ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ കേരള സന്ദര്‍ശനം ഇന്ന് കണ്ണൂരില്‍ ആരംഭിക്കുകയാണ്. രാവിലെ 10.15ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി വന്നിറങ്ങുമെന്നാണ് കരുതിയതെങ്കിലും 11.50ഓടെയാണ് അമിത് ഷാ കണ്ണൂരിലെത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി ഡിസംബറില്‍ നടക്കാനിരിക്കെയാണ് അമിത് ഷാ ഇന്ന് ഇവിടെ ആദ്യ യാത്രക്കാരനായി വന്നിറങ്ങിയിരിക്കുന്നത്.
ഇസഡ് കാറ്റഗറി സുരക്ഷയുള്ള ഷായെ കൊണ്ടുവരുന്ന വിമാനത്തിന് പ്രത്യേക പരിഗണനയൊന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ലിമിറ്റഡ് നല്കുന്നില്ലെങ്കിലും ബിജെപി നേതാക്കള്‍ അമിത് ഷായുടെ ഈ വരവിനെ ആഘോഷമാക്കിയിരിക്കുകയാണ്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഡിസംബര്‍ ഒമ്പതിനാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ ദിവസം പ്രധാനമന്ത്രിക്ക് അസൗകര്യമുണ്ടെന്ന് വ്യക്തമാക്കിയതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസൗകര്യം കണക്കിലെടുക്കാതെ ഡിസംബര്‍ ഒമ്പതിന് തന്നെ ഉദ്ഘാടനം നടത്തുന്നത് പിണറായി വിജയന്റെയും സിപിഎമ്മിന്റെയും ഗൂഢാലോചനയാണെന്നാണ് ബജെപി ആരോപിക്കുന്നത്.
അതിനാല്‍ തന്നെ വിമാനത്താവളത്തിന്റെ ഉദ്ഘാടനം പോലെ വന്‍സ്വീകരണമാണ് അമിത് ഷായ്ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ മോട്ടോര്‍സൈക്കിള്‍ റാലിയുടെ അകമ്പടിയോടെയാണ് അമിത് ഷാ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനായി എത്തിച്ചേര്‍ന്നത്.
ദേശീയ വ്യോമയാന വകുപ്പിന്റെ പ്രത്യേക അനുമതിയോടെയാണ് ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് അമിത് ഷാ ഇവിടെ വിമാനമിറങ്ങുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രൂപപ്പെട്ട പ്രത്യേക സാഹചര്യത്തില്‍ നാവിക സേന വിമാനങ്ങള്‍ ഇവിടെ ഓപ്പറേഷന് നടത്തുന്നുണ്ട്. ഫലത്തില്‍ ബിജെപി ജില്ലാ ആസ്ഥാനത്തിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ അമിത് ഷാ അന്താരാഷ്ട്ര വിമാനത്താവളം കൂടി ഉദ്ഘാടനം ചെയ്യുകയാണ്. അതേസമയം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഒരിക്കല്‍ നടത്തിയിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പരീക്ഷണ പറക്കലാണ് ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തത്.
This post was last modified on October 27, 2018 12:19 pm