X

വയനാട്ടിലെ കടുവ ആക്രമണം; നാട്ടുകാരുടെ പ്രതിഷേധം ശക്തം

അഴിമുഖം പ്രതിനിധി

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ വ്യാപക പ്രതിഷേധം. പ്രതിഷേധക്കാര്‍ ഇന്ന് തമിഴ്‌നാടിന്റെ രണ്ട് വണ്ടികളടക്കം അഞ്ച് വാഹനങ്ങള്‍ തകര്‍ത്തു. വനംവകുപ്പ് ഓഫീസ് തീയിട്ട് നശിപ്പിക്കുകയും ചെയ്തു. കടുവയെ വെടിവെയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. വയനാട് അതിര്‍ത്തിയോട് ചേര്‍ന്ന് തമിഴ്‌നാട്ടിലെ പാട്ടവയലിലാണ് സമരം. 

ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹവുമായി സമരക്കാര്‍ കോഴിക്കോട്-ഊട്ടി ദേശീയപാത ഉപരോധിച്ചു. തുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ച് മൃതദേഹം മാറ്റുകയായിരുന്നു. തമിഴ്‌നാട് നീലഗിരി ജില്ലയിലെ പാട്ടവയല്‍ ചോലക്കടവ് കൈവട്ടം ശിവകുമാറിന്റെ ഭാര്യ മഹാലക്ഷ്മി ഇന്നലെ രാവിലെയാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സമരക്കാരുമായി ജില്ലാ റവന്യൂ ഓഫീസര്‍ ചര്‍ച്ച നടത്തിയെങ്കിലും കടുവയെ കൊല്ലാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരക്കാര്‍. സംഭവത്തില്‍ പ്രതിഷേധിച്ച് പന്തല്ലൂര്‍ താലൂക്കില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. 

അതിനിടെ മഹാലക്ഷ്മിയുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 

ഇന്നലെ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവ പിന്നീട് ബത്തേരി പാട്ടവയല്‍ ചെറുകുന്ന് രാജന്റെ മകന്‍ രജീഷിനേയും ആക്രമിച്ചിരുന്നു. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

This post was last modified on December 27, 2016 2:48 pm