X
    Categories: യാത്ര

താജ് മഹലിന് ചുറ്റും അധികം സമയം ചുറ്റാമെന്ന് വിചാരിക്കണ്ട, കാശ് പോകും

താജ്മഹല്‍ കാണുന്നതിനും ആസ്വദിക്കുന്നതിനും സമയപരിധി നിശ്ചയിച്ചത് സന്ദര്‍ശകരെ അസ്വസ്ഥമാക്കിയിട്ടുണ്ട്.

ലോകാത്ഭുതങ്ങളിലൊന്നായ ഇന്ത്യയുടെ പ്രണയ സ്മാരകത്തിന്‍റെ വിസ്മയ കാഴ്ച കണ്ട് നിങ്ങള്‍ എത്രനേരം നില്‍ക്കും? എത്രവേണമെങ്കിലും എന്നതായിരിക്കും ഉത്തരം. എന്നാല്‍ ഇനിമുതല്‍ താജ് മഹല്‍ പരിസരത്ത് മൂന്നുമണിക്കൂറില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ പറ്റില്ല. അനുവദിച്ചതിലും കൂടുതല്‍ സമയം അവിടെ ചിലവഴിച്ചാല്‍ കൂടുതല്‍ തുക പിഴയടയ്‌ക്കേണ്ടി വരും.

താജ്മഹല്‍ സന്ദര്‍ശനത്തിനുള്ള പ്രവേശന ടിക്കറ്റിന് ഇനി മൂന്നു മണിക്കൂര്‍ മാത്രമേ സാധുതയുണ്ടായിരിക്കൂ. ടിക്കറ്റിലെ സമയം വ്യക്തമായി കാണിച്ചില്ലെങ്കില്‍ പ്രവേശനം നിരസിക്കപെടും. ദിവസേനയെത്തുന്ന സന്ദര്‍ശകരുടെ എണ്ണം 50,000 കടന്നതാണ് നിയന്ത്രണമേര്‍പ്പെടുത്താനുള്ള പ്രധാന കാരണം. നേരത്തെ രാവിലെയെത്തുന്ന സന്ദര്‍ശകരെ വൈകുന്നേരംവരെ താജ്മഹല്‍ പരിസരത്ത് തങ്ങാന്‍ അനുവദിച്ചിരുന്നു.
‘അനുവദിച്ചതില്‍ കൂടുതല്‍ സമയം ചെലവിഴിച്ചാല്‍ എക്സിറ്റ് ഗേറ്റിൽ വെച്ച് ടിക്കറ്റിന് തുല്യമായ അധിക തുക ഈടാക്കുമെന്ന്’ താജ് മഹലിന്‍റെ മേല്‍നോട്ട ചുമതലയുള്ള പുരാവസ്തുഗവേഷകനായ വസന്ത് സ്വരാക്കർ പറഞ്ഞു. പ്രവേശനത്തിനും സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ടിക്കറ്റില്‍ രേഖപ്പെടുത്തിയ സമയത്തിനുള്ളില്‍ സമുച്ചയത്തിനകത്ത് പ്രവേശിച്ചില്ലെങ്കില്‍ ടിക്കറ്റ് അസാധുവാകുകയും പുതിയ ടിക്കറ്റ് എടുക്കേണ്ടിവരികയും ചെയ്യും. വിദേശ ടൂറിസ്റ്റുകൾക്ക് 1100 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. ശവകുടീരം സന്ദര്‍ശിക്കണമെങ്കില്‍ 200 രൂപകൂടി അധികം നല്‍കണം. തദ്ദേശീയര്‍ 50 രൂപ നല്‍കിയാല്‍ മതി.

താജ്മഹല്‍ കാണുന്നതിനും ആസ്വദിക്കുന്നതിനും സമയപരിധി നിശ്ചയിച്ചത് സന്ദര്‍ശകരെ അസ്വസ്ഥമാക്കിയിട്ടുണ്ട്. എങ്കിലും ഇന്ത്യയിലെ ഏറ്റവും മികച്ച മുഗൾ കോട്ടകളിലൊന്നായ ആഗ്ര ഫോര്‍ട്ടും, നയനമനോഹര പൂന്തോട്ടമായ മെഹ്താബ് ബഗുമൊക്കെ സന്ദര്‍ശിക്കാനുള്ള അവസരം കൂടിയാണിത്. മെഹ്താബ് ബഗില്‍ ഇരുന്ന് യമുനക്കപ്പുറമുള്ള താജ്മഹല്‍ എത്രവേണമെങ്കിലും ആസ്വദിക്കാം.

This post was last modified on June 18, 2019 10:32 pm