X

ഫയല്‍ നീക്കം വൈകുന്നു; എം വി ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും

പുതിയ പ്രൈവറ്റ് സെക്രട്ടറി എത്തുന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫയല്‍ നീക്കം ഉള്‍പ്പെടെ വേഗത്തിലാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ

സിപിഎം സംസ്ഥാനസമിതി അംഗം എം വി ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയാകും. അദ്ദേഹം നാളെ ചുമതലയേല്‍ക്കുമെന്നാണ് അറിയുന്നത്. ഇപ്പോള്‍ അദ്ദേഹം ലോട്ടറിക്ഷേമനിധി ബോര്‍ഡിന്റെ ചെയര്‍മാനാണ്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഇപ്പോള്‍ വഹിക്കുന്നത് ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി പദവിയിലുള്ള എം ശിവശങ്കര്‍ ആണ്. ഐടി സെക്രട്ടറിയുടെ കൂടി സ്ഥാനം അദ്ദേഹം വഹിക്കുന്നുണ്ട്. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. നിലവിലെ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്‌ ഈമാസം 31ന് വിരമിക്കാനിരിക്കെ നളിനി നെറ്റോ പുതിയ ചീഫ് സെക്രട്ടറിയാകും.

നിലവില്‍ ഭരണം ഇഴഞ്ഞു നീങ്ങുകയാണെന്ന പരാതി വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ഈ പരാതി ഉയര്‍ന്നതോടെയാണ് ജയരാജനെ പ്രൈവറ്റ് സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത്. ഇടതുസര്‍ക്കാരുകളുടെ കാലത്തെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസില്‍ സിപിഎമ്മിന്റെ രണ്ട് നോമിനികള്‍ ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പൊളിറ്റിക്കല്‍ സെക്രട്ടറി സംസ്ഥാന സമിതി അംഗം പുത്തലേത്ത് ദിനേശന്‍ ആണ്. വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കെ എന്‍ ബാലഗോപാല്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയും എസ് രാജേന്ദ്രന്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു. ഇ കെ നായനാരുടെ കാലത്ത് പി ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയും ഇ എന്‍ മുരളീധരന്‍ നായര്‍ പ്രൈവറ്റ് സെക്രട്ടറിയുമായി.

പുതിയ പ്രൈവറ്റ് സെക്രട്ടറി എത്തുന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫയല്‍ നീക്കം ഉള്‍പ്പെടെ വേഗത്തിലാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. വിജിലന്‍സ് നടപടികളില്‍ പ്രതിഷേധിച്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ തീരുമാനങ്ങളെടുക്കുന്നത് വൈകിപ്പിക്കുന്നതും ഫയല്‍ നീക്കത്തിന് തടസ്സമാകുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കര്‍ശന നിര്‍ദ്ദേശം പോയാല്‍ ഇക്കാര്യത്തില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.

This post was last modified on March 5, 2017 12:15 pm