹായിച്ച വെള്ളക്കാരനെ പോലെ മറ്റുള്ളവരെ സഹായിക്കുന്ന ഒരു അഭിഭാഷകയാകാന്‍ 9/11ന് ശേഷം താനും തീരുമാനിക്കുകയായിരുന്നുവെന്ന് കൗര്‍ പറയുന്നു. ലോകത്തെ ഒരു മെച്ചപ്പെട്ട സ്ഥലമാക്കി മാറ്റാന്‍ തന്റെ ശ്രമങ്ങളും സഹായിക്കുന്നുണ്ട് എന്ന വിശ്വാസം അവര്‍ പ്രകടിപ്പിച്ചു. എന്നാല്‍ തനിക്ക് കൈമാറി കിട്ടിയ ലോകത്തെക്കാള്‍ മോശമായ ഒരു ലോകമാണ് തന്റെ മകന് കൈമാറേണ്ടി വരുന്നതെന്ന് അവര്‍ പറഞ്ഞു. വിദ്വേഷ പ്രചാരണങ്ങള്‍ മൂലമാണ് ലോകം മോശമായിക്കൊണ്ടിരിക്കുന്നത്.

ഈ ഇരുട്ട് ശവകുടീരത്തിലെ ഇരുട്ടല്ലാതിരിക്കുകയും ഗര്‍ഭപാത്രത്തിലെ ഇരുട്ടായിരിക്കുകയും ചെയ്‌തെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്ന് അവര്‍ ചോദിക്കുന്നു. നമ്മുടെ അമേരിക്ക മരിച്ചിട്ടില്ലായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? ജനിക്കാന്‍ വേണ്ടി കാത്തിരിക്കുന്ന ഒരു രാജ്യമായിരുന്നെങ്കില്‍? ഒരു ദീര്‍ഘപ്രസവത്തിന്റെ ഒന്നായിരുന്നു അമേരിക്കയുടെ കഥയെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? വന്‍ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ അവര്‍ ചോദിക്കുന്നു. പ്രസംഗം ഷെയര്‍ ചെയ്ത എ ആര്‍ റഹ്മാനും അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.