X

ഏഴ് വര്‍ഷത്തിനിടെ ഇന്ത്യയിലെ മദ്യപാനം 38 ശതമാനം വര്‍ധിച്ചതായി പഠനം

2030ഓടെ പ്രായപൂര്‍ത്തിയായവരില്‍ അമ്പത് ശതമാനം പേരും മദ്യപിക്കുന്നവരായിരിക്കുമെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ത്യയിലെ വാര്‍ഷിക മദ്യപാനത്തിന് 38 ശതമാനം വര്‍ധനവുണ്ടായതായി ലാന്‍സെറ്റ് ജേണല്‍ നടത്തിയ പഠന റിപ്പോര്‍ട്ട്. 1990ന് ശേഷം ലോകത്തിലെ മദ്യപാനത്തില്‍ 70 ശതമാനം വര്‍ധനവുണ്ടായതായും ഇതേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

1990 മുതല്‍ 2017 വരെയുള്ള കാലയളവിനിടയില്‍ 189 രാജ്യങ്ങളിലായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. അപകടകരമായ മദ്യപാനത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതില്‍ ലോകം പരാജയപ്പെട്ടുവെന്നാണ് ഈ പഠനത്തില്‍ പറയുന്നത്. 2010നും 2017നും ഇടയിലുള്ള കാലത്തില്‍ ഒരു മുതിര്‍ന്ന പൗരന്‍ കുടിക്കുന്ന മദ്യത്തിന്റെ കണക്ക് 4.3 ലിറ്ററില്‍ നിന്നും 5.9 ലിറ്ററായെന്നും ഈ പഠനത്തില്‍ പറയുന്നു. ഇതേ കാലയളവില്‍ അമേരിക്കയിലെ മദ്യപാനം 9.3 ലിറ്ററില്‍ നിന്നും 9.8 ലിറ്ററായി. ചൈനയിലെ കണക്ക് 7.1 ലിറ്ററില്‍ നിന്നും 7.4 ലിറ്ററിലേക്കാണ് വര്‍ദ്ധിച്ചത്.

1990ല്‍ ലോകത്തെ മദ്യ ഉപഭോഗം 20,999 ദശലക്ഷം ലിറ്റര്‍ ആയിരുന്നു. എന്നാല്‍ 2017ല്‍ 35,676 ദശലക്ഷം ലിറ്റര്‍ ആയി. 2030ഓടെ പ്രായപൂര്‍ത്തിയായവരില്‍ അമ്പത് ശതമാനം പേരും മദ്യപിക്കുന്നവരായിരിക്കുമെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. 23 ശതമാനം പേരും മാസത്തില്‍ ഒരിക്കലെങ്കിലും മദ്യപിക്കുന്നവരായിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മദ്യം ഇരുന്നൂറോളം രോഗങ്ങള്‍ക്ക് കാരണമാണെന്നും ഇതേ റിപ്പോര്‍ട്ടില്‍ പറയുന്നു.