X

രാഷ്ട്രപതിയെ നിങ്ങള്‍ ദേശവിരുദ്ധന്‍ എന്നു വിളിക്കുമോ? ബിജെപി മന്ത്രിമാര്‍ മറുപടി പറയട്ടെ

ബിജെപിയുടെ നയങ്ങളുമായോ പ്രവര്‍ത്തനങ്ങളുമായോ അഭിപ്രായവ്യത്യാസമുള്ള എന്തും ദേശദ്രോഹമായി മാറുന്നത്ര കടുത്തതാണ് ഈ രാജ്യത്തോടുള്ള അവരുടെ സ്‌നേഹം

‘വിവേകപൂര്‍ണമായ സംവാദങ്ങളുടെയും ചര്‍ച്ചകളുടെയും’ ആവശ്യകതയെ കുറിച്ച് കൊച്ചിയില്‍ നടന്ന ആറാമത് കെ എസ് രാജാമണി സ്മാരക പ്രഭാഷണത്തില്‍ ഇന്ത്യയുടെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി മനോഹരമായി സംസാരിച്ചു. ഇന്ത്യയുടെ വൈവിദ്ധ്യത്തിന്റെയും സഹിഷ്ണുതയുടെയും നീണ്ട ചരിത്രത്തെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. മതത്തിന്റെയോ സംസ്‌കാരത്തിന്റെയോ ഭാഷയുടെയോ  കാര്യത്തില്‍ ഏകരൂപം അടിച്ചേല്‍പിക്കാന്‍ സ്വതന്ത്ര ഇന്ത്യ ഒരിക്കലും ശ്രമിച്ചിട്ടില്ല എന്ന് എടുത്തു പറഞ്ഞ അദ്ദേഹം, ക്രിയാത്മകതയും സ്വതന്ത്രമായ ചിന്തകളും പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കുന്നതിന് പകരം അക്രമങ്ങളും അസ്വസ്ഥതകളും നടമാടുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ആശങ്കാകുലനാകുകയും ചെയ്തു. ‘സ്വതന്ത്രചിന്തയുടെ ആശയങ്ങളുടെ പ്രതിനിധാനം ആയിരുന്ന’ നളന്ദയുടെയും തക്ഷശിലയുടെയും പാരമ്പര്യമാണ് ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്ക് ഉള്ളത്. പക്വതയാര്‍ന്ന സംവാദങ്ങളും സഹിഷ്ണുതയും സ്വതന്ത്ര ചിന്തകളും അടിസ്ഥാനതത്വങ്ങളായുള്ള ഒരു പ്രത്യയശാസ്ത്രമായോ മൂല്യസംവിധാനമായോ രാഷ്ട്രപതിയുടെ വാക്കുകളെ കണക്കിലാക്കാവുന്നതാണ്.

എന്നാല്‍, പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായിരിക്കുന്ന രാജ്യത്തിന്റെ ധനകാര്യമന്ത്രി മറ്റൊരു സ്ഥലത്ത് ഭരണകക്ഷിയുടെ തികച്ചും വ്യത്യസ്തമായ മറ്റൊരു പ്രത്യയശാസ്ത്രത്തെ കുറിച്ചാണ് സംസാരിച്ചത്. സര്‍വകലാശാലകളിലും കോളേജുകളിലും ദേശീയത അടിസ്ഥാന സംവാദപ്രശ്‌നമോ സംഘര്‍ഷ കാരണമോ ആകുന്നതിനെ കുറിച്ച് പരാമര്‍ശിക്കവെ ‘ഈ രാജ്യത്തോടുള്ള സ്‌നേഹം എന്ന അടിസ്ഥാന പ്രത്യയശാസ്ത്രത്തില്‍’ ഭാരതീയ ജനത പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നാണ് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത്. ആസാദിയെ കുറിച്ചുള്ള ഏതൊരു മുദ്രാവാക്യവും രാജ്യദ്രോഹ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന നഗരവികസന, പാര്‍പ്പിട, നഗരദാരിദ്ര നിര്‍മ്മാര്‍ജ്ജന മന്ത്രി എം വെങ്കയ്യ നായിഡുവിന്റെ ആക്രമണോത്സുകമായ ദേശീയവാദത്തോട് കിടപിടിക്കുന്നതായിരുന്നു അരുണ്‍ ജെയ്റ്റ്‌ലിയുടെ പരാമര്‍ശം.

ബിജെപിയുടെ നയങ്ങളുമായോ പ്രവര്‍ത്തനങ്ങളുമായോ അഭിപ്രായവ്യത്യാസമുള്ള എന്തും ദേശദ്രോഹമായി മാറുന്നത്ര കടുത്തതാണ് ഈ രാജ്യത്തോടുള്ള അവരുടെ സ്‌നേഹം. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ മാത്രം അര്‍ത്ഥവത്തായിരുന്ന ഒരു യുക്തിയാണ് അതിന് പിന്നിലുള്ളത്. അതുകൊണ്ട് തന്നെ ബിജെപി ‘ചട്ടം’ എന്ന് വ്യാഖ്യാനിക്കുന്ന കാര്യങ്ങളോട് വിയോജിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്ന ആരെയും ഭീഷണിപ്പെടുത്താനും മര്‍ദ്ദിക്കാനും നിശബ്ദരാക്കാനുമുള്ള ഫലപ്രദമായ വടിയായി ‘ദേശദ്രോഹം’ എന്ന് തിരിച്ചറിയുന്ന ഒരു സര്‍ക്കാര്‍ കോളോണിയല്‍ കാലത്തുമാത്രം അര്‍ത്ഥമുണ്ടായിരുന്ന ചില നിയമങ്ങളെ പുനഃരുജ്ജീവിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.

ബിജെപിയുടെ വിഭാഗീയ തന്ത്രങ്ങളും നിയന്ത്രിക്കാന്‍ ഇഷ്ടപ്പെടുന്ന രീതികളും അസ്വസ്ഥവും അനൗചിത്യം നിറഞ്ഞതുമായ ചോദ്യങ്ങള്‍ ഉയര്‍ത്തി വിടുന്നു. ദേശവിരുദ്ധ നിയമത്തിന്റെ കൂറച്ചുകൂടി തിവ്രമായ ഉപയോഗത്തിനായി വാദിക്കുന്ന ബിജെപി പ്രോത്സാഹിപ്പിക്കുന്ന ദേശീയതയ്ക്ക് പ്രത്യക്ഷത്തില്‍ ഘടകവിരുദ്ധമായ മൂല്യങ്ങളാണ് രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ആഘോഷിക്കപ്പെടുന്നത്. ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് രണ്ടും സര്‍ക്കാരിന്റെ ശബ്ദമാണ്. ഈ രണ്ടു വാദങ്ങളും പൊരുത്തപ്പെട്ടുപോകുന്നത് എങ്ങനെയാണ്? പൊരുത്തപ്പെട്ടുപോകുന്നില്ലെങ്കില്‍ രാഷ്ട്രപതി ദേശവിരുദ്ധനാണെന്ന് ബിജെപി അവകാശപ്പെടുമോ?

സ്വന്തം രാജ്യത്തോടുള്ള ഒരാളുടെ സ്‌നേഹമോ അല്ലെങ്കില്‍ അത് പ്രകടിപ്പിക്കുന്ന രീതിയോ ആരുടെയും കുത്തകയാകാന്‍ പറ്റില്ല. ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജനാധിപത്യ സങ്കല്‍പത്തെ കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് രാഷ്ട്രപതി അത് വ്യക്തമാക്കി കഴിഞ്ഞു. തിരഞ്ഞെടുപ്പുകള്‍ക്കോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാരിന്റെ രാഷ്ട്രീയ രൂപത്തിനോ അപ്പുറം, സ്വന്തം അയല്‍ക്കാരോടും വിമര്‍ശകരോടും ശത്രുവിനോടുമുള്ള പെരുമാറ്റ രീതിയും ആലോചനയുമാണ് ജനാധിപത്യത്തെ നിര്‍ണയിക്കുന്നത്. ജനാധിപത്യത്തിന്റെ സൂക്ഷ്മബോധത്തെ പ്രതിഫലിപ്പിക്കാന്‍ എപ്പോഴും തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് മാത്രം സാധിക്കണമെന്നില്ല. എന്നാല്‍, ഇതുവരെ, ഇതേ കുറിച്ച് ബോധ്യമുണ്ടെന്ന് തെളിയിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല.

 

This post was last modified on March 5, 2017 12:33 pm