X
    Categories: യാത്ര

വധുവിനോടൊപ്പം ഉറങ്ങിയ ശേഷം രാവിലെ വരന്‍ സ്ഥലം വിട്ടോണം; ഇത് ‘സ്ത്രീകളുടെ സാമ്രാജ്യം’

കൗമാരപ്രായം എത്തുമ്പോള്‍ മോസോ പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ കാമുകന്മാരെ തിരഞ്ഞെടുക്കാം. എത്ര കാമുകന്മാരെ വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും മോസോ പെണ്‍കുട്ടികള്‍ക്ക് ഉണ്ട്.

മോസോ ജനങ്ങളുടെ വാസസ്ഥലമാണ് ഹിമാലയങ്ങളിലൂടെ ഒഴുകുന്ന മനോഹരമായ ലുഗു ലേക്ക്. എന്നാല്‍ ‘സ്ത്രീകളുടെ സാമ്രാജ്യം’ എന്ന് അറിയപ്പെടുന്ന ഒരു നിഗൂഡമായ സ്ഥലത്തേക്കുള്ള പ്രവേശന കവാടം കൂടിയാണ് ഇവിടം. ഏകദേശം 40,000 മോസോ ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. ചൈനയിലെ സിച്ചുവാന്‍, യുന്നാന്‍ പ്രവിശ്യയിലെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ലുഗു ലേക്കിന്റെ കരയിലാണ് നൂറ്റാണ്ടുകളായി ഇവര്‍ താമസിക്കുന്നത്. ചുറ്റിനും മലകളും തടികൊണ്ട് നിര്‍മ്മിച്ച വീടുകളുമുള്ള മനോഹരമായ കാഴ്ച സമ്മാനിക്കുന്ന ഒരു ഗ്രാമമാണ് ഇത്.

2,700 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന് ഏറ്റവും അടുത്തുള്ള നഗരത്തിലേക്ക് ഏതാണ്ട് ആറ് മണിക്കൂര്‍ ദൂരമുണ്ട്. ലോകത്തിന്റെ മറ്റെങ്ങും കാണാത്ത ഇവിടുത്തെ ആചാരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ‘നടന്നു കൊണ്ടു വിവാഹം കഴിക്കുന്നത്’ (സൗഹുന്‍) പരമ്പരാഗതമായി നടന്നു വരുന്ന ഒരു വ്യത്യസ്ത ചടങ്ങാണ്. കൗമാരപ്രായം എത്തുമ്പോള്‍ മോസോ പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ കാമുകന്മാരെ തിരഞ്ഞെടുക്കാം. എത്ര കാമുകന്മാരെ വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും മോസോ പെണ്‍കുട്ടികള്‍ക്ക് ഉണ്ട്.

വിവാഹസമയത്ത് വധുവിന്റെ വീട്ടില്‍ നിന്ന് പുരുഷന്മാര്‍ക്ക് ക്ഷണം കിട്ടുമ്പോള്‍ അവര്‍ വധുവിന്റെ വീട്ടിലേക്ക് പോകുന്നു. പൂക്കള്‍ കൊണ്ട് അലങ്കരിച്ച മുറിയില്‍ വധുവിനോടൊപ്പം ഉറങ്ങിയ ശേഷം രാവിലെ വരന്‍ സ്വന്തം വീട്ടിലേക്ക് തിരികെ പോകും. ഇവിടെ ദമ്പതികള്‍ ഒരുമിച്ച് താമസിക്കാറില്ല. കുട്ടി ഉണ്ടാകുമ്പോള്‍ വധുവിന്റെ കുടുംബമാണ് കുട്ടിയെ വളര്‍ത്തുന്നത്. വധുവിന്റെ സഹോദരന്മാര്‍ക്കും അമ്മാവന്മാര്‍ക്കുമാണ് കുട്ടിയുടെ രക്ഷകര്‍ത്തൃസ്ഥാനം. മോസോ സമൂഹത്തിലെ പുരുഷന്മാര്‍ക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. പ്രാദേശികമായ സാധനങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് പുരുഷന്മാര്‍ സാധാരണ ഗ്രാമത്തിന് പുറത്തായിരിക്കും. വീട് നിര്‍മ്മാണം, മത്സ്യബന്ധനം, അറവ് എന്നിങ്ങനെയുള്ള ജോലികളും പുരുഷന്മാരാണ് ചെയ്യുന്നത്.

സ്വന്തം മക്കളെ വളര്‍ത്തുന്നതില്‍ പുരുഷന്മാര്‍ക്ക് ഉത്തരവാദിത്വം ഇല്ലെങ്കിലും അവരുടെ സഹോദരീപുത്രനെയോ പുത്രിയെയോ സാമ്പത്തികമായും മറ്റെല്ലാ തരത്തിലും വളര്‍ത്തേണ്ട ചുമതല പുരുഷന്മാര്‍ക്കുണ്ട്. ലോകത്തെ ഏറ്റവും അവസാനത്തെ മാട്രിയാര്‍ക്കല്‍ സമൂഹമാണ് മോസോ എന്നാണ് അറിയപ്പെടുന്നത്. സമൂഹത്തില്‍ രാഷ്ട്രീയമായ മുന്‍തൂക്കം പുരുഷന്മാര്‍ക്ക് ഉണ്ടെങ്കിലും വീട്ടിലെ പ്രധാന ചുമതലയും തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരവും സ്ത്രീകള്‍ക്കാണ്. അമ്മയുടെ മരണ ശേഷം അടുത്ത സ്ഥാനം വഹിക്കേണ്ട സ്ത്രീയ്ക്കാണ് സ്വത്തും പണവും സ്വന്തമാകുന്നത്. മോസോയിലെ സ്ത്രീകള്‍ക്കുള്ള സ്വാതന്ത്ര്യത്തിന്റെയും അധികാരത്തിന്റെയും തെളിവാണ് ഇത്.

മോസോ കുടുംബത്തില്‍ വളര്‍ന്ന ചെറുപ്പക്കാരനായ സംഗീതജ്ഞനാണ് യാങ് സാക്സി. അമ്മയും അമ്മായിയും അമ്മാവനുമാണ് സാക്സിയെ വളര്‍ത്തിയത്. ചെറുപ്പത്തില്‍ പിതാവ് കുറച്ച് നാള്‍ കൂടെയുണ്ടായിരുന്നു. പിതാവിനോടൊപ്പം കൂണ്‍ പറിക്കുന്നതിനും വിറക് ശേഖരിക്കുന്നതിനും പോയ കാര്യങ്ങള്‍ അവന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഇന്നും അവന്റെ പിതാവ് ഈ ഗ്രാമത്തിലുണ്ട്. ഇരുവരും തമ്മിലുള്ള സ്നേഹബന്ധം ഇപ്പോഴും തുടരുന്നുമുണ്ട്.

‘പുരുഷന്മാരുടെ സ്വഭാവം പോലെയാണ് കാര്യങ്ങള്‍. നല്ല പുരുഷനാണെങ്കില്‍ വിവാഹം കഴിഞ്ഞ് സ്വന്തം കുട്ടികളെ പരിപാലിക്കുകയും, വിദ്യഭ്യാസത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്യുകയും ചെയ്യും. ഉത്തരവാദിത്വം ഇല്ലെങ്കിലും കുട്ടികള്‍ അദ്ദേഹത്തിന്റെ തന്നെയാണ്.’- സാക്സി പറഞ്ഞു.

മറ്റ് സമൂഹത്തിലെ വിവാഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി മോസോ സമൂഹത്തില്‍ വിവാഹിതരാകുന്ന സ്ത്രീകള്‍ പുരുഷന്മാരെ ആശ്രയിക്കാറില്ല. എന്നാല്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹബന്ധം തുടര്‍ന്നു പോകും. സാക്സിയുടെ അമ്മായിയായ യാങ് കോംങ്മുവാണ് ആ കുടുംബത്തിലെ ചുമതലകള്‍ നിര്‍വ്വഹിക്കുന്നത്. ‘ദാബു’ എന്നാണ് ഇവരെ സംബോധന ചെയ്യുന്നത്. കോംങ്മുവിന്റെ ആദ്യ ഭര്‍ത്താവ് ഒരു കാര്‍പെന്റര്‍ ആയിരുന്നു. വീട് നിര്‍മ്മാണത്തിനിടയിലാണ് ഇരുവരും പരിചയപ്പെട്ടത്. കോംങ്മു കാമുകനെ ആദ്യം കണ്ടപ്പോള്‍ പഴയ ആചാരപ്രകാരം ഒരു ബെല്‍റ്റ് തുന്നിക്കൊടുത്തു. എന്നാല്‍ പുതിയ തലമുറയിലെ കാമുകീ-കാമുകന്മാര്‍ കണ്ടുമുട്ടുമ്പോള്‍ പൂക്കള്‍ അല്ലെങ്കില്‍ ഐഫോണാണ് നല്‍കുന്നത്.

‘കുറച്ച് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ തമ്മിലുള്ള പ്രണയത്തിന് മങ്ങല്‍ സംഭവിച്ചു. കുട്ടികളുമായി യാതൊരു ഉത്തരവാദിത്വവും ഇല്ലാതായതോടെ അദ്ദേഹം ഇങ്ങോട്ട് വരാതെയുമായി. മോസോ സമൂഹത്തിലെ സംസ്‌കാരം അനുസരിച്ച് ബന്ധങ്ങള്‍ എന്നാല്‍ പരസ്പര സ്നേഹമാണ്. ആ സ്നേഹം മങ്ങിത്തുടങ്ങുമ്പോള്‍ ഞങ്ങള്‍ മുന്നോട്ട് പോകും’- യാങ് കോംങ്മു പറഞ്ഞു.

ചൈനീസ് സര്‍ക്കാര്‍ മോസോവിനെ 55 ന്യൂനപക്ഷ സമൂഹങ്ങളില്‍ ഒന്നായി അംഗീകരിച്ചു. ഉദാഹരണത്തിന് സാക്സിയുടെ തിരിച്ചറിയല്‍ രേഖയില്‍ അദ്ദേഹത്തിനെ മംഗോളിയന്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മോസോ സമൂഹം പ്രകൃതിയെ ആണ് ആരാധിക്കുന്നത്. ഇപ്പോള്‍ ഇവരുടെ മതം ടിബറ്റന്‍ ബുദ്ധിസവുമായി മിശ്രിതമാണ്. ചില കുടുംബത്തിലെ പുരുഷന്മാരെ അവര്‍ ബുദ്ധസന്ന്യാസിയാകാന്‍ പറഞ്ഞു വിടുന്നുമുണ്ട്.

2015-ല്‍ പുതിയ റോഡും വിമാനത്താവളവും വന്നതോടെ ലുഗു ലേക്കിലേക്ക് സഞ്ചാരികള്‍ എത്തിത്തുടങ്ങി. പുറത്തു നിന്നുള്ള ആളുകളുടെ സ്വാധീനം കൊണ്ട് മോസോ സംസ്‌കാരം ഇപ്പോള്‍ പഴമയും പുതുമയും ഇടകലര്‍ന്നാണ് നില്‍ക്കുന്നത്. പുറത്തുള്ള ആളുകളുമായുള്ള സമ്പര്‍ക്കം മൂലം മോസോ സമൂഹത്തിന്റെ വിവാഹരീതികളിലും മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. ചൈനയിലെ റൊമാന്റിക് സിനിമകള്‍ മോസോയിലെ പുതിയ തലമുറയിലെ ആളുകളെ സ്വാധീനിച്ചിട്ടുണ്ട്. അവര്‍ ചൈനയിലെ വിവാഹ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

സാക്സി സ്വന്തം സമൂഹത്തിന് പുറത്ത് നിന്നാണ് വിവാഹം ചെയ്തിരിക്കുന്നത്. അദ്ദേഹം ഇപ്പോള്‍ ഭാര്യയും കുട്ടിയുമായി സുഖമായി ജീവിക്കുന്നു. എന്നാല്‍ അദ്ദേഹം സഹോദരിയുടെ കുട്ടികളുടെ ചുമതലയും നിര്‍വ്വഹിക്കുന്നുണ്ട്.